കാലാവധി കഴിഞ്ഞ കപ്പൽ കടലിൽ താഴ്ത്തി
text_fieldsഒമാൻ റോയൽ നേവിയുടെ കാലാവധി കഴിഞ്ഞ കപ്പൽ മുസന്ദം ഗവർണറേറ്റിലെ കടലിൽ താഴ്ത്തിയപ്പോൾ
മസ്കത്ത്: ഒമാൻ റോയൽ നേവിയുടെ കാലാവധി കഴിഞ്ഞ കപ്പൽ മുസന്ദം ഗവർണറേറ്റിലെ കടലിൽ താഴ്ത്തി. കപ്പലിന്റെ പുറന്തോട് പവിഴപ്പുറ്റുകൾക്കും മറ്റ് കടൽ ജീവികൾക്കും വളരാനും സഹായകമാവും. നശിച്ചുപോവുന്ന കപ്പലുകൾ പരിസ്ഥിതി സംരക്ഷണത്തിനും പവിഴപ്പുറ്റുകൾ വളരാനും കടൽ ജീവികളുടെ പുനരുൽപാദന പ്രക്രിയക്കും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കപ്പൽ കടലിൽ താഴ്ത്തിയിരിക്കുന്നത്. മുക്കിയ കപ്പലിൽ വളരുന്ന ജീവികൾ കടൽ ജീവശാസ്ത്രകാർക്കും ശാസ്ത്രീയ ഗവേഷകർക്കും സഹായകമാകുമെന്നാണ് കരുതുന്നത്. റോയൽ നേവിയുടെ വേഗമേറിയ കപ്പലുകളിലൊന്നാണ് താഴ്ത്തിയത്. 35 വർഷം റോയൽ നേവിയിൽ സേവനമനുഷ്ഠിച്ച ഈ കപ്പൽ നിരവധി ദേശീയ ദൗത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് മുക്കൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് മുസന്ദം നേവൽ ബേസിൽനിന്ന് കെട്ടി വലിച്ച് കൊണ്ടുപോവുകയായിരുന്നു. പ്രത്യേക കടൽ ഒഴുക്കിൽനിന്ന് സംരക്ഷിതമായ മേഖലയാണ് കപ്പൽ മുക്കാൻ തിരഞ്ഞെടുത്തതെന്ന് മുസന്ദം ഗവർണർ സയ്യിദ് ഇബ്റാഹീം ബിൻ സഈദ് അൽ ബുസൈദി പറഞ്ഞു. മുസന്ദം ഗവർണറും റോയൽ ഒമാൻ നേവി കമാൻഡർ സൈഫ് നാസർ അൽ റഹ്ബിയും സുൽത്താൻ സായുധസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഒമാൻ പരിസ്ഥിതി അതോറിറ്റിയുടെ വിദഗ്ധരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

