ഒമിക്രോൺ: നടപടി ശക്തമാക്കാൻ സാധ്യത
text_fieldsമസ്കത്ത്: രാജ്യത്ത് രണ്ടുപേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ നടപടി ശക്തമാക്കാൻ സാധ്യത. വിദേശത്തു നിന്നെത്തിയ സ്വദേശികളായ രണ്ടുപേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റുകാര്യങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒമിക്രോണിെൻറ സാന്നിധ്യം ലോകത്ത് കണ്ടെത്തിയ സമയത്തു തന്നെ ഏഴു രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, നമീബിയ, ബൊട്സ്വാന, സിംബാബ്വെ, ലസൂട്ടു, ഈശ്വതിനി, മൊസാംബീക് എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്കാണ് താൽകാലിക വിലക്ക് കോവിഡ് സുപ്രീംകമ്മിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, രാജ്യത്ത് കോവിഡിെൻറ പുതിയ വകഭേദം സ്ഥിരീകരിച്ച സ്ഥിതിക്ക് എന്തൊക്കെ നിയന്ത്രണങ്ങളും നടപടികളുമാണുണ്ടാവുക എന്നത് വരും ദിവസങ്ങളിലേ അറിയാൻ കഴിയുകയുള്ളൂ. ഈ വിഷയത്തിൽ അടുത്ത ദിവസങ്ങളിൽ കോവിഡ് അലോകന സുപ്രീംകമ്മിറ്റിയുടെ തീരുമാനങ്ങളും ആരോഗ്യമന്ത്രാലയത്തിെൻറ നിർദേശങ്ങളും വന്നേക്കും.
അതേസമയം, രാജ്യത്ത് കോവിഡ് കേസുകളും നേരീയ തോതിൽ വർധിക്കുന്നുണ്ട്. ഈ മാസം ആദ്യത്തെ രണ്ട് ആഴ്ചവരെ 180 ആളുകൾക്കാണ് കോവിഡ് പിടിപെട്ടത്. ഇതിൽ പല ദിവസങ്ങളിലും 20ന് മുകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.102 ആളുകൾക്ക് അസുഖം ഭേദമാകുകയും ചെയ്തു. ആദ്യത്തെ ആഴ്ച വെറും 74 പേർക്കാണ് കോവിഡ് പിടിപെട്ടതെങ്കിൽ രണ്ടാമത്തെ ആഴ്ച 106 ആയി ഉയരുകയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഈ മാസം 14 വരെയുള്ള കണക്ക് പ്രകാരം ഒമ്പതുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. നവംബർ അവസാനത്തോടെ വെറും നാല് രോഗികൾ മാത്രമാണ് ആശുപത്രിയിൽ ഉണ്ടായിരുന്നത്. മഹാമാരി പിടിപെട്ട് തുടങ്ങിയതിനു ശേഷം രാജ്യത്ത് ആദ്യമായി ഐ.സി.യുവിൽ കഴിയുന്നവരുടെ എണ്ണം ഒരാളിലേക്ക് നവംബറിൽ ചുരുങ്ങിയിരുന്നു. നിലവിൽ മൂന്നുപേരാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെങ്കിലും ജാഗ്രത കൈവിടരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
ബൂസ്റ്റർ ഡോസടക്കം നൽകി മഹാമാരിക്കെതിരെ ഊർജിതമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് നടക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ബൂസ്റ്റർ ഡോസ് നല്കാന് സുപ്രീംകമ്മിറ്റി കഴിഞ്ഞ ദിവസം അനുവാദം നല്‍കിയിട്ടുണ്ട്. സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരുടെയും വിദ്യാർഥികളുടെയും പ്രവേശനം വിലക്കുന്നതിന് ഒരു ഏകീകൃത സംവിധാനം ഏർപ്പെടുത്താനും തീരുമാനമായിട്ടുണ്ട്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പൂർണമായും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

