തിയറ്ററുകളിൽ 50 ശതമാനം പേർ മാത്രം
text_fieldsമസ്കത്ത്: സിനിമ തിയറ്ററുകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് മസ്കത്ത് നഗരസഭ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. തിയറ്ററിെൻറ മൊത്തം ശേഷിയുടെ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ. ടിക്കറ്റുകൾ ഒാൺലൈനായി ബുക്ക് ചെയ്യുന്ന സംവിധാനം നടപ്പാക്കുകയും വേണം. രണ്ടുപേർക്കിടയിൽ രണ്ട് സീറ്റുകൾ ഒഴിച്ചിടണം. ഇതിന് പുറമെ ഒന്നിടവിട്ട വരികൾ വീതം ഒഴിച്ചിടുകയും വേണം. രോഗാണുമുക്തമാക്കുന്ന പ്രവർത്തനങ്ങൾ പ്രതിബദ്ധതയോടെ നടപ്പാക്കണം. ഒാരോ ഷോവിന് ഇടയിലും 15 മിനിറ്റിെൻറ ഇടവേളയും ഉണ്ടാകണം.
എല്ലാ ടച്ച് അധിഷ്ഠിത ടിക്കറ്റ് മെഷീനുകളുടെയും പ്രവർത്തനം നിർത്തിവെക്കണം. നാലിൽ കൂടുതൽ ആളുകൾ കൂട്ടമായി വരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണമെന്ന് മസ്കത്ത് നഗരസഭ ഉപഭോക്താക്കളോട് നിർദേശിച്ചു. ജീവനക്കാർ മുൻ കരുതൽ നടപടികൾ പാലിക്കുന്നില്ലെങ്കിൽ നഗരസഭയെ അറിയിക്കുകയും വേണം. തിയറ്റർ ജീവനക്കാർക്ക് കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ച് പരിശീലനം നൽകണം. സാമൂഹിക അകലം സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകൾ തറയിൽ ഒട്ടിക്കണം. 70 ശതമാനം ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ലഭ്യമാക്കണം. ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തുന്നതടക്കം ആരോഗ്യ മുൻകരുതൽ നടപടികൾ പാലിക്കുകയും വേണം. അതേസമയം തിയറ്ററുകൾ പൂർണമായി പ്രവർത്തനം പുനരാരംഭിക്കാൻ ഇനിയും വൈകും. ഇംഗ്ലീഷ് ചിത്രങ്ങൾക്കു പുറമെ ഇന്ത്യൻ സിനിമകളാണ് ഒമാനിലെ തിയറ്ററുകൾ പ്രദർശിപ്പിക്കുന്നത്. ഇന്ത്യയിൽനിന്ന് മലയാളത്തിലടക്കം പുതിയ റിലീസ് ചിത്രങ്ങൾ ലഭ്യമാകാത്ത അവസ്ഥയാണുള്ളത്. ചിത്രങ്ങൾ ലഭ്യമായ ശേഷം അതിെൻറ സെൻസറിങ് അടക്കം
നടപടികൾ പൂർത്തിയാകാനും ഇനിയും സമയമെടുക്കും. ഇംഗ്ലീഷ് സിനിമകൾ മാത്രമായിരിക്കും അതുവരെ പ്രദർശിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

