ഈ വർഷം ഒമാനിൽനിന്ന് ഹജ്ജ് നിർവഹിച്ചത് 13,956 പേർ
text_fieldsമസ്കത്ത്: ഈ വർഷം ഒമാനിൽനിന്ന് വിശുദ്ധ ഹജ്ജ് നിർവഹിച്ചത് 13,956 (99.7 ശതമാനം) തിർഥാടകരാണെന്ന് ഒമാൻ ഹജ്ജ് പ്രതിനിധിസംഘം വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷം സുൽത്താനേറ്റിൽനിന്ന് 14,000 ആളുകൾക്കായിരുന്നു ഹജ്ജിന് അവസരമുണ്ടായിരുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്ത ആളുകളിൽനിന്ന് 44 പേർക്ക് വിവിധ കാരണങ്ങളാൽ ഹജ്ജ് കർമങ്ങൾ നിർവഹിക്കാനായില്ല.
താമസ ഗുണനിലവാരത്തിന്റെ കാര്യത്തിൽ 94 ശതമാനം പേരും ഭക്ഷണ പോഷകാഹാരങ്ങളുടെ കാര്യത്തിൽ 97 ശതമാനവും ശുചിത്വത്തിന്റെ കാര്യത്തിൽ 94 ശതമാനം തീർഥാടകരും സംതൃപ്തി രേഖപ്പെടുത്തിയതായി ഹജ്ജ് മിഷൻ മേധാവി പറഞ്ഞു. ഹജ്ജ് മിഷന്റെ സേവനങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് മനസ്സിലാക്കാനായി തീർഥാടകർക്ക് ചോദ്യാവലി നൽകിയിരുന്നു. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു മിഷൻ പ്രവർത്തിച്ചത്. തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു മിഷൻ ഒരുക്കിയിരുന്നത്.
സുൽത്താൻ ബിൻ സഈദ് അൽ ഹിനായി ആയിരുന്നു സംഘത്തെ നയിച്ചിരുന്നത്. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഹജ്ജിന് അനുമതിയുണ്ടായിരുന്നത് 14,000 പേർക്കായിരുന്നു. ഇതിൽ 13,500പേർ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വർഷം ഒമാനിൽനിന്ന് സ്വദേശികളും വിദേശികളുമടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

