നൂറു ശതമാനം വിദേശ നിക്ഷേപം : 49 വിഭാഗങ്ങളെ ഒഴിവാക്കി
text_fieldsമസ്കത്ത്: ഒമാനിൽ ഇൗ വർഷം ആദ്യം നിലവിൽവന്ന പുതിയ വിദേശ നിക്ഷേപ നിയമത്തിെൻറ പരിധിയിൽനിന്ന് 49 വിഭാഗങ്ങളെ ഒഴിവാക്കി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഇൗ മേഖലകളിൽ ഒമാനി നിക്ഷേപകരെ മാത്രമാണ് അനുവദിക്കുക. ഒമാനികളായ ചെറുകിട ഇടത്തരം നിക്ഷേപകരെ ശക്തിപ്പെടുത്താനുള്ള സർക്കാറിെൻറ നയപ്രകാരമാണ് സ്വദേശികൾക്ക് ഇൗ മേഖലകളിൽ മുൻഗണന നൽകുന്നത്.
സമ്പൂർണ വിദേശ നിക്ഷേപം അനുവദിച്ച എല്ലാ മേഖലകളിലും ഒമാനികൾക്ക് വിദേശികളുമായുള്ള പങ്കാളിത്തത്തിലൂടെയടക്കം നിക്ഷേപം നടത്താവുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ദേശീയ വ്യക്തിത്വവും സാംസ്കാരിക പാരമ്പര്യവും കേടുവരാതെ കാത്തുസൂക്ഷിക്കുകയെന്നതും ഇൗ തീരുമാനത്തിന് പിന്നിലുണ്ട്.
ഒമാനിലെ വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാനും നിേക്ഷപ സൗഹൃദ അന്തരീക്ഷം ഒരുക്കാനും ലക്ഷ്യമിട്ടാണ് വിവിധ മേഖലകളിൽ നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. പുതിയ വിദേശ നിക്ഷേപ നയം നിക്ഷേപകർക്ക് നിരവധി സൗകര്യ മുൻഗണനകളും ഉറപ്പും നൽകുന്നതാണ്. ഒമാനികൾക്ക് മാത്രം നിക്ഷേപം അനുവദിക്കുന്ന 49 വിഭാഗങ്ങളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഒമാനി മധുരപലഹാര നിർമാണം, ഒമാനി കഠാര നിർമാണം, ഒമാനി കഠാര വിൽപന സ്ഥാപനം, പരമ്പരാഗത ആയുധ വിൽപന ശാല, കരകൗശല വിൽപന സ്റ്റോറുകൾ, അറബി- അനറബി പുരുഷ സ്ത്രീ വസ്ത്രം തയ്ക്കൽ, സ്പോർട്സ്- മിലിട്ടറി വസ്ത്രങ്ങളുടെ ടെയ്ലറിങ്ങും തുന്നലും, കുടിവെള്ള ട്രാൻസ്പോർട്ടിങ്ങും വിൽപനയും തുടങ്ങിയ മേഖലകളിൽ വിദേശികളുടെ പൂർണ ഉടമസ്ഥതയിൽ സ്ഥാപനങ്ങൾ തുടങ്ങാൻ കഴിയില്ല. വാഹനങ്ങളുടെ വൈദ്യുതി ഭാഗങ്ങളുടെ അറ്റകുറ്റപ്പണിയും ബാറ്ററി ചാർജ് ചെയ്യൽ, ഒമാനി വസ്ത്ര ഭാഗങ്ങൾ അടിക്കൽ, സ്ത്രീകളുടെ മേലങ്കി തയ്ക്കൽ, വാഹനങ്ങളുടെ റേഡിേയറ്റർ ശുദ്ധീകരണവും റിപ്പയറിങ്ങും, വാഹനങ്ങളുടെ ടയർ- വീൽ കാപ്പ് റിപ്പയറിങ്, വാഹന വാഷിങ് -ലൂബ്രിക്കേഷൻ സ്റ്റേഷൻ, വാഹനങ്ങളുടെ ഒായിൽ മാറ്റൽ, വാഹനങ്ങളുടെ എയർകണ്ടീഷനർ അറ്റകുറ്റപ്പണി, വാഹനങ്ങളുടെ എക്സ്ഹോസ്റ്റ് അറ്റകുറ്റപ്പണി, വാഹനങ്ങളുടെ ക്ലീനിങ്ങും പോളിഷിങ്ങും തുടങ്ങിയ മേഖലകളിൽ ഒമാനികൾക്ക് മാത്രമേ മുതലിറക്കാൻ സാധിക്കുകയുള്ളൂ.
