കുട്ടികളെ സ്കൂളിൽ ചേർക്കാത്ത രക്ഷിതാക്കൾക്ക് പിഴയും തടവും
text_fieldsമസ്കത്ത്: പുതിയ സ്കൂൾ വിദ്യാഭ്യാസ നിയമ പ്രകാരം കുട്ടികളെ സ്കൂളിൽ ചേർക്കാത്ത രക്ഷിതാക്കൾക്ക് ഒമാനിൽ തടവും പിഴയും ലഭിക്കും. ഇത്തരക്കാർക്ക് 1000 റിയാൽ വരെ പിഴയും മൂന്നു മാസം വരെ തടവുമാണ് ശിക്ഷ. ഇതു സംബന്ധമായി കഴിഞ്ഞ ആഴ്ച രാജകീയ ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. ആറ് വയസ്സുള്ള എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം നൽകൽ നിർബന്ധമാണ്. അച്ചടക്ക ലംഘനം നടത്തുന്ന കുട്ടികൾക്ക് ശരീരിക ശിക്ഷകൾ നൽകുന്നത് നിയമം മൂലം കണിശമായി നിരോധിച്ചിട്ടുണ്ട്.
സ്കൂളുകളിലെ സാധാരണ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് മാന്ത്രാലയത്തിന്റെ അനുവാദത്തോടെ വീടുകളിൽ പഠിക്കാനോ വിദൂര വിദ്യാഭ്യാസത്തിലൂടെ പഠനം തുടരുകയോ ചെയ്യാവുന്നതാണ്. സ്കൂളുകളിൽ പൊതു നിയമങ്ങൾ തടസ്സപ്പെടുത്തുകയോ വിദ്യാഭ്യാസ പരിപാടികളെ ഭംഗം വരുത്തുകയോ ചെയ്യുന്നവർക്ക് ഒരു മാസം വരെ തടവും 100 മുതൽ 500 റിയാൽ വരെ പിഴയും ലഭിക്കും. രജിസ്ട്രേഷന്റെ അവസാന തീയതിക്ക് ശേഷം 14 ദിവസത്തിനുള്ളിൽ കുട്ടികളെ രജിസ്റ്റർ ചെയ്യാതിരിക്കുകയും മതിയായ കാരണം കാണിക്കുകയും ചെയ്യാത്ത രക്ഷിതാക്കൾക്ക് ഒരു മാസം മുതൽ മൂന്നു മാസം വരെ തടവു ശിക്ഷയും 500 മുതൽ 1000 റിയാൽവരെ പിഴയും ലഭിക്കും.
സ്കൂൾ പരിസരത്ത് വല്ല കുറ്റകൃത്യവും കണ്ടെത്തിയാൽ ജീവനക്കാർ പ്രിൻസിപ്പലിനെയോ ബന്ധപ്പെട്ടവരെയോ അറിയിച്ചിരിക്കണം. സംഭവം 24 മണിക്കൂറിനുള്ളിൽ അടുത്ത പൊലീസ് സ്റ്റേഷനിൽ എഴുതി നൽകണം. ഈ നിയമം ലംഘിക്കുന്നവർക്ക് ഒരു ദിവസം മുതൽ പത്തു ദിവസം വരെ തടവോ 200 മുതൽ 1000 റിയാൽ വരെ പിഴയോ ലഭിക്കും.
പുതിയ വിദ്യാഭ്യാസ കുട്ടികളുടെ കൃത്യമായ രജിസ്ട്രേഷനും ഹാജറും ഉറപ്പുവരുത്താനും സ്കൂളിൽ അച്ചടക്കം നിലനിർത്താനും പാഠ്യ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. പിഴകളും ശിക്ഷകളും വിദ്യാഭ്യാസ നിയമങ്ങൾ പാലിക്കാൻ പ്രോത്സാഹനമാവുകയും രാജ്യത്തിന്റെ വിദ്യാഭ്യാസരംഗം ശക്തിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.