പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മ ഓണാഘോഷവും വാർഷികാഘോഷവും 28ന്
text_fieldsമസ്കത്ത്: പാലക്കാട് ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന ഓണാഘോഷവും പതിമൂന്നാം വാർഷികാഘോഷവും ആഗസ്റ്റ് 28 ന് അൽ ഫലാജ് ഹോട്ടലിൽ നടക്കുമെന്ന് പ്രസിഡന്റ് പി. ശ്രീകുമാർ അറിയിച്ചു. ഉച്ചക്ക് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഒരുക്കുന്ന ഓണസദ്യയിൽ ഏകദേശം 2000 പേർ പങ്കെടുക്കും.
മാവേലിയുടെ വരവേൽപ്പ്, അംഗങ്ങളുടെ തിരുവാതിരക്കളി, ഗാനമേള എന്നിവയും അരങ്ങേറും. വൈകീട്ട് ഏഴിന് ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ആരംഭിക്കുന്ന പൊതു പരിപാടി ഒമാനിലെ ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഓഫീസർ തവിഷി ബെഹാൽ പാണ്ഡെ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ഈ വർഷത്തെ പാലക്കാട് ഫ്രണ്ട്സ് സാംസ്കാരിക പുരസ്കാരം യുവ സംഗീത സംവിധായകനും പിന്നണിഗായകനുമായ പാലക്കാട് സ്വദേശി രഞ്ജിൻ രാജിന് പ്രസിഡന്റ് പി. ശ്രീകുമാർ സമ്മാനിക്കും.കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. പാലക്കാടിന്റെ സമ്പന്നമായ കാർഷിക, സാംസ്കാരിക, ചരിത്ര പൈതൃകം വിളിച്ചോതുന്ന വിവിധ കലാപരിപാടികളും കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കും. പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക സിതാര കൃഷ്ണകുമാറിന്റെയും അരവിന്ദ് നായരുടെയും നേതൃത്വത്തിൽ ‘പ്രൊജക്റ്റ് മലബാറിക്കസ്’ സംഗീതനിശ അരങ്ങേറും.
പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെങ്കിലും പാസ് മുഖേനയാണ് പ്രവേശനം നിയന്ത്രിക്കും. പങ്കെടുക്കുന്നവർ നേരത്തെ പ്രവേശന പാസ് കരസ്ഥമാക്കണമെന്ന് ഭാരവാഹികളായ ഹരിഗോവിന്ദ്, ജഗദീഷ്, ജിതേഷ് എന്നിവർ അറിയിച്ചു.
ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കോഓഡിനേറ്റർ വൈശാഖിന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ചാരുലത ബാലചന്ദ്രൻ, രാജി നന്ദകുമാർ, നീതു പ്രതാപ്, ഗോപകുമാർ, ശ്രീനിവാസൻ, മനോജ്, പ്രവീൺ എന്നിവരോടൊപ്പം 151 അംഗങ്ങൾ ഉൾപ്പെടുന്ന വിപുലമായ പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

