ഉണർവില്ലാതെ ഉത്രാടപ്പാച്ചിൽ
text_fieldsമസ്കത്ത്: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഉണർവും ഉത്സാഹവുമില്ലാതെ പ്രവാസലോകം ഒാണാഘോഷത്തിന് ഒരുങ്ങുന്നു. ഉത്രാടപ്പാച്ചിലായ വെള്ളിയാഴ്ച മസ്കത്തിലെ ഹൈപ്പർ മാർക്കറ്റുകളിലെ ഒാണവിപണികളിലൊന്നും കാര്യമായ ഉണർവ് കണ്ടില്ല. ബലിപെരുന്നാളിെൻറ ഭാഗമായുള്ള അവധിദിനങ്ങൾ അവസാനിക്കുന്നത് തിരുവോണ ദിവസമായ ശനിയാഴ്ചയാണ്. കഴിഞ്ഞ ഒന്ന് രണ്ട് വർഷമായി ഗൾഫിൽ ബലിപെരുന്നാൾ അവധിദിനത്തോട് അനുബന്ധിച്ചാണ് തിരുവോണവും വരുന്നത്. അതുകൊണ്ടുതന്നെ കൂട്ടുകാരെയും സുഹൃത്തുക്കളെയും വിളിച്ചുള്ള ഒാണസദ്യയും ഒാണാഘോഷവുമടക്കം ഇൗ ദിനങ്ങളിൽ നടന്നിരുന്നു.
കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റുകളിലും ബാച്ച്ലേഴ്സിെൻറ താമസയിടങ്ങളിലുമെല്ലാം കഴിഞ്ഞവർഷങ്ങളിൽ ഒരുക്കിയിരുന്ന പൂക്കളങ്ങളുടെ എണ്ണം ഇക്കുറി വളരെയേറെ കുറയാനാണ് സാധ്യത. ബലിപെരുന്നാളും ഒാണവും മുൻനിർത്തി മലയാളികളുടെ കച്ചവടം കൂടുതലായി ലഭിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ സാധനങ്ങൾ കൂടുതലായി സ്റ്റോക് ചെയ്യുന്നതടക്കം മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, കുത്തിയൊലിച്ചെത്തിയ മഹാപ്രളയം പകർന്ന വേദനയിൽ ആഘോഷങ്ങൾക്കുള്ള മാനസികാവസ്ഥ പ്രവാസി മലയാളികൾക്ക് ഇല്ലാതെയായി. പെരുന്നാൾ, ഒാണം ആഘോഷങ്ങൾക്ക് പൊലിമയും മോടിയും വേണ്ടെന്ന പ്രവാസി മലയാളികളുടെ തീരുമാനം കച്ചവട സ്ഥാപനങ്ങളിൽ വ്യാപാരം വലിയ അളവിൽ കുറച്ചു.
സാധാരണ വർഷങ്ങളിൽ മലയാളികളിൽനിന്ന് ലഭിക്കുന്ന കച്ചവടത്തിെൻറ നാലിൽ ഒന്നുപോലും ഇത്തവണ ഓണം-ഈദ് സമയത്ത് ലഭിച്ചില്ലെന്ന് നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് വ്യക്തമാക്കി. നാട്ടിലെ അവസ്ഥയുടെ പശ്ചാത്തലത്തിൽ കച്ചവടം കുറഞ്ഞതിൽ ദുഃഖമില്ലെന്നും നാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യത്തിന് സഹായം എത്തിക്കുന്നുണ്ടെന്നും ഇവർ പറഞ്ഞു. വസ്ത്ര വിപണിയിലോ, സ്വർണാഭരണ വിപണിയിലോ ഓണത്തിെൻറ പ്രതിഫലനം പ്രകടമായില്ല.
