ഫലസ്തീൻ: ന്യായമായ പരിഹാരമാണ് ആവശ്യം -സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്
text_fieldsസയ്യിദ് അസദ് ബിൻ
താരിഖ് അൽ സഈദ്
മസ്കത്ത്: ഫലസ്തീൻ പ്രശ്നത്തിന് ന്യായമായ പരിഹാരം കാണണമെന്ന് ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് കോഓപറേഷൻ അഫേഴ്സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദ്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധിയായി ശനിയാഴ്ച നടന്ന വോയ്സ് ഓഫ് ഗ്ലോബൽ സൗത്തിന്റെ മൂന്നാമത് വിർച്വൽ ലീഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ലോക രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ മൂല്യത്തെയും അതിന്റെ ആവശ്യകതയെയും സയ്യിദ് അസദ് ചൂണ്ടിക്കാട്ടി. സമീപകാലങ്ങളിലുണ്ടായ സാമ്പത്തിക അട്ടിമറികളും സായുധ സംഘട്ടനങ്ങളും പ്രാദേശിക തലത്തിൽ സമ്മർദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇതിനുള്ള ശാശ്വത പരിഹാരത്തിന് സഹകരണവും ന്യായപരമായ ചർച്ചകളും മുന്നോട്ടു വെക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫലസ്തീനു വേണ്ടി ന്യായപരമായ പരിഹാരം കാണാനും അതിനായി പരിശ്രമിക്കാനും ഗ്ലോബൽ സൗത്ത് കമ്യൂണിറ്റിയോടും ലോകരാഷ്ട്രങ്ങളോടും സയ്യിദ് അസദ് നിർദേശിച്ചു.
1967 മുതൽ ഇസ്രായേലിന്റെ അനധികൃത അധിനിവേശം മൂലം ദുരിതമനുഭവിക്കുന്നവരാണ് ഫലസ്തീനികൾ. സമാധാനവും സുസ്ഥിരതയും കൈവരിക്കുന്നതായി അവർക്ക് സ്വയം നിർണയാവകാശം അനുവദിക്കണമെന്നും സ്വതന്ത്രരാഷ്ട്രമെന്ന അവരുടെ ആവശ്യത്തെ നടപ്പാക്കണമെന്നും അദ്ദേഹം ഉച്ചകോടിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

