കാലാവധി കഴിഞ്ഞ നാനൂറിലധികം ടയറുകൾ പിടിച്ചെടുത്തു
text_fieldsടയർവ്യാപാരസ്ഥലത്ത് സി.പി.എ അധികൃതർ പരിശോധന നടത്തുന്നു
സലാല: ദോഫാർ ഗവർണറേറ്റിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) നാനൂറിലധികം ഉപയോഗിച്ചതും കാലാവധി കഴിഞ്ഞതുമായ ടയറുകൾ പിടിച്ചെടുത്തു. വിപണിയിലെ അപകടകരവും നിലവാരമില്ലാത്തതുമായ ഉൽപന്നങ്ങളിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള സി.പി.എയുടെ തുടർച്ചയായ നിരീക്ഷണ കാമ്പയിനുകളുടെ ഭാഗമായാണിത്.
സി.പി.എ ഉദ്യോഗസ്ഥർ ടയർവ്യാപാര സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് പഴകിയതും കാലാവധി കഴിഞ്ഞതുമായ ടയറുകളുടെ വലിയ ശേഖരം കണ്ടെത്തിയത്. സുരക്ഷിതമല്ലാത്ത വസ്തുക്കൾ വിപണിയിൽനിന്ന് ഇല്ലാതാക്കുകയും ഉപഭോക്തൃസുരക്ഷ ഉയർത്തിപ്പിടിക്കുകയും ചെയ്യുക എന്ന തന്ത്രപരമായ ലക്ഷ്യവുമായി ഈ നടപടി യോജിക്കുന്നുണ്ടെന്ന് സി.പി.എ പറഞ്ഞു. ജീവൻ അപകടപ്പെടുത്തുകയും ഉപഭോക്തൃ ആത്മവിശ്വാസം തകർക്കുകയും ചെയ്യുന്ന അനധികൃത ഉൽപന്നങ്ങളുടെ വ്യാപനത്തെയും നിയമവിരുദ്ധ വാണിജ്യ പെരുമാറ്റത്തെയും ചെറുക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് അതോറിറ്റി പറഞ്ഞു.
ഒമാനിൽ സുരക്ഷിതവും സുസ്ഥിരവുമായ ഉപഭോക്തൃ അന്തരീക്ഷം നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു വ്യാപാരിയും കർശനമായ നിയമനടപടി നേരിടേണ്ടിവരുമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. കാലഹരണപ്പെട്ട ടയറുകൾ ഗുരുതരമായ റോഡ് സുരക്ഷാ അപകടങ്ങൾക്ക് കാരണമാകും, പ്രത്യേകിച്ച് വേനൽക്കാല മാസങ്ങളിൽ. അതിനാൽ ജാഗ്രത പാലിക്കാനും സംശയാസ്പദമായ രീതികൾ ഔദ്യോഗിക ചാനലുകളിൽ റിപ്പോർട്ട് ചെയ്യാനും സി.പി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