പതിവായി ഒാണം-പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന സംഘടനകളും കൂട്ടായ്മകളും ആഘോഷ പരിപാടികൾ ഒഴിവാക്കി പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ സോഷ്യൽക്ലബിന് കീഴിലുള്ള മലയാളം വിങ്, കേരള വിങ് എന്നിവക്ക് പുറമെ ഒ.ഐ.സി.സി ഒമാൻ അടക്കം നിരവധി കൂട്ടായ്മകളും സംഘടനകളും ഇൗ പ്രഖ്യാപനം നൽകിയിട്ടുണ്ട്. ഇവരിൽ പലരും ദുരിതാശ്വാസ നിധിയിലേക്കുള്ള വിഹിതം കൈമാറിക്കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളും ഇൗ മാതൃക പിന്തുടരുന്നുവെന്നതാണ് സന്തോഷകരമായ മറ്റൊരു കാര്യം. ബദർ അൽ സമാ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസും, മാർസ് ഹൈപ്പർ മാർക്കറ്റും ഇത്തവണത്തെ വിപുലമായ ഓണാഘോഷം ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് മാനേജിങ് ഡയറക്ടർ വി.ടി. വിനോദ് പറഞ്ഞു. ഇതോടൊപ്പം ബദർ അൽ സമാ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിലെ ജീവനക്കാരുടെയും മാനേജ്മെൻറിെൻറയും വിഹിതമായ 85 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ഇതിന് പുറമെ മാർസ് ജീവനക്കാരുടെ വിഹിതവും ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുമെന്ന് വി.ടി വിനോദ് പറഞ്ഞു.
സ്വർണത്തിന് വിലയിടിവുള്ള സമയം ആയതിനാൽ പൊതുവെ കച്ചവടം കൂടുതൽ ആയിരുന്നു. എന്നാൽ, മലയാളികളുടെ കച്ചവടം പൊതുവെ കുറവായിരുന്നെന്ന് കൊച്ചിൻ ഗോൾഡ് മാനേജിങ് ഡയറക്ടർ ജഗ്ജിത് പ്രഭാകരൻ പറഞ്ഞു. തുണിക്കടകളിലും പുതുവസ്ത്രങ്ങൾ വാങ്ങാൻ അധികം ആളുകൾ ഉണ്ടായില്ല. അതോടൊപ്പം, മുൻവർഷങ്ങളിലെ പോലെ ഹോട്ടലുകൾ വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിട്ടുണ്ടെങ്കിലും കാര്യമായ ബുക്കിങ് ലഭിച്ചിട്ടില്ല. അനന്തപുരി ഗ്രൂപ്പിന് കീഴിലുള്ള മൂന്നു ഹോട്ടലുകളിലും തിരുവോണത്തിന് ഭക്ഷണം കഴിക്കുന്നവർക്ക് ബില്ല് നൽകില്ല. പകരം അതിഥികൾക്ക് ഇഷ്ടമുള്ള തുക അവിടെ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നിക്ഷേപിക്കാം. വൈകുന്നേരം മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ പെട്ടി തുറന്ന് തുക എത്രയെന്ന് വെളിപ്പടുത്തുമെന്ന് മാനേജിങ് ഡയറക്ടർ ബിബി ജേക്കബ് പറഞ്ഞു.
പൊതുഅവധി ദിനങ്ങളിൽ നാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനുള്ള നല്ലൊരു വിഭാഗം മലയാളികളുടെ പ്രവർത്തനങ്ങൾ തിരുവോണദിനത്തിലും തുടരും. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ സ്വരൂപിച്ച നല്ലൊരു വിഭാഗം സാധനങ്ങളും നാട്ടിലെത്തിക്കഴിഞ്ഞു. ബാക്കിയുള്ള സാധനങ്ങൾ കൂടി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളിലാണ് കൂട്ടായ്മകൾ. ഇതോടൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിേലക്ക് അടക്കം പണമായി സഹായം എത്തിക്കുന്നതിനുള്ള കാമ്പയിനുകളും ശ്രമങ്ങളും നടന്നുവരുന്നുണ്ട്. ദുരിതം അനുഭവിക്കുന്നവർ ഒറ്റക്കല്ല, തങ്ങൾ ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച് ദുരിതബാധിതർക്ക് െഎക്യപ്പെട്ടുള്ള പ്രവർത്തനങ്ങളാണ് ഒമാനിലെ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
