കുഞ്ഞൂഞ്ഞ്, കാലത്തിന് അതീതൻ
text_fieldsഉമ്മൻ ചാണ്ടിയോടൊപ്പം ലേഖകൻ
ഉമ്മൻ ചാണ്ടി എന്ന പൊതുപ്രവർത്തകൻ ഒരു ജനതയുടെ വികാരമായിരുന്നു. ഒരു ജനപ്രതിനിധി, ഭരണാധികാരി എങ്ങനെയായിരിക്കണം എന്നും എന്തായിരിക്കണമെന്നും അദ്ദേഹം സ്വജീവിതത്തിലൂടെ കേരളജനതക്ക് കാട്ടിക്കൊടുത്തു. അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ജനങ്ങളോടൊപ്പം ജീവിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുഞ്ഞൂഞ്ഞ് നടപ്പാക്കിയ പുരോഗമന പദ്ധതികൾ കേരളത്തിന്റെ വികസനത്തിന്റെ നാഴികല്ലുകളായിരുന്നു. വികസന പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള അദ്ദേഹത്തിന്റെ ശുഷ്കാന്തി രാഷ്ട്രീയ ഭേദമെന്യേ എല്ലാവർക്കും പ്രചോദനമായിരുന്നു. സാധാരണക്കാരന് ഏത് സമയത്തും ആവശ്യ നിവൃത്തിക്ക് എപ്പോഴും കടന്നുചെല്ലാവുന്ന തുറന്നുകിടക്കുന്ന വാതായനമായിരുന്നു അദ്ദേഹത്തിന്റെ ഹൃദയം. അതിന് ഉത്തമ ഉദാഹരണമാണ് തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെളുപ്പിനെ അഞ്ചുമണി മുതലുള്ള ജനങ്ങളുടെ തിരക്ക്.
50 വർഷത്തിലേറെയായി ഒരു മണ്ഡലത്തിൽ നിന്ന് ജനപ്രതിനിധിയായി തെരഞ്ഞെക്കപ്പെട്ട ഒരേയൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പ്രവാസികാര്യവകുപ്പ് രൂപവത്കരിക്കുകയും അതിന് ഒരു പൂർണ ചുമതലയുള്ള പ്രവാസികാര്യ മന്ത്രിയെ നിയമിക്കുകയും ചെയ്തു. ഒട്ടനവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുകയും പ്രവാസികളുടെ ജീവിതസാഹചര്യങ്ങളും അവരുടെ പ്രയാസങ്ങളും ഏറെ മനസ്സിലാക്കിയ ഒരു ഭരണാധികാരിയായിരുന്നു അദ്ദേഹം.
ജോലിതട്ടിപ്പിനിരയായവർ, കേസുകളിൽപെട്ട് ജയിലിൽ കഴിഞ്ഞവർ, പ്രവാസലോകത്ത് മരണപ്പെട്ടവരുടെ ഭൗതികശരീരം നാട്ടിലെത്തിക്കുക തുടങ്ങിയ എല്ലാ പ്രശ്നങ്ങളിലുമുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ പ്രവാസലോകത്തെ സാമൂഹികപ്രവർത്തകർക്ക് മറക്കാനാവില്ല. കോവിഡ് സമയത്ത് അനുഭവിച്ചുവന്ന ദുരിതത്തിൽനിന്ന് പ്രവാസികളെ രക്ഷിക്കുന്നതിന് അദ്ദേഹം ചെയ്ത സഹായം വലുതാണ്. ഇറാഖിൽ യുദ്ധസമയത്ത് കുടുങ്ങിക്കിടന്ന മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കുന്നതിന് നടത്തിയ ഇടപെടലുകൾ ഓരോ പ്രവാസിക്കും മറക്കാൻ കഴിയാത്തതാണ്. വിടവാങ്ങിയിട്ട് രണ്ടാണ്ട് തികയുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമകൾ നമ്മുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

