സ്നേഹത്തണലിൽ ഫലസ്തീനികൾ
text_fieldsഒമാനിൽ ചികിത്സക്കായെത്തിയ ഫലസ്തീനികളെ അധികൃതർ സ്വീകരിക്കുന്നു
മസ്കത്ത്: ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ഫലസ്തീനികളെ ചികിത്സിക്കാനായെത്തിച്ച ഒമാൻ നടപടിയെ അഭിനന്ദിച്ച് സുൽത്താനേറ്റിലെ ഫലസ്തീൻ അംബാസഡർ ഡോ. തെയ്സർ ഫറഹത്ത്. ഫലസ്തീൻ ജനതയെ അവരുടെ നിയമാനുസൃത അവകാശങ്ങൾ വീണ്ടെടുക്കാൻ പിന്തുണക്കുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാൻ നടത്തുന്ന ഉറച്ച നിലപാടുകളുടെ പ്രതിഫലനമാണിത്. തുടക്കം മുതൽ യുദ്ധത്തെ നിരാകരിച്ചും യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന നിലപാടായിരുന്നു ഒമാൻ നേതൃത്വവും ആളുകളും സ്വീകരിച്ചിരുന്നത്. ആക്രമണം അവസാനിപ്പിക്കാൻ ഒമാനി നയതന്ത്രം വിവിധ അറബ്, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സജീവ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഗസ്സ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ഒമാന്റെ പങ്ക് ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗസ്സ മുനമ്പിലെ ഇസ്രായേൽ നരനായാട്ടിൽ പരിക്കേറ്റ ഫലസ്തീനികൾ കഴിഞ്ഞ ദിവസം രാത്രിയാണ് ചികിത്സക്കായി ഒമാനിലെത്തിയത്. കുട്ടികളും സ്ത്രീകളുമടക്കമുള്ള സംഘത്തെ കരുതലിന്റെ ഇരുകരങ്ങളും നീട്ടിയാണ് സ്വീകരിച്ചത്. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരിക്കേറ്റ ഫലസ്തീനികളെ എത്തിക്കാൻ സൗകര്യമൊരുക്കിയ ഈജിപ്തിലെ അധികാരികൾക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പ് ഗസ്സയിലെ കുട്ടികൾക്ക് കൈത്താങ്ങുമായി ഒമാൻ എത്തിയിരുന്നു. ഫലസ്തീനിലെ കുട്ടികളെ സഹായിക്കാൻ സുൽത്താനേറ്റ് യുനിസെഫ് പത്ത് ലക്ഷം യു.എസ് ഡോളറാണ് സംഭാവന നൽകിയത്. കുട്ടികളോടുള്ള പ്രതിബദ്ധതക്ക് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിന് ആത്മാർഥമായ നന്ദി അറിയിക്കുകയാണെന്ന് ഒമാനിലെ യുനിസെഫ് പ്രതിനിധി സുമൈറ ചൗധരി വ്യക്തമാക്കുകയും ചെയ്തു. തുടർച്ചയായ ഇസ്രായേൽ ബോംബോക്രമണത്തിൽ ഫലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യനിലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയടക്കം പറഞ്ഞിട്ടുള്ളത്. പല ആശുപത്രികളും തകർന്നതിനാൽ ശരിയായ പരിചരണംപോലും കുട്ടികൾക്ക് നൽകാൻ സാധിക്കുന്നില്ല.
അതേസമയം, ഫലസ്തീനിലേക്ക് വിവിധ ഘട്ടങ്ങളിലായി അവശ്യവസ്തുക്കളും ഒമാൻ എത്തിച്ചിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷനാണ് അവശ്യവസ്തുക്കളും ഭക്ഷണവും മെഡിക്കൽ സാമഗ്രികളും റഫ അതിർത്തി വഴി കൈമാറിയത്. ഫലസ്തീനിലെ ജനങ്ങളെ സഹായിക്കാൻ ഒമാൻ ചാരിറ്റബിൾ ഓർഗനൈസേഷൻ (ഒ.സി.ഒ) നേരത്തെതന്നെ സംവിധാനം ഒരുക്കിയിരുന്നു. ഇതിനകം നിരവധി ആളുകളും സ്ഥാപനങ്ങളുമാണ് ഒ.സി.ഒ വഴി ധനസഹായം കൈമാറിയത്. സംഭാവനകൾ സ്വീകരിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് ഒ.സി.ഒ സജ്ജീകരിച്ചിരിക്കുന്നത്. ഒനീക്ക് (ഒ.എൻ. ഇ.ഐ.സി) ഓട്ടോമേറ്റഡ് പേമെന്റ് മെഷീനുകൾ വഴിയോ ബാങ്ക് അക്കൗണ്ടിലൂടെയോ (ബാങ്ക് മസ്കത്ത്: 0423010869610013, ഒമാൻ അറബ് ബാങ്ക് അക്കൗണ്ട്: 3101006200500) സംഭാവന കൈമാറാവുന്നതാണ്. പൊതുജനങ്ങൾക്ക് ഫോണിൽനിന്ന് ടെക്സ്റ്റ് മെസേജ് അയച്ചും സംഭാവനയിൽ പങ്കാളിയാകാം. ഒമാൻടെൽ ഉപയോക്താക്കൾക്ക് 90022 എന്ന നമ്പറിലേക്ക് “donate” എന്ന് ടൈപ്പ് ചെയ്തും ഉരീദോയിൽനിന്ന് ‘Palestine’ എന്ന് ടൈപ്പ് ചെയ്ത് 90909 എന്ന നമ്പറിലേക്കും സന്ദേശങ്ങൾ അയക്കാം. റെന്ന വരിക്കാർക്ക് 181092# എന്ന കോഡും ഉപയോഗിക്കാം. www.jood.om, www.oco.org.om എന്നീ വെബ്സൈറ്റ് വഴിയും സംഭാവന ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

