Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, നൂറ് ദിവസം പിന്നിടും മുമ്പെ ഇത്രയധികം ചോദ്യങ്ങൾ എന്തിന്?

text_fields
bookmark_border
ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, നൂറ് ദിവസം പിന്നിടും മുമ്പെ ഇത്രയധികം ചോദ്യങ്ങൾ എന്തിന്?
cancel

വാഗ്ദാനങ്ങളിൽ വിശ്വാസമർപ്പിച്ച്, വലിയ പ്രതീക്ഷകളോടെയാണ് കേരളത്തിലെ ജനങ്ങൾ ഈ സർക്കാറിനെ അധികാരത്തിലേറ്റിയത്. പൂവിനെ നുള്ളാതെയുള്ള മാറ്റം പ്രതീക്ഷിച്ചു. നല്ല ഭരണം പ്രതീക്ഷിച്ചു. അഴിമതിക്കും സ്വജനപക്ഷപാതത്തിനും വിരാമമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ, നൂറ് ദിവസം പൂർത്തിയാകുന്നതിന് മുമ്പേ തന്നെ സർക്കാർ വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന കാഴ്ചയാണ് പ്പൊതുസമൂഹം കാണുന്നത്.

ഒരു പുതിയ സർക്കാരിന് ചില പിഴവുകൾ സംഭവിക്കാം. വിമർശനങ്ങൾ ഉണ്ടാകാം. പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യും. എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ് എന്തുകൊണ്ടാണ് ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സർക്കാരിന്റെ പല തീരുമാനങ്ങളും സംശയത്തിനും വിവാദത്തിനും ഇടയാക്കുന്നത്? ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനുപകരം രാഷ്ട്രീയ ന്യായീകരണം എന്ന വിഫലമായ ശ്രമത്തിലൂടെ പ്രതിരോധം തീർക്കുകയും ആരോപണ വിഷയങ്ങൾ അവർത്തിക്കും എന്ന് ധാർഷ്ട്യത്തോടെ പ്രതികരിക്കുന്നതും ശരിയാകുമോ?

മുഖ്യമന്ത്രി,

താങ്കളെ അധികാരത്തിലേറ്റിയ ജനങ്ങൾ ഇന്ന് ചോദിക്കുന്നു: എവിടെയാണ് സുതാര്യമായ ഭരണം? എവിടെയാണ് ഉത്തരവാദിത്തം? എവിടെയാണ് ജനങ്ങളോടുള്ള തുറന്ന സമീപനം? എവിടെയാണ് മാറ്റം? സർക്കാരിന്റെ ഓരോ തീരുമാനത്തിന്റെയും പിന്നിൽ ആരാണ്? എന്താണ് മാനദണ്ഡം? ആരുടെ താൽപര്യമാണ് സംരക്ഷിക്കപ്പെടുന്നത്? എന്നിങ്ങനെ ചോദ്യങ്ങൾ ഉയരുമ്പോൾ, അതിന് വ്യക്തമായ മറുപടി നൽകേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്.

സർക്കാറിനെ വിമർശിക്കുന്നവരെ രാഷ്ട്രീയ എതിരാളികളായി മാത്രം കാണരുത്. കാരണം, വിമർശനത്തെ അടിച്ചമർത്തുന്നതിലൂടെ സംശയങ്ങൾ ഇല്ലാതാകില്ല; മറിച്ച് അവ കൂടുതൽ ശക്തമാകും. പ്രതിപക്ഷം ആരോപണം ഉന്നയിച്ചാൽ അതിനെ രാഷ്ട്രീയ ആരോപണമെന്നു പറഞ്ഞ് തള്ളാം. എന്നാൽ മാധ്യമങ്ങളും പൊതുസമൂഹവും സാധാരണ ജനങ്ങളും ഒരേ വിഷയത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ഇന്ന് കേരളത്തിലെ ജനങ്ങൾക്ക് വേണ്ടത് ദിവസേനയുള്ള രാഷ്ട്രീയ വാക്‌പോരുകളല്ല. അവർക്ക് വേണ്ടത് തൊഴിൽ ആണ്. അവർക്ക് വേണ്ടത് ഇനിയും മെച്ചപ്പെട്ട ആരോഗ്യസംവിധാനം ആണ്. അവർക്ക് വേണ്ടത് നല്ല വിദ്യാഭ്യാസം ആണ്. അവർക്ക് വേണ്ടത് വിലക്കയറ്റത്തിൽ നിന്ന് ആശ്വാസം ആണ്. അവർക്ക് വേണ്ടത് സുരക്ഷിതമായ പൊതുഗതാഗതവും അടിസ്ഥാന സൗകര്യങ്ങളും ആണ്. അവർക്ക് വേണ്ടത് പ്രവാസികളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സർക്കാർ ആണ്.

