മാനദണ്ഡങ്ങൾ പാലിച്ചില്ല; ഒമാനിൽ പിടിച്ചെടുത്തത് 28,129 ഉൽപന്നങ്ങൾ
text_fieldsമസ്കത്ത്: അനധികൃത ഉൽപന്നങ്ങൾക്കെതിരെ പരിശോധന ശക്തമാക്കി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിവിധ ഗവർണറേറ്റുകളിൽനിന്നായി മാനദണ്ഡങ്ങൾ പാലിക്കാത്ത 28,129 ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ പിടിച്ചെടുത്തത് (7,837) മസ്‌കത്ത് ഗവർണറേറ്റിൽനിന്നാണ്.
5,822 ഉൽപന്നങ്ങളുമായി ബുറൈമി രണ്ടും 5,584 ഉൽപന്നങ്ങളുമായി വടക്കൻ ബാത്തിന മൂന്നും സ്ഥാനത്താണുള്ളത്. 1,886 ഉം 1,842 ഉം ഉൽപന്നങ്ങളുമായി ദോഫറും ദാഖിലിയയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ വരുന്നത്. ദാഹിറ 1,497, തെക്കൻ ശർഖിയ 1,311, തെക്കൻ ബാത്തിന (റുസ്താഖ്, ബർക) 1,125 നിയമലംഘനങ്ങളും റിപ്പോർട്ട് ചെയ്തു.
അതേസമയം, അൽ വുസ്ത, ദിബ, അൽ മസ്യൂന എന്നീ ഗവർണറേറ്റുകളിൽ ഇതേ കാലയളവിൽ നിയമലംഘനങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തീയതി കഴിഞ്ഞ ഇനങ്ങൾ, അംഗീകൃത മാനദണ്ഡങ്ങളും സ്പെസിഫിക്കേഷനുകളും പാലിക്കാത്ത സാധനങ്ങൾ, വ്യാജ ഉൽപന്നങ്ങൾ അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ അടങ്ങിയവ എന്നിവയായിരുന്നു പിടച്ചെടുത്ത ഉൽപന്നങ്ങളിൽ ഉണ്ടായിരുന്നത്.
ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും വിതരണക്കാർ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനാ കാമ്പയിനുകൾ തുടരുമെന്ന് അതോറിറ്റി അറിയിച്ചു. പരിശോധന സംഘങ്ങൾ നടത്തിയ തീവ്രമായ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഇത്രയും ഉൽപന്നങ്ങൾ പിടിച്ചെടുക്കാനായതെന്നും അധികൃതർ വ്യക്തമാക്കി.
വിവിധ ഗവർണറേറ്റുകളിലായി 3,141 വാണിജ്യ നിയമലംഘനങ്ങൾ സി.പി.എ രേഖപ്പെടുത്തിയതായി സാമ്പത്തിക ഡാറ്റ ആൻഡ് ഇൻഫർമേഷൻ വകുപ്പ് പുറത്തിറക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഡിക്കേറ്റേഴ്‌സ് റിപ്പോർട്ട് പറയുന്നു.
1,363 നിയമലംഘനങ്ങളുമായി മസ്‌കത്ത് ഗവർണറേറ്റ് പട്ടികയിൽ ഒന്നാമതെത്തി, തൊട്ടുപിന്നാലെ 754 നിയമലംഘനങ്ങളുമായി വടക്കൻ ബാത്തിന, 213 നിയമലംഘനങ്ങളുമായി തെക്കൻ ബാത്തിന (ബർക), 184 നിയമലംഘനങ്ങളുമായി വടക്കൻ ഷർഖിയയുമാണ് തൊട്ടടുത്ത സ്ഥനങ്ങളിലുള്ള ഗവർണറേറ്റുകൾ.
തെക്കൻ ശർഖിയ 177, തെക്കൻ ബാത്തിന (റുസ്താഖിൽ) 130, ദാഹിറ 111, ദോഫാർ 88, ദാഖിലിയ 75, ബുറൈമി 13, മുസന്ദം (ഖസബ്)15, ദിബ്ബ 11, അൽ മസ്യൂന -നാല്, അൽ വുസ്ത-മൂന്ന് എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രേഖപ്പെടുത്തിയ നിയമ ലംഘനങ്ങൾ.
അതേസമയം, മസ്‌കത്തിലെ ഉപഭോക്താക്കൾക്ക് ക്യു.ആർ സ്കാൻ ഉപയോഗിച്ച് പരാതികൾ സമർപ്പിക്കാനുള്ള സൗകര്യം ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടുത്തിടെ ഒരുക്കിയിരുന്നു. രണ്ട് തരം ക്യു.ആർ കോഡുകൾ ആണ് വിവിധ വാണിജ്യ സ്റ്റോറുകളിൽ വിതരണം ചെയ്യുന്നത്. ആദ്യ കോഡ് ഉപഭോക്താക്കളെ അതോറിറ്റിയുടെ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുകയും റിപ്പോർട്ടുകളും അഭിപ്രായങ്ങളും എളുപ്പത്തിൽ സമർപ്പിക്കാനും സാധിക്കുന്നതാണ്.
രണ്ടാമത്തെ കോഡ് അതോറിറ്റിയുടെ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർക്ക് മാത്രമായുള്ളതാണ്. വാണിജ്യ സ്ഥാപനത്തിന്റെ ഡാറ്റ ഇലക്ട്രോണിക് രീതിയിൽ സംഭരിക്കാൻ ഇത് ഉപയോഗിക്കും. ഇത് മാനുവൽ എൻട്രിയുടെ ആവശ്യകത ഇല്ലാതാക്കുകയും സ്റ്റോർ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യും.
വാണിജ്യ സ്റ്റോറുകളിലെ ക്യു.ആർ കോഡ് ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ സേവനങ്ങൾക്കും ഇടയിൽ നേരിട്ടുള്ള ആശയവിനിമയ ചാനൽ സ്ഥാപിക്കാൻ സഹായിക്കുമെന്ന് സി.പി.എ പറഞ്ഞു. ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫിസർമാർക്ക് സമയവും പരിശ്രമവും ലാഭിക്കുമെന്നും വാണിജ്യ സ്റ്റോറുകളുടെ കൃത്യവും കാലികവുമായ ഡാറ്റാബേസ് നൽകുമെന്നും സി.പി.എ പറയുന്നു.സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലെയും വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ പദ്ധതി സാമാന്യവൽക്കരിക്കുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ സംരംഭം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

