ഖരീഫ് സീസണിന് വിട ഇനി സർബ് നാളുകൾ
text_fieldsസർബ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ദോഫാറിനെ കുളിരണിയിച്ചുള്ള ഖരീഫ് സീസൺ ഞായറാഴ്ച സമാപിക്കും. സീസൺ അവസാന ഘട്ടത്തിലേക്ക് നീങ്ങിയതോടെ സന്ദർശകരുടെ ഒഴുക്കും വർധിച്ചിരുന്നു. ഈ വർഷത്തെ ഖരീഫ് സീസണിൽ ആഗസ്റ്റ് അവസാനത്തോടെ എത്തിയത് 10 ലക്ഷത്തിലധികം സന്ദർശകരാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ശതമാനത്തിന്റെ സന്ദർശക വർധനയാണ് ഈ സീസണിൽ ഉണ്ടായിരിക്കുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്.
ജൂൺ 21നും ആഗസ്റ്റ് 31നും ഇടയിലായി മൊത്തം സന്ദർശകരുടെ എണ്ണം ഏകദേശം 1,027,255 ആയി. 2024 ലെ ഇതേ കാലയളവിൽ 1,006,635 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. ഒമാനി സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് 71.5 ശതമാനം വർധിച്ച് 734,225 ആയി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ആകെ 179,246 ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 113,784 ഉം ആണ്. 2, 51,064 സന്ദർശകർ വിമാനമാർഗവും 776,191 പേർ കരമാർഗവും ദോഫാറിൽ എത്തി.
കഴിഞ്ഞവർഷം ആഗസ്റ്റ് അവസാനത്തോടെ കരമാർഗം എത്തിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ 1.3 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതേസമയം ഈ വർഷം ആഗസ്റ്റിൽ വൻ കുതിച്ചുചാട്ടമാണ് സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ആഗസ്റ്റ് ഒന്നിനും 31നും ഇടയിൽ 5,85,155 സന്ദർശകരാണ് എത്തിയത്. സെപ്റ്റംബര് 21നാണ് ഔദ്യോഗികമായി സീസണ് അവസാനിക്കുന്നത്.
അതേസമയം, ഖരീഫ് സീസൺ വിടവാങ്ങുന്നതോടെ സർബ് സീസണിലേക്ക് സലാല കടക്കും. വസന്തകാലത്തിന് പ്രാദേശികമായി അറിയിപ്പെടുന്ന പേരാണ് സർബ്. സെപ്റ്റംബർ 21 മുതൽ ഡിസംബർ 21വരെ കാലയളവിലാണ് സർബ് സീസൺ. ഈ ദിനങ്ങളിൽ വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള കാലാവസ്ഥയായിരിക്കും ഇവിടത്തേത്. ഖരീഫ് സീസണിന് ശേഷവും ദോഫാറിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി നിലനിർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സൂര്യന്റെ തെളിച്ചം, മിതമായ കാലാവസ്ഥ, കുറഞ്ഞ ഈർപ്പം എന്നിവയാണ് സർബിലെ അന്തരീക്ഷത്തിന്റെ സവിശേഷത. ഖരീഫ് മൂടൽമഞ്ഞ് മായുകയും പൂക്കൾ വിരിയുകയും ചെയ്യും. കടലിലെ ശാന്തമായ തിരമാലകൾക്കുപുറമേ മനോഹരമായ പ്രകൃതിയും ആസ്വദിക്കാൻ സഞ്ചാരികൾക്ക് കഴിയും.
ശരത്കാല മൺസൂൺ മഴയെ ആശ്രയിക്കുന്ന പർവതപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും കാർഷിക വിളവെടുപ്പ് കാരണം കർഷകർ, മത്സ്യത്തൊഴിലാളികൾ, കന്നുകാലികളെ വളർത്തുന്നവർ എന്നിവരുടെ പ്രധാന സീസണുകളിലൊന്നായാണ് സർബിനെ കണക്കാക്കുന്നത്. പകൽസമയത്ത് മലനിരകളിൽ 20 ഡിഗ്രി സെൽഷ്യസും താഴ്ന്ന പ്രദേശങ്ങളിൽ 26-28 ഡിഗ്രി സെൽഷ്യസും ആയിരിക്കും താപനില. സലാലയിലെയും സമീപ പ്രദേശങ്ങളിലെയും റോഡുകളും ബീച്ചുകളും ചരിവുകളും വാദി നഹിസ്, വാദി ദർബാത്ത്, വാദി ഗയ്ദത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ഒട്ടകങ്ങളും ഈ സീസണിൽ നിറയാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