പഴം- പച്ചക്കറി മൊത്ത വ്യാപാരം, പാചക വാതക മൊത്ത വ്യാപാരം- എൽ.പി.ജി ഫില്ലിങ് സ്റ്റേഷൻ, തേനുകളുടെ പ്രത്യേക ചില്ലറ വിൽപന സ്ഥാപനങ്ങൾ, വാഹന ഇന്ധന സ്റ്റേഷൻ, ഡീസൽ ഇന്ധന സ്റ്റേഷൻ, മൊബൈൽ ഫോണിെൻറയും അനുബന്ധ ഉപകരണങ്ങളുടെയും ചില്ലറ സ്ഥാപനങ്ങൾ തുടങ്ങിയവ വിദേശികളുടെ പൂർണ ഉടമസ്ഥതയിൽ തുടങ്ങാൻ കഴിയില്ല. ചിത്രങ്ങൾ, സുവനീറുകൾ, പുരാതന ഉൽപന്നങ്ങൾ, പ്രകൃതിദത്ത പൂക്കളും സസ്യങ്ങളും, പാത്രങ്ങളും കരകൗശല വസ്തുക്കളും, പാചക വാതകം, വെള്ളി ആഭരണങ്ങളും ഗിഫ്റ്റുകളും, ലൈസൻസ്ഡ് ഫോൺ കാർഡുകൾ, മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, ബാഗുകൾ, വിവാഹ ഉൽപന്നങ്ങൾ, പടക്കങ്ങൾ, ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറുകൾ, കല്യാണക്കത്ത് തുടങ്ങിയവ വിൽപന നടത്തുന്ന പ്രത്യേക സ്ഥാപനങ്ങൾ എന്നിവ ഒമാനികളുടെ ഉടമസ്ഥതയിൽ മാത്രമേ പാടുള്ളൂ.
ഉംറ- ഹജ്ജ് ട്രാൻസ്പോർട്ടിങ്, പാചക വാതക സിലിണ്ടറുകളുടെ റോഡ് ട്രാൻസ്പോർട്ടിങ്, സാധനങ്ങളുടെ ഷിപ്പിങ്- അൺലോഡിങ്, കസ്റ്റംസ് ക്ലിയറൻസ് ഒാഫിസ്, കാൻസലായ വാഹനങ്ങളുടെ മൂല്യനിർണയം നടത്തൽ, റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് ഇൻഷുറൻസ് ഏജൻറ്, തൊഴിൽ റിക്രൂട്ട്മെൻറ് ഒാഫിസ്, തൊഴിൽ ഒാഫിസുകൾ, പൊതു കെട്ടിട നിയമ വിഭാഗം, ഫോേട്ടാകോപ്പി ഡോക്യുമെൻറ് പ്രിൻറിങ്, ട്രാൻസാക്ഷൻ ട്രാക്കിങ് ഒാഫിസ്, നിയോൺ പാനൽ സ്ഥാപിക്കലും അസംബ്ലിങ്ങും, ഇന്ധന സ്റ്റേഷൻ നടത്തിപ്പും നിയന്ത്രണവും, ഡ്രൈവിങ് സ്കൂൾ, പ്രേത്യക പുനരധിവാസ കേന്ദ്രങ്ങൾ, വൃദ്ധ സദനങ്ങൾ, അനാഥാലയങ്ങൾ, പുനരധിവാസ വീടുകൾ എന്നീ മേഖലകളാണ് നൂറു ശതമാനം വിദേശ നിക്ഷേപത്തിെൻറ പരിധിയിൽ വരാത്ത മറ്റു സ്ഥാപനങ്ങൾ.
ടൂറിസം സ്ഥാപനങ്ങളിലേത് ഒഴിച്ചുള്ള ലോണ്ടറികൾ, ഡ്രൈ വാഷിങ്, പുരുഷന്മാരുടെ ഹെയർ ഡ്രസിങ്- ഷേവിങ്, സ്ത്രീകൾക്കുള്ള ഹെയർ ഡ്രസിങ്- കോസ്മെറ്റിക് ട്രീറ്റ്മെൻറ്, കുട്ടികളുടെ ഹെയർ ഡ്രസിങ് തുടങ്ങിയ മേഖലകളിലും ഒമാനികൾക്ക് മാത്രമാണ് മുതലിറക്കാൻ സാധിക്കുകയുള്ളൂ. ഇതോടെ വിവിധ മേഖലകളിൽ സ്വന്തമായി മുതൽ മുടക്കി സ്ഥാപനങ്ങൾ തുടങ്ങാമെന്ന് കരുതി കാത്തിരിക്കുന്ന വിദേശികൾക്കാണ് അടിയായിരിക്കുന്നത്. എന്നാൽ, മലയാളികൾ അടക്കമുള്ള വിദേശികൾ ഏറെയുള്ള ഹോട്ടൽ മേഖല ഇതിൽ ഉൾപ്പെട്ടിട്ടില്ല. വിദേശികൾക്ക് പൂർണ ഉടമസ്ഥതയിൽ ഹോട്ടൽ -കഫത്തീരിയ രംഗത്ത് മുതലിറക്കാൻ സാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
