ഒറ്റ മെയ്യായി... ഒരേ മനസ്സായി ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ
text_fields2023ൽ നടന്ന ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മുൻ കേരള ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉദ്ഘാടനം നിർവഹിക്കുന്നു (ഫയൽ ചിത്രം)
മസ്കത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ 2025 ഒക്ടോബർ 23, 24, 25 തീയതികളിൽ മസ്കത്തിലെ അൽ അമീറാത്ത് പാർക്കിൽ നടക്കുകയാണ്. സ്വദേശികളും ഇന്ത്യക്കാരും മറ്റു ദേശക്കാരുമായി ഏകദേശം അര ലക്ഷത്തോളം പേർ സന്ദർശിക്കുന്ന ഈ മഹോത്സവം ഒമാനിലെ എല്ലാ ഭാഷക്കാരുടെയും സംഗമവേദിയാണ്. നാടിന്റെ സംഗീതവും കലാരൂപങ്ങളും സ്റ്റാളുകളുമൊക്കെ ഒരുക്കിക്കൊണ്ട് മലയാള നാടിന്റെ കലാസാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന ഈ ഉത്സവത്തെ ഇത്തവണയും വർധിച്ച ആവേശത്തോടെയാണ് ഇന്ത്യൻ പ്രവാസി സമൂഹം വരവേൽക്കുന്നത്.
ആദ്യകാലത്ത് കേരളോത്സവം എന്നപേരിൽ അറിയപ്പെട്ടിരുന്ന, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗത്തിന്റെ ഏറ്റവും അഭിമാനകരമായ പരിപാടിയാണ് ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ. നാട്ടിൽനിന്ന് നിരവധി പ്രമുഖർ അതിഥിയായി എത്തിയിട്ടുള്ള ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ വേദിയിൽ ഇത്തവണത്തെ അതിഥി കേരളത്തിന്റെ പ്രിയ മുഖ്യമന്ത്രി പിണറായി വിജയനാണ്. 26 വർഷത്തെ ഇടവേളക്കു ശേഷം ഒരു കേരള മുഖ്യമന്ത്രി ഒമാനിലെത്തുന്ന അഭിമാന സന്ദർഭം കൂടിയാണിത്.
കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ തുടങ്ങിയവരും കേരളത്തിൽനിന്ന് അതിഥികളായെത്തുന്നുണ്ട്. നോർക്ക റൂട്ട്സ് ചെയർമാനും ലുലു ഗ്രൂപ് എം.ഡിയുമായ എം.എ. യൂസുഫലി, ഗൾഫാർ എൻജിനീയറിങ് സ്ഥാപക ചെയർമാൻ ഡോ. പി. മുഹമ്മദാലി, ഒമാൻ സർക്കാറിന്റെ ഭാഗമായ മന്ത്രിമാർ, പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
തനത് കലകളുടെ സംഗമഭൂമിയായിരിക്കും ഇത്തവണത്തെ ഉത്സവ വേദി. ഇന്ത്യയിൽനിന്ന് വരുന്നവരും പ്രവാസികളും തദ്ദേശീയരുമുൾപ്പെടെ എഴുനൂറോളം കലാകാരന്മാരാണ് മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കേരളത്തിന്റെ പരമ്പരാഗത വാദ്യനൃത്ത രൂപങ്ങൾക്കു പുറമെ, കഥക്, മണിപ്പൂരി, ഗുജറാത്തി നൃത്തരൂപങ്ങളും വേദിയിലെത്തും. കേരളത്തിലെ അറിയപ്പെടുന്ന ഗായക സംഘം ‘കനൽ’ അവതരിപ്പിക്കുന്ന ഗാനസന്ധ്യ ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ മാറ്റു കൂട്ടും.
