ഒമാനിൽ 382 തടവുകാർക്ക് സുൽത്താൻ പൊതുമാപ്പ് നൽകി
text_fieldsമസ്കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ബലിപെരുന്നാൾ പ്രമാണിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പൊതുമാപ്പ് പ്രഖ്യാപിച്ചു. പരമാധികാരിയും സായുധസേനയുടെ സുപ്രീം കമാൻഡറുമായ സുൽത്താന്റെ പ്രത്യേക ഉത്തരവ് പ്രകാരം ഒമാൻ പൗരന്മാരും വിദേശികളും ഉൾപ്പെടെ 382 തടവുകാർക്കാണ് മോചനം ലഭിക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പെരുന്നാൾ ആഘോഷവേളയിൽ തടവുകാരുടെ കുടുംബങ്ങളുടെ സാഹചര്യം കണക്കിലെടുത്തും സുൽത്താന്റെ മാനുഷിക പരിഗണന മുൻനിർത്തിയുമാണ് ഈ കാരുണ്യ നടപടി. ജയിൽ മോചിതരാകുന്ന വിദേശികളിൽ പ്രവാസികളും ഉൾപ്പെടുമെന്നാണ് സൂചന.
സ്വദേശികൾക്കും പ്രവാസികൾക്കും ആശംസകൾ നേർന്ന് സുൽത്താൻ
മസ്കത്ത്: വിശുദ്ധ ഈദുൽ അദ്ഹ പ്രമാണിച്ച് ഒമാനിലെ സ്വദേശികൾക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കും ആശംസകൾ നേർന്ന് സുൽത്താൻ ഹൈതം ബിൻ താരിഖ്. ലോകമെമ്പാടുമുള്ള വിശ്വാസികൾ വിശുദ്ധമായ ഹജ്ജ് കർമ്മങ്ങളുടെ ധന്യതയിൽ ബലിപെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന ഈ വേളയിൽ ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ മംഗളങ്ങളും അനുഗ്രഹങ്ങളും നേരുന്നതായി സുൽത്താൻ സന്ദേശത്തിൽ വ്യക്തമാക്കി. ഏവർക്കും നല്ല ആരോഗ്യവും സന്തോഷവും ഐശ്വര്യവും ഉണ്ടാകട്ടെയെന്നും, ഈ പെരുന്നാൾ ദിനങ്ങൾ സമാധാനവും സുരക്ഷിതത്വവും നിറഞ്ഞതാകട്ടെ എന്നും അദ്ദേഹം സർവ്വശക്തനായ ദൈവത്തോട് പ്രാർഥിച്ചു. ഒമാൻ രാജ്യത്തിനും ഇവിടുത്തെ ജനങ്ങൾക്കും നന്മയും പുരോഗതിയും സുരക്ഷിതത്വവും എന്നും നിലനിൽക്കട്ടെ എന്നും സുൽത്താൻ ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