അവർക്ക് വേണ്ടത് അഴിമതിയില്ലാത്തതും സുതാര്യവുമായ ഭരണമാണ്. പക്ഷേ, ഈ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് സർക്കാരിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് രാഷ്ട്രീയ ചർച്ചയുടെ കേന്ദ്രമായി മാറുന്നത് എന്നത് ആശങ്കാജനകമാണ്.

മുഖ്യമന്ത്രി,

വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അങ്ങയെ ജയിപ്പിച്ച ജനങ്ങൾ സർക്കാരിന്റെ ഓരോ നീക്കവും ചോദ്യം ചെയ്യും. അത് ഞങ്ങളുടെ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ടത് കേരളത്തിലെ ജനങ്ങൾക്ക് അവരുടെ സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമാണ്. ഈ നൂറ് ദിവസങ്ങൾ സർക്കാർ ആഘോഷിക്കേണ്ട ഒരു നാഴികക്കല്ലായി കാണുന്നുവെങ്കിൽ, ജനങ്ങളുടെ വിലയിരുത്തലും കേൾക്കണം.

നൂറ് ദിവസത്തെ ഭരണത്തിന്റെ പരസ്യം ജനങ്ങൾക്ക് ആവശ്യമില്ല; നൂറ് ദിവസത്തെ ഭരണത്തിന്റെ കണക്ക് ജനങ്ങൾക്ക് വേണം.

എന്ത് ചെയ്തു? എന്ത് നടപ്പാക്കി? എത്ര പണം ചെലവഴിച്ചു? ആർക്കാണ് പ്രയോജനം ലഭിച്ചത്? എന്താണ് പരാജയപ്പെട്ടത്? എന്താണ് തിരുത്താൻ പോകുന്നത്? ഇതിന് വ്യക്തമായ മറുപടി നൽകാൻ സർക്കാർ തയ്യാറാകണം.

കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയമായി പ്രബുദ്ധരാണ്. ആരെങ്കിലും പറയുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നവരല്ല അവർ. അവർ കാണും. അവർ ചോദിക്കും. അവർ വിലയിരുത്തും.അവസാനം അവർ തന്നെ വിധിയെഴുതും.

ഇന്ന് പൊതു സമൂഹത്തിന്റെ മുന്നറിയിപ്പ് ഇത്രമാത്രമാണ്: വിവാദങ്ങളുടെ പുകമറക്കുള്ളിൽ ഭരണത്തിന്റെ യഥാർത്ഥ പരാജയങ്ങൾ മറച്ചുവക്കാൻ ശ്രമിക്കരുത്. ജനങ്ങളുടെ പ്രതീക്ഷയെ പരിഹസിക്കരുത്. ജനങ്ങളുടെ ചോദ്യങ്ങളെ അവഗണിക്കരുത്. അധികാരത്തിന്റെ ആദ്യ നൂറ് ദിവസങ്ങൾ തന്നെ ഇത്രയധികം ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെങ്കിൽ, മുന്നിലുള്ള കാലം എങ്ങനെയായിരിക്കുമെന്ന ആശങ്ക സ്വാഭാവികമാണ്.

ഭരണം തിരുത്തുക. സുതാര്യത ഉറപ്പാക്കുക. ജനങ്ങളോട് കണക്കുപറയുക. വിവാദങ്ങളിൽ നിന്ന് പുറത്തുകടന്ന് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിലേക്ക് മടങ്ങിവരിക. ഇതാണ് പൊതു സമൂഹത്തിന്റെ ആവശ്യം.

ഇതാണ് കേരളത്തിലെ ജനങ്ങളുടെ അവകാശം. നൂറ് ദിവസം കഴിഞ്ഞു. ഇനി വാഗ്ദാനങ്ങളല്ല ഭരണത്തിന്റെ കണക്കാണ് ജനങ്ങൾക്ക് വേണ്ടത്.

-നിധീഷ് കുമാർ

സാമൂഹ്യപ്രവർത്തകൻ,

മസ്‌കത്ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Open Letter to the Chief Minister
Next Story