ഒമാനിലെ അമ്പതോളം അന്താരാഷ്ട്ര സ്കൂളുകളിലെ ടീമുകൾ പങ്കെടുക്കുന്ന വിപുലമായ ശാസ്ത്ര പ്രദർശന-മത്സരവും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂന്നി ആനുകാലിക ശാസ്ത്ര വിഷയങ്ങളെ അധികരിച്ചാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
ശാസ്ത്രസാങ്കേതിക വിദഗ്ധർ അടങ്ങിയ ജൂറിയാണ് പ്രദർശനം വിലയിരുത്തുന്നത്. ഇത്തവണത്തെ ശാസ്ത്രമേളയുടെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പ്രശസ്ത ശാസ്ത്ര പ്രചാരകനായ ഡോ. രതീഷ് കൃഷ്ണയാണ്. ഇരുനൂറിലധികം എൻട്രികളിൽനിന്ന് തിരഞ്ഞെടുത്ത 32 ശാസ്ത്ര പ്രോജക്ടുകളാണ് ഇത്തവണ മത്സരത്തിനായി പ്രദർശിപ്പിക്കുന്നത്.
കേരളവിഭാഗം അംഗങ്ങളും അഭ്യുദയകാംഷികളുമായി ആയിരക്കണക്കിന് പ്രവർത്തകരുടെ അധ്വാനമാണ് ഈ മഹോത്സവത്തിനു പിന്നിലുള്ളത്. 60 പേരടങ്ങുന്ന ഒരു കോർ കമ്മിറ്റിയുടെ കീഴിൽ 15ഓളം സബ്കമ്മിറ്റികളും ഉൾപ്പെടെ 200ഓളം പേരടങ്ങുന്ന ഒരു സംഘാടകസമിതിയും കഴിഞ്ഞ മൂന്നുമാസമായി ഉത്സവത്തിന്റെ വിജയത്തിനായി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ വേദിയിൽ കലാപ്രകടനം നടത്താൻ സാധിക്കുക എന്നത് ഒമാനിലെ ഏതൊരു കലാകാരനും കലാകാരിയും ആഗ്രഹിക്കുന്നതും അഭിമാനകരമായി പരിഗണിക്കുന്നതുമാണ്. ഈ വേദിയെ സമ്പുഷ്ടമാക്കാൻ ഒമാനിലെ പ്രവാസി സമൂഹത്തിൽനിന്നുള്ളവരും ഒപ്പം നാട്ടിൽനിന്ന് ഇവിടെ എത്തിയവരുമുൾപ്പെടെ, ഈ മഹോത്സവത്തിന്റെ ഭാഗമാകുന്ന എല്ലാ കലാപ്രവർത്തകരെയും നെഞ്ചോടു ചേർത്തഭിവാദ്യം ചെയ്യുന്നു.
ഏതൊരു സംരംഭവും വിജയകരമാകുന്നതിന് ഏറ്റവും പ്രധാന ഘടകങ്ങളിലൊന്ന് അതിന്റെ പ്രായോജകരാണ്. വർഷങ്ങളായി തുടരുന്ന സഹകരണത്തിന്റെ ചരിത്രമാണ് കേരള വിഭാഗവും ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ പ്രായോജകരും തമ്മിലുള്ളത്. ഞങ്ങളുടെ എക്കാലത്തെയും അഭ്യുദയകാംക്ഷികളായ ‘ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്’ ആണ് ഇക്കൊല്ലവും ഐ.സി.എഫിന്റെ പ്രായോജകരായി എത്തുന്നത്. ഈ മഹാമേളയുടെ ഭാഗമാകാൻ ഞങ്ങളുടെ അഭ്യർഥന മാനിച്ചു മുന്നോട്ടുവന്ന എല്ലാ പ്രായോജകരെയും സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു.
പ്രവാസത്തിന്റെ ചൂടും ചൂരും തളർത്താത്ത മനസ്സുമായി മരുഭൂമിയിൽ കാതങ്ങൾ താണ്ടുമ്പോഴും പിറന്ന നാടിന്റെ കലയും സംസ്കാരവും നെഞ്ചോടു ചേർത്തുപിടിക്കുന്ന പ്രവാസിക്ക് ഗൃഹാതുര സ്മരണകളുയർത്തുന്ന അനുഭവമായി ഇന്ത്യൻ കമ്യൂണിറ്റി ഫെസ്റ്റിവൽ മാറും എന്നതിൽ ഞങ്ങൾക്കു തെല്ലും സംശയമില്ല. ഈ മഹാമേളയുടെ ഭാഗമാകാൻ മുഴുവൻ ബഹുജനങ്ങളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

