മുലദ്ദ ഇന്ത്യൻ സ്കൂളിലെ ഓപൺ ഫോറം; സ്കൂൾ ബോർഡിന് പരാതിയുമായി രക്ഷിതാക്കൾ
text_fieldsമുലദ്ദ ഇന്ത്യൻ സ്കൂളിൽ നടന്ന ഓപൺഫോറത്തിൽനിന്ന്
മുലദ്ദ: പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ മുലദ്ദ ഇന്ത്യൻ സ്കൂളിലെ ഓപൺ ഫോറം മാറ്റിവെക്കണമെന്നാവശ്യപ്പെട്ടിട്ടും നടത്തിയതിനെതിരെ ഇന്ത്യൻ സ്കൂൾ ബോർഡിന് പരാതിയുമായി രക്ഷിതാക്കൾ. ഒരു ദശാബ്ദത്തിന് ശേഷം ശനിയാഴ്ചയായിരുന്നു പാരന്റ്സ് ഓപൺ ഫോറം നടത്തിയത്.
കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ കൂടുതൽ രക്ഷിതാക്കൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും അതിനാൽ എല്ലാവർക്കും പങ്കാളിയാകാൻ കഴിയുന്ന വിധത്തിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. കൂടുതൽ രക്ഷിതാക്കൾ പങ്കെടുത്താൽ പല കാര്യങ്ങളുടെയും നിജസ്ഥിതി പുറത്തു വരുമെന്നതുകൊണ്ടാണ് അന്നുതന്നെ നടത്തിയതെന്നു സംശയിക്കുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
2,100 വിദ്യാർഥികളുള്ള സ്കൂളിൽ 25 രക്ഷിതാക്കളുമായി നടത്തിയ ഓപൺ ഫോറം വെറും പ്രഹസനമാണ്. പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങൾക്കിടയിൽ ഓപൺ ഫോറം നടത്തിയത് ഡയറക്ടർ ബോർഡ് അന്വേഷിക്കണം. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനും എല്ലാവർക്കും ഭാഗമാകാനുള്ള അവസരം നൽകാനും അധികാരികൾ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറ്കടർക്ക് അയച്ച പരാതിയിൽ രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
സ്കൂൾ മാനേജ്മെന്റ് സുതാര്യതയും ഉത്തരവാദിത്തവും കാണിക്കണം. തികച്ചും ഏകപക്ഷീയമായി നടത്തിയ ഓപൺ ഫോറം, അവസാനം മിനിറ്റ്സ് പോലും വായിക്കാതെ അവസാനിപ്പിക്കുകയായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചു.
അതേസമയം, അന്നേ ദിവസം വളരെ വൈകിയാണ് രക്ഷിതാക്കളിൽനിന്ന് ആവശ്യമുയർന്നതെന്നും അതിനാൽ ഓപൺ ഫോറം മാറ്റിവെക്കുന്നതിൽ ചില പ്രായോഗിക തടസ്സങ്ങൾ ഉണ്ടായിരുന്നുവെന്നും സ്കൂളുമായി ബന്ധപ്പെട്ടവർ അറിയിച്ചു. ദൂരദിക്കുകളിൽനിന്നുപോലും രക്ഷിതാക്കൾ ഓപൺ ഫോറത്തിനായി പുറപ്പെട്ടിരുന്നു.
അനുകൂലമായ കാലാവസ്ഥയിലാണ് നടത്തിയതെന്നും അന്നേ ദിവസംതന്നെ മറ്റ് രണ്ട് ഇന്ത്യൻ സ്കൂളിലും ഓപൺ ഫോറം നടന്നിരുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. അധികം വൈകാതെ തന്നെ ഇനിയും ഓപൺ ഫോറം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

