പുതിയ സവിശേഷതകളുമായി ഒരു റിയാൽ നോട്ട് വരുന്നു
text_fieldsസെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ജനുവരി 11 മുതൽ പുറത്തിറക്കുന്ന ഒരു റിയാലിന്റെ പുതിയ സ്മാരക നോട്ട്
മസ്കത്ത്: ഒമാന്റെ ചരിത്രത്തിൽ ആദ്യമായി പോളിമർ നോട്ടുകൾ പുറത്തിറക്കുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഒരു റിയാലിന്റെ സ്മാരക കറൻസിയാണ് പുറത്തിറക്കുക. വരുന്ന ജനുവരി 11 മുതൽ പുതിയ കറൻസി പ്രാബല്യത്തിൽ വരുമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. രാജ്യത്തിന്റെ കറൻസി ചരിത്രത്തിലെ സുപ്രധാന നിമിഷമായാണ് ഇതിനെ വിലയിരുത്തുന്നത്.
പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന കോട്ടൺ അടിസ്ഥാന വസ്തുവായുള്ള പേപ്പർ കറൻസിയിൽനിന്ന് വ്യത്യസ്തമായി പോളിമർ മെറ്റീരിയൽ ഉയോഗിച്ചാണ് പുതിയ കറൻസി നിർമിച്ചിരിക്കുന്നത്. പെട്ടെന്ന് പഴകില്ലെന്നതും ഈടുനിൽക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
പ്ലാസ്റ്റിക് ബാങ്ക് നോട്ടുകൾ എന്നാണ് ഇത്തരം നോട്ടുകൾ അറിയപ്പെടാറുള്ളത്. കടലാസിനുപകരം പോളിമറുകൾ ഉപയോഗിച്ച് നിർമിച്ചിരിക്കുന്ന കറൻസികളാണ് ഇവ. പരമ്പരാഗത കടലാസ് നോട്ടുകളിൽ സാധ്യമാകാത്ത സുരക്ഷാ ക്രമീകരണങ്ങൾ അടങ്ങിയിരിക്കുന്ന പോളിമർ കറൻസികളിൽ മെറ്റാമെറിക് ഇങ്ക് സംവിധാനമാണ് സുരക്ഷ നൽകുന്നത്. ധാരാളം കാലം ഈട് നിൽക്കുന്നതിനാൽ പാരിസ്ഥിതിക ആഘാതവും ഉൽപാദന, വിതരണ ചെലവും ഗണ്യമായി കുറയുന്നു എന്നതും പോളിമർ കറൻസിയുടെ മെച്ചമാണ്.
ഒമാന്റെ പുതിയ ഒരു റിയാൽ നോട്ടിൽ മികച്ച സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിയതനൊപ്പം മോഡേൺ ലുക്കും നൽകിയിട്ടുണ്ട്. ഒമാന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കാനും സമ്പന്നമായ സാംസ്കാരിക അടയാളങ്ങളെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് ദേശീയ ആഘോഷങ്ങളുടെ ഭാഗമായി പുതിയ രൂപത്തിലും ഭാവത്തിലും നോട്ട് പുറത്തിറക്കിയത്.
145 x 76 മില്ലീമീറ്റര്‍ വലുപ്പമുള്ള നോട്ടിന്റെ ഒരു വശത്ത് ഒമാന്‍ ബൊട്ടാണിക് ഗാര്‍ഡനും മറുവശത്ത് സയ്യിദ് താരിഖ് ബിന്‍ തൈമൂര്‍ സാംസ്കാരിക സമുച്ചയവും ദുകം തുറമുഖവും റിഫൈനറിയുടെയും ദൃശ്യവും പതിപ്പിച്ചിട്ടുണ്ട്. ഭംഗിയാർന്ന രൂപകൽപനയാണ് നോട്ടിലുള്ളത്. ഒമാൻ ബൊട്ടാണിക്കൽ ഗാർഡന്റെ മേലാപ്പിനോട് ചേർന്നാണ് നോട്ടിലെ ട്രാസ്പെരന്റായ ഭാഗമുള്ളത്. മാറുന്ന വർണങ്ങളുള്ള ഫോയിൽ സ്ട്രിപ്പിൽ രൂപപ്പെടുത്തിയ ഫ്രാങ്കിൻസെൻസ് (കുന്തിരിക്കമരം) വൃക്ഷത്തിന്റെ ചിത്രവും നോട്ടിന്റെ മുൻവശത്തുണ്ട്. നോട്ടിന്റെ പിൻഭാഗത്തായി നിറം മാറുന്ന രീതിയിൽ സെൻട്രൽ ബാങ്ക് ഓഫ് ഒമന്റെ മുദ്രയും പതിപ്പിച്ചിട്ടുണ്ട്.
നിലവിലുള്ള ഒരു റിയാൽ നോട്ടുകളോടൊപ്പം തന്നെ പുതിയ നോട്ടും വിനിമയം ചെയ്യാൻ രാജ്യത്തുടനീളമുള്ള ധനകാര്യസ്ഥാപനങ്ങളും റീട്ടെയിൽ ഔട്ട്ലെറ്റുകളും തയാറെടുത്തുവരികയാണ്. കറൻസി ശേഖരണം ഹോബിയാക്കിയവർക്കായി 1,000 അൺ കട്ട് നോട്ട് ഷീറ്റുകളും 10,000 നോട്ടുകളും പ്രത്യേക പാക്കേജിൽ ലഭിക്കും.
പുതുതായി പുറത്തിറക്കുന്ന സ്മാരക നോട്ട് സെൻട്രൽ ബാങ്ക് ഓഫ് ഒമാന്റെ റൂവി, സലാല, സുഹാർ എന്നിവിടങ്ങളിലെ കൗണ്ടറുകളിൽനിന്നും ഓപൺ ഗലേറിയയിലെ ഒമാൻ പോസ്റ്റിന്റെ പ്രത്യേക കൗണ്ടറിൽനിന്നും ജനുവരി 11 മുതൽ ലഭ്യമാവുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

