ഇന്ത്യൻ സ്കൂൾ സൂറിലെ ഫീസ് വർധന; ഭീമ ഹരജിയുമായി രക്ഷിതാക്കൾ
text_fieldsഇന്ത്യൻ സ്കൂൾ സൂർ
സൂർ: ഇന്ത്യൻ സ്കൂൾ സൂറിലെ ഫീസ് വർധനക്കെതിരെ ഭീമ ഹരജിയുമായി രക്ഷിതാക്കൾ. കഴിഞ്ഞ രണ്ടു വർഷങ്ങളായി തുടർന്നുവരുന്ന ഫീസ് വർധന ഈ വർഷവും തുടരുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇത്തവണ രണ്ട് റിയാൽ ആണ് കൂട്ടിയിരിക്കുന്നത്. രക്ഷിതാക്കളുമായി ഒരു തരത്തിലുള്ള കൂടിയാലോചനയും കൂടാതെയാണ് ഈ ഫീസ് വർധന. ഉയർന്ന ഫീസ് അടക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ നിരവധി കുട്ടികൾ പുതിയ അധ്യയന വർഷത്തിൽ ചേരാൻ സാധിക്കാതെ പുറത്ത് നിൽക്കുന്ന അവസ്ഥയാണുള്ളത്.
രക്ഷിതാക്കളോട് ആലോചിക്കാതെ നടപ്പിലാക്കിയ പുതിയ സ്കൂൾ സമയക്രമം മൂലം നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്ന് സമയം മാറ്റിയ സർക്കുലർ പിൻവലിച്ചിരുന്നു. സ്കൂൾ മാനേജ്മെന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങൾക്കെതിരെ രക്ഷിതാക്കളുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധമാണുയരുന്നത്. സ്കൂളിൽ വിവിധ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ഫീസ് വർധിപ്പിക്കുന്നത് എന്നാണ് മാനേജ്മെന്റ് പറയുന്നത്.പാഠപുസ്തകങ്ങളുടെ വിലവർധനയും രക്ഷിതാക്കളെ വലക്കുന്നു. തുടരെ പുസ്തകങ്ങളുടെ ബ്രാൻഡ് മാറ്റുന്നതുമൂലം പഴയ പുസ്തകങ്ങൾ സൗജന്യമായി വാങ്ങി ഉപയോഗിക്കാനും പറ്റാത്ത സ്ഥിതിയാണുള്ളത്.
നിലവിൽ തൊഴിൽപരമായും സാമ്പത്തികമായും വലിയ പ്രയാസം നേരിടുന്ന സാധാരണ തൊഴിലാളികൾ ധാരാളമുള്ള സൂർ പോലെയുള്ള മേഖലയിൽ ഇന്ത്യൻ സ്കൂളിൽ നടപ്പിലാക്കുന്ന ഫീസ് വർധനയും മാനേജ്മെന്റിന്റെ ജനവിരുദ്ധ നയങ്ങളും രക്ഷിതാക്കൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഫീസ് വർധന പിൻവലിക്കണം എന്നാവശ്യപ്പെട്ടും സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചും ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് പ്രസിഡന്റിനുള്ള ഹരജി രക്ഷിതാക്കളുടെ പ്രതിനിധികൾ സ്കൂൾ പ്രിൻസിപ്പലിന് സമർപ്പിച്ചു.
പാരന്റ്സ് മീറ്റിങ് എന്ന പേരിൽ രക്ഷിതാക്കളെ നേരിടാനുള്ള വൈമുഖ്യം കാരണം രക്ഷിതാക്കളെ ഒറ്റക്ക് വിളിച്ചു മീറ്റിങ് നടത്തുന്ന രീതിയാണ് കുറച്ചു സമയമായി ചെയ്യുന്നത്. പാരന്റ്സ് മീറ്റിങ് ഒരു പ്രഹസനമാക്കി മാറ്റുകയാണ് ഇതുവഴി ചെയ്യുന്നത്. ഇതിനെതിരെ പ്രതിഷേധം നിലനിൽക്കുന്നതിനിടയിലാണ് ഫീസ് വർധനയും സമയമാറ്റവും ഉണ്ടായത്.
ബോർഡ് ഓഫ് ഡയറക്ടെഴ്സിന്റെയും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെയും ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള പ്രതികരണവും ഇല്ലാത്ത സാഹചര്യത്തിലാണ് ഹരജിയുമായി മുന്നോട്ട് വന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.