മസ്കത്ത് വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ്
text_fieldsമസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം ഒരു റിയാലിന് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി ഒമാൻ എയർപോർട്സ് അധികൃതർ. P5 പാർക്കിങ് ഏരിയയിൽ ദീർഘകാലയളവിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.ഖരീഫ് ടൂറിസ്റ്റ് സൗകര്യം കൂടി കണക്കിലെടുത്ത് സെപ്റ്റംബർ 30വരെയാണ് ഈ ആനുകൂല്യം ലഭിക്കുക. ലോജിസ്റ്റിക്സ് ദിന ആഘോഷത്തിന്റെ ഭാഗമായി ഒമാൻ എയർപോർട്സ് പ്രഖ്യാപിച്ച നിരവധി സംരംഭങ്ങളിലാണ് യാത്രകാർക്ക് ഗുണകരമാകുന്ന പാർക്കിങ് പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.
ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോജിസ്റ്റിക്സ് ദിനാഘോഷത്തിൽ മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ ബിൻ ഹമദ് അൽ ബുസൈദി പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി, ഒമാൻ എയർപോർട്ട്സും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും സുൽത്താനേറ്റിലെ ലോജിസ്റ്റിക്സ് മേഖലയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതായി അറിയിച്ചു. പാർക്കിങ് ഓഫറിനുപുറമേ, പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ഷോപ്പിങ് അനുഭവം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ഒമാൻ എയർപോർട്ട്സ് അവതരിപ്പിച്ചു.
ഈത്തപ്പഴം, പരമ്പരാഗത ഒമാനി മധുരപലഹാരങ്ങൾ തുടങ്ങിയ പ്രാദേശിക വിഭവങ്ങൾ ഉൾക്കൊള്ളുന്ന ‘സൂഖ് ഒമാൻ’ സ്റ്റോർ ഇതിലൊന്നാണ്. വിവിധ ഓഫറുകളും കിഴിവുകളും ഇവിടെനിന്ന് ലഭിക്കും. ഡ്യൂട്ടി ഫ്രീ മാർക്കറ്റിൽ ഒരു പുതിയ ’ഷോപ്പ് ആൻഡ് കലക്റ്റ്’ സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് അവരുടെ ഫ്ലൈറ്റിന് മുമ്പോ എത്തിച്ചേരുമ്പോഴോ സൗകര്യപ്രദമായി ഓൺലൈനിൽ ഷോപ്പുചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

