ഫീസടക്കാത്തവർക്ക് വാദികബീർ സ്കൂൾ ഒാൺലൈൻ ക്ലാസ് നിർത്തിവെച്ചു
text_fieldsമസ്കത്ത്: സ്കൂൾ ട്യൂഷൻ ഫീസ് അടക്കാത്തവർക്ക് വാദികബീർ ഇന്ത്യൻ സ്കൂളിൽ ഒാൺലൈൻ ക്ലാസുകൾക്ക് വിലക്ക്. പാസ്വേഡ് മാറ്റിയാണ് ഫീസടക്കാത്ത വിദ്യാർഥികളെ ഒാൺലൈൻ ക്ലാസിൽനിന്ന് ഒഴിവാക്കുന്നതെന്ന് രക്ഷിതാക്കൾ പരാതിപ്പെടുന്നു. ഞായറാഴ്ച മുതലാണ് ഫീസടക്കാത്ത വിവിധ ക്ലാസുകളിലെ നൂറുകണക്കിന് കുട്ടികളുടെ ഒാൺലൈൻ ക്ലാസുകൾ നിലച്ചത്.
ആഗസ്റ്റ് 16 മുതൽ ഫീസടക്കാത്ത കുട്ടികളെ ഒാൺലൈൻ ക്ലാസിൽനിന്ന് പുറത്താക്കുമെന്ന് സ്കൂൾ അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതായും രക്ഷിതാക്കൾ പറയുന്നു. ഫീസ് ഇളവിന് അപേക്ഷ നൽകിയവർ പോലും ഫീസ് കുടിശ്ശിക മുഴുവൻ അടച്ചുതീർക്കണമെന്നാണ് രക്ഷിതാക്കൾക്ക് നൽകിയ സർക്കുലറിലുള്ളത്. മറ്റ് സ്കൂളുകളും ഫീസിനായി രക്ഷിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതുവരെ കർശന നടപടി സ്വീകരിച്ചിട്ടില്ല. കമ്യൂണിറ്റി സ്കൂളുകൾ പലതും രക്ഷിതാക്കളുടെ പ്രശ്നങ്ങൾ ചെവിക്കൊള്ളുന്നുമുണ്ട്.
കോവിഡ് പ്രതിസന്ധി മൂലം വൻ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് വാദികബീർ സ്കൂളിെൻറ പുതിയ നീക്കം വൻ തിരിച്ചടിയായിട്ടുണ്ട്. കോവിഡ് മൂലം പലർക്കും ജോലി നഷ്ടപ്പെടുകയും ശമ്പളം വെട്ടികുറക്കുന്നതടക്കമുള്ള പ്രയാസങ്ങളും നേരിട്ടതോടെ രക്ഷിതാക്കൾ പ്രതിസന്ധിയിലാണ്. വ്യാപാര സ്ഥാപനങ്ങളും മറ്റ് ഹോട്ടൽ അടക്കമുള്ള ചെറുകിട സ്ഥാപനങ്ങൾ പലതും അടക്കുകയും അടച്ചിടൽ ഭീഷണി നേരിടുകയുമാണ്. തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഞെരുങ്ങിയാണ് മുന്നോട്ടുപോവുന്നത്. നിരവധി രക്ഷിതാക്കൾ നിലവിലെ അവസ്ഥയിൽ നിത്യച്ചെലവിനുതന്നെ ബുദ്ധിമുട്ടുകയാണ്. ഇൗ പ്രതിസന്ധിഘട്ടത്തിൽ സ്കൂൾ മാനേജ്മെൻറ് ഇത്തരം നയങ്ങളിൽനിന്ന് പിന്നോട്ടു പോവണമെന്നാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. നടപടികൾ കർശനമാക്കി സ്കൂൾ അധികൃതർ മുന്നോട്ടുപോവുകയാണെങ്കിൽ കുട്ടികൾക്ക് പഠനം നിർത്തിവെക്കേണ്ടിവരുമെന്നും രക്ഷിതാക്കൾ പറയുന്നു. കുട്ടികളെ നിലവിലെ അവസ്ഥയിൽ ഇത്രയും ഫീസ് നൽകി ഒാൺലൈൻ ക്ലാസിൽ അയക്കേണ്ടന്ന നിലപാടുള്ളവരും നിരവധിയാണ്.
വാദികബീർ സ്കൂളിൽ ഫീസിളവ് പ്രഹസനമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മേയ് മുതൽ ആഗസ്റ്റ് വരെ മാസങ്ങളിൽ േകാവിഡ്കാല ഫീസിളവ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അത് കണ്ണിൽ പൊടിയിടൽ മാത്രമാണ്. ഏപിൽ മാസത്തിൽ 66 റിയാൽ ഫീസുണ്ടായിരുന്നത് മേയ്, ജൂൺ മാസത്തിൽ 58 റിയാലും ജൂലൈ, ആഗസ്റ്റ് മാസത്തിൽ 57 റിയാലുമായി കുറച്ചിരുന്നു. ഫീസിൽ മാസത്തിൽ ഒമ്പത് റിയാലിെൻറ കുറവ് മാത്രമാണ് കോവിഡ് പ്രതിസന്ധി മാസത്തിൽ ഇളവായി ലഭിക്കുന്നത്. ഇതുതന്നെ കുട്ടികൾ ഉപയോഗിക്കാത്ത സ്റ്റേഷനറി ഫീ, എക്സാമിനേഷൻ ഫീ തുടങ്ങിയവയിലാണ് ഇളവ് നൽകിയിട്ടുള്ളത്. സാധാരണ ക്ലാസുകൾ നടക്കുന്നില്ലെങ്കിലും ട്യൂഷൻ ഫീസിൽ ഒരു ഇളവും നൽകുന്നില്ല.
ഒാൺലൈൻ ക്ലാസിനെ പറ്റിയും നിരവധി പരാതികൾ രക്ഷിതാക്കൾക്കുണ്ട്. ഒാൺലൈൻ ക്ലാസുകൾ ചെറിയ ക്ലാസിലെ കുട്ടികൾക്ക് പ്രായോഗികമല്ലെന്നാണ് പല രക്ഷിതാക്കളും അഭിപ്രായപ്പെടുന്നത്. രണ്ട് മണിക്കൂർ മാത്രം ലഭിക്കുന്ന ഒാൺലൈൻ ക്ലാസിന് ഇത്രയും വലിയ ട്യൂഷൻ ഫീ മാസംതോറും നൽകുന്നതെന്തിനാണെന്നും ഇതേ സ്കൂളിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാർഥിയുടെ രക്ഷിതാവ് ചോദിക്കുന്നു. മൂന്നാം ക്ലാസിൽ പഠിക്കുന്ന തെൻറ കുട്ടിക്ക് ഒാൺലൈൻ ക്ലാസുകൾ പിന്തുടരാൻ കഴിയുന്നില്ലെന്നും ഇതിലും നല്ലത് വീട്ടിലിരുന്ന് പുസ്തകം നോക്കി പഠിപ്പിക്കലാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത്തരം അഭിപ്രായമുള്ള നിരവധി രക്ഷിതാക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു.