ബുറൈമിയിലെ മൂങ്ങകൾ; ഫീൽഡ് സർവേയുമായി പരിസ്ഥിതി അതോറിറ്റി
text_fields1. സർവേയുടെ ഭാഗമായി കണ്ടെത്തിയ മൂങ്ങകൾ
ബുറൈമി: ബുറൈമി ഗവർണറേറ്റിലെ മൂങ്ങകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റി സമഗ്രമായ ഫീൽഡ് സർവേ ആരംഭിച്ചു. വാർഷികപദ്ധതിയുടെ ഭാഗമായാണ് സർവേ. മൂങ്ങകളുടെ എണ്ണവും പെരുമാറ്റരീതികളും രേഖപ്പെടുത്തുക, ഈ ജീവിവർഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ ഉൾപ്പെടെ നിരീക്ഷിക്കുക, അവയുടെ പാരിസ്ഥിതിക പ്രാധാന്യത്തെയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വഹിക്കുന്ന പങ്കിനെയുംകുറിച്ചുള്ള ശാസ്ത്രീയ ധാരണ വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. മൂങ്ങകളുടെ ആവാസ വ്യവസ്ഥകളെ തിരിച്ചറിയുന്നതിലും വിവിധ നിരീക്ഷണ, ഡോക്യുമെന്റേഷൻ ഘട്ടങ്ങളിലൂടെ അവയുടെ സാന്നിധ്യം ട്രാക്ക് ചെയ്യുന്നതിലും സർവേ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ബുറൈമിയിലെ പരിസ്ഥിതിവകുപ്പ് ഡയറക്ടർ എൻജിനീയർ സാലേം ബിൻ സഈദ് അൽ മസ്കരി പറഞ്ഞു.
പരിസ്ഥിതി അതോറിറ്റി സർവേ നടത്തുന്നു
ഇരകളുടെ എണ്ണം നിയന്ത്രിക്കുന്നതിലൂടെ ആവാസവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്തുന്നതിൽ മൂങ്ങകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് വകുപ്പിലെ ജൈവവൈവിധ്യ വിദഗ്ധനായ മുഹമ്മദ് ബിൻ സലേം അൽ ബലൂഷി അഭിപ്രായപ്പെട്ടു. ഫറവോ കഴുകൻ മൂങ്ങ, ബാൺ ഔൾ, ബാർഡ് ഔൾ, ലിറ്റിൽ ഔൾ എന്നീ നാല് സ്ഥിരം സ്പീഷീസുകൾ ഉൾപ്പെടെ ബുറൈമിയിൽ ഇതുവരെ ആറ് മൂങ്ങ ഇനങ്ങളെ സർവേയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോർട്ട്-ഇയർഡ് ഔൾ, യൂറോപ്യൻ ഔൾ എന്നിങ്ങനെ രണ്ട് ദേശാടന ഇനങ്ങളെയും നിരീക്ഷിക്കുകയുണ്ടായി. പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ, പർവതപ്രദേശങ്ങൾ, മരുഭൂമി പ്രദേശങ്ങൾ, താഴ്വരകൾ, മണൽക്കൂനകൾ എന്നിവയുൾപ്പെടെ ഗവർണറേറ്റിലുടനീളമുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതികളിൽ സർവേ നടത്തും. പദ്ധതിയുടെ ഘട്ടങ്ങളിലുടനീളം ഡേറ്റ ശേഖരിക്കുന്നതിനും പുരോഗതി ട്രാക്ക് ചെയ്യുന്നതിനും ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ഒമാന്റെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത പരിസ്ഥിതി അതോറിറ്റി വീണ്ടും ആവർത്തിച്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

