ഒപെക് എണ്ണ ഉൽപാദനം മിതമായി വർധിപ്പിക്കും; വില കുറയില്ല
text_fieldsമസ്കത്ത്: എണ്ണ ഉൽപാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അംഗ രാജ്യങ്ങളും റഷ്യയും മിതമായ രീതിയിൽ എണ്ണ ഉൽപാദനം വർധിപ്പിക്കാൻ ധാരണയിലെത്തി. വിവിധ കാരണങ്ങളാൽ അന്താരാഷ്ട്ര മാർക്കറ്റിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. മാർച്ചിൽ അസംസ്കൃത എണ്ണയുടെ ഉൽപാദനം ദിവസവും നാലുലക്ഷം ബാരൽ വർധിപ്പിക്കുമെന്ന് 23 രാജ്യങ്ങൾ അംഗമായ ഒപെക് അറിയിച്ചു. അതിനാൽ എണ്ണ വില കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിവലിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 90 ഡോളറിന് തൊട്ടു താഴെയാണ് എണ്ണവില. ഈ വില തന്നെ നിലനിൽക്കുന്നത് ഒമാൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക മേഖലക്ക് അനുഗ്രഹമാവും. മാർക്കറ്റിലെ അടിസ്ഥാന തത്ത്വങ്ങളും പൊതു അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പരിഗണിച്ചാണ് നിലവിലെ തീരുമാനമെന്ന് ഒപെക് അംഗരാജ്യങ്ങളുടെ മന്ത്രിതല വിഡിയോ സമ്മേളനം അറിയിച്ചു. എണ്ണ ഉൽപാദനം വർധിപ്പിക്കാനുള്ള അമേരിക്കൻ നിർദേശത്തിനിടയിലാണ് ഒപെകിന്റെ പുതിയ തീരുമാനം.
പല അംഗ രാജ്യങ്ങൾക്കും എണ്ണ ഉൽപാദനം വർധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അംഗോള, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ ഉൽപാദനം വർധിപ്പിക്കാൻ താൽപര്യം കാണിക്കുന്നില്ലെന്നും ഇവർ പറയുന്നു. ഒമിക്രോൺ ഭീഷണിയുണ്ടായിരുന്ന കഴിഞ്ഞ ഡിസംബറിൽ ദിവസേന 90,000 ബാരൽ മാത്രമാണ് വർധിപ്പിച്ചത്. ഇത് നേരത്തേ വർധിക്കുമെന്ന് തീരുമാനിച്ച നാലുലക്ഷം ബാരലിൽനിന്ന് ഏറെ കുറവാണ്. അതോടൊപ്പം, ചില ലോകരാജ്യങ്ങളിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ എണ്ണവില വർധിക്കാൻ കാരണമാക്കും. അടുത്തിടെ ഹൂതികൾ യു.എ.ഇയിൽ മിസൈൽ ഇട്ടതും യുക്രെയ്നിലെ പുതിയ സംഘർഷ സാഹചര്യവും എണ്ണവില വർധിപ്പിക്കാൻ കാരണമാക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

