അവയവം ദാനം ചെയ്യുന്നവരെ നാഷനൽ മെഡൽ നൽകി ആദരിക്കും
text_fieldsമസ്കത്ത്: അവയവം ദാനം ചെയ്യുന്നവരെ നാഷനൽ മെഡൽ നൽകി ആദരിക്കാൻ ഒമാൻ. മനുഷ്യ അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് ദിവസങ്ങൾക്കുമുമ്പ് പുതിയ രാജകീയ ഉത്തരവ് (റോയൽ ഡിക്രി നമ്പർ 44/2025) പുറപ്പെടുവിച്ചിരുന്നു. ഇതിലാണ് ദാതാക്കളെ പ്രത്യേക മെഡലുകൾ നൽകി ആദരിക്കുന്നത് സംബന്ധിച്ച് പറഞ്ഞിരിക്കുന്നത്. മനുഷ്യാവയവങ്ങളുടെയും ടിഷ്യൂകളുടെയും കൈമാറ്റം, സംരക്ഷണം, മാറ്റിവെക്കൽ എന്നിവക്കുള്ള സമഗ്രമായ മാർഗ നിർദേശങ്ങളാണ് പുതിയ നിയമത്തിൽ അടങ്ങിയിരിക്കുന്നത്. അതേസമയം ഈ മേഖലകളിൽ മനുഷ്യക്കടത്തും ചൂഷണവും തടയുന്നതിനുള്ള കർശന നടപടികളും ഉറപ്പാക്കുന്നു.
പുതിയ നിയമ നിർമ്മാണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് അവയവദാതാക്കൾക്ക് പ്രത്യേക ബഹുമതി ഏർപ്പെടുത്തുന്നതാണ്. മരണപ്പെട്ട വ്യക്തികളിൽനിന്ന് അവയവങ്ങൾ ദാനം ചെയ്യുന്ന സന്ദർഭങ്ങളിൽ, മെഡൽ മരിച്ചയാളുടെ പേരിൽ നൽകുകയും അവരുടെ അടുത്ത ബന്ധുക്കൾക്ക് അല്ലെങ്കിൽ പങ്കാളിക്ക് സമർപ്പിക്കുകയും ചെയ്യും. ജീവൻ രക്ഷിക്കുന്നതിൽ അവർ വഹിക്കുന്ന നിർണായക പങ്കിനെ ഊന്നിപ്പറയുന്നതോടൊപ്പം അവയവ ദാതാക്കളുടെ പരോപകാരവും തിരിച്ചറിയുക എന്നതാണ് നിയമത്തിന്റെ ഉദ്ദേശം.
ആകെ 36 ലേഖനങ്ങളുള്ള അഞ്ച് അധ്യായങ്ങളായാണ് നിയമം ക്രമീകരിച്ചിരിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും അവയവദാനത്തിന് വ്യക്തമായ നടപടിക്രമങ്ങൾ നിയമം വിശദീകരിക്കുന്നുണ്ട്. ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിനുള്ളിൽ മനുഷ്യ അവയവങ്ങളുടെയും ടിഷ്യൂകളുടെയും ട്രാൻസ്പ്ലാൻറേഷനും കൈമാറ്റവും നിയന്ത്രിക്കുന്നതിന് ഒരു ദേശീയ കമ്മിറ്റി രൂപവത്കരിക്കും. ഈ ബോഡി പോളിസികൾ, ലൈസൻസിങ്, പരിശീലനം, അവയവദാനത്തെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കൽ എന്നിവക്ക് മേൽനോട്ടം വഹിക്കും.
അവയവദാനത്തിന്റെയും മാറ്റിവെക്കിന്റെയും നൈതികതയെക്കുറിച്ചുള്ള നിലപാടാണ് നിയമത്തിന്റെ പ്രധാന സവിശേഷത. നിയമത്തിലെ ആർട്ടിക്കിൾ ഏഴ്, അവയവങ്ങളുടെയും മനുഷ്യ കോശങ്ങളുടെയും വിൽപനയോ വാങ്ങലോ, ഏതെങ്കിലും നഷ്ടപരിഹാരം സ്വീകരിക്കുന്നതോ വ്യക്തമായി നിരോധിക്കുന്നു. മനുഷ്യാവയവങ്ങളിലെ നിയമവിരുദ്ധമായ വ്യാപാരം തടയുന്നതിനും ദുർബലരായ വ്യക്തികളെ ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് തടവും കനത്ത പിഴയും ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളും വിവരിക്കുന്നുണ്ട്.
അവയവമാറ്റ ശസ്ത്രക്രിയ നടത്താൻ മെഡിക്കൽ സ്ഥാപനങ്ങൾക്ക് ശരിയായ ലൈസൻസ് എടുക്കേണ്ടതിന്റ പ്രാധാന്യവും നിയമം ഊന്നിപ്പറയുന്നു. ഈ അംഗീകൃത സ്ഥാപനങ്ങളിൽ മാത്രമേ ട്രാൻസ്പ്ലാൻറുകൾ നടക്കൂ. സൗകര്യവും പ്രാക്ടീഷണർമാരും ദേശീയ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കണം. എല്ലാ നടപടിക്രമങ്ങളും ധാർമിക മാനദണ്ഡങ്ങളും ശാസ്ത്രീയ തത്വങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സ്ഥാപനങ്ങൾക്കുള്ളിൽ ധാർമികതയുടെയും മെഡിക്കൽ കമ്മിറ്റികളുടെയും സ്ഥാപനമാണ് ഒരു പ്രധാന ഘടകം.
ലംഘനങ്ങൾക്ക് കർശനമായ അഡ്മിന്സട്രേറ്റീവ് പിഴയും ചുമത്തും. ദാതാവിന്റെയോ സ്വീകർത്താവിന്റെയോ മരണത്തിൽ കലാശിക്കുന്നതുപോലെയുള്ള ഗുരുതരമായ നിയമ ലംഘന കേസുകളിൽ മെഡിക്കൽ പ്രഫഷണലുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ എന്നിവക്ക് 100,000 റിയാൽവരെയുള്ള പിഴക്കൊപ്പം അഞ്ച് മുതൽ പത്ത് വർഷം വരെ തടവും ശിക്ഷയും അനുഭവിക്കേണ്ടി വരം.വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ അവയവ പ്രക്രിയയുടെ സമഗ്രത ലംഘിക്കുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ നേരിടേണ്ടിവരും. അത്തരം ലംഘനങ്ങളിൽ പങ്കാളികളാകുന്ന നിയമപരമായ സ്ഥാപനങ്ങൾക്ക് അഞ്ച് ദശലക്ഷം റിയാൽ വരെ പിഴ ചുമത്തുകയും അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തുകയോ അല്ലെങ്കിൽ എന്നന്നേക്കുമായി അടക്കുകയോ ചെയ്യാം. അവയവദാനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്കും നിയമവിരുദ്ധമായ നടപടികൾ ഉണ്ടാകുന്നതിനു മുമ്പ് അത് പൂർത്തീകരിക്കുന്നത് തടയാൻ ശ്രമിക്കുന്നവർക്കും ഇൻസെന്റീവുകൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

