നയതന്ത്ര മേഖലയിൽ വീണ്ടും ഒമാന്റെ വിജയത്തിളക്കം
text_fieldsമസ്കത്ത്: യെമനിൽ വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ഒമാൻ നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക രാജ്യങ്ങൾ. അമേരിക്കയും യമനിലെ ഹൂതികളും തമ്മിൽ വെടിനിർത്തൽ കരാറിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഒമാന്റെ മധ്യസ്ഥതയെ തുടർന്നാണ് ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. അമേരിക്കയുമായും യെമനിലെ സൻആയിൽ ബന്ധപ്പെട്ട അധികാരികളുമായും നടത്തിയ സമീപകാല ചർച്ചകൾക്കും ഇടപെടലുകൾക്കുംശേഷമാണ് കരാറിലെത്താൻ കഴിഞ്ഞതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയത്തിലെ വക്താവ് വ്യക്തമാക്കി.
അമേരിക്കക്കും യമനും ഇടയിൽ വെടിനിർത്തലിലേക്ക് നയിച്ച നിർണായക മധ്യസ്ഥ ശ്രമങ്ങൾക്ക് ഗൾഫ് സഹകരണ കൗൺസിൽ ഒമാനെ പ്രശംസിച്ചു. പ്രാദേശിക സമാധാനവും സുരക്ഷയും മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുൽത്താനേറ്റിന്റെ ‘സൃഷ്ടിപരവും സജീവവുമായ പങ്കിനുള്ള’ തെളിവാണിതെന്ന്ജി .സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക പിരിമുറുക്കം വർധിക്കുന്ന നിമിഷങ്ങളിൽ ഒമാന്റെ നിശബ്ദ നയതന്ത്രം വീണ്ടും ഒരു വിശ്വസ്ത മധ്യസ്ഥനായി നിലകൊള്ളുന്നുവെന്ന് അൽബുദൈവി എടുത്തുപറഞ്ഞു.
വെടിനിർത്തൽ കരാർ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിൽ സംഘർഷം കുറക്കുന്നതിനും സമുദ്ര സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്. ഗൾഫിലും പുറത്തും സ്ഥിരത വളർത്തുന്നതിനുള്ള കൗൺസിലിന്റെ കൂട്ടായ പ്രതിബദ്ധത ജി.സി.സി സെക്രട്ടറി ജനറൽ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. സുൽത്താനേറ്റ് നടത്തിയ നയതന്ത്ര ശ്രമങ്ങളെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഈ നടപടി നാവിഗേഷൻ സ്വാതന്ത്ര്യവും അന്താരാഷ്ട്ര വാണിജ്യ കപ്പലിന്റെ സുഗമമായ ഒഴുക്കും ഉറപ്പാക്കാൻ സഹായിക്കുമെന്ന് മന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ തർക്കവിഷയങ്ങൾ പരിഹരിക്കുന്നതിനുള്ള സംഭാഷണങ്ങൾക്കും നയതന്ത്ര പരിഹാരങ്ങൾക്കും കുവൈത്തിന്റെ പിന്തുണ മന്ത്രാലയം ആവർത്തിച്ചു. ഇക്കാര്യത്തിൽ സുൽത്താനേറ്റിന്റെ ശ്രമങ്ങളെ പ്രശംസിക്കുക്കകയാണെന്നും പറഞ്ഞു. വെടിനിർത്തൽ കരാറിലേക്ക് നയിച്ച ഒമാന്റെ ശ്രമങ്ങളെ ഖത്തർ സ്വാഗതം ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ കരാർ നാവിഗേഷൻ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര വാണിജ്യ ഷിപ്പിങിന്റെ തടസ്സമില്ലാത്ത ഒഴുക്ക് ഉറപ്പാക്കുന്നതിനും സഹായിക്കും.
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അവശ്യ ഉപകരണങ്ങളായി നയതന്ത്രത്തിനും സംഭാഷണത്തിനും ഖത്തറിന്റെ ശക്തമായ പിന്തുണ മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. കരാറിലെത്തുന്നതിൽ ഒമാൻ സുൽത്താനേറ്റ് വഹിച്ച ക്രിയാത്മക പങ്കിനോടുള്ള ഖത്തറിന്റെ നന്ദിയും മന്ത്രാലയം പ്രകടിപ്പിച്ചു. സുൽത്താനേറ്റിന്റെ ശ്രമങ്ങളെ ജോർഡൻ വിദേശകാര്യ-പ്രവാസി മന്ത്രാലയവും സ്വാഗതം ചെയ്തു. മേഖലയിൽ കൂടുതൽ പിരിമുറുക്കവും സംഘർഷവും തടയുന്നതിനും നാവിഗേഷൻ സ്വാതന്ത്ര്യവും അന്താരാഷ്ട്ര വ്യാപാരവും സംരക്ഷിക്കുന്നതിനുമുള്ള ഫലപ്രദമായ ഒരു ചുവടുവെപ്പാണ് ഈ കരാറെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സംഭാഷണങ്ങളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും സംഘർഷങ്ങൾ പരിഹരിക്കുന്നതിനും അതുവഴി പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്ന ഈ കരാറിനെ രാജ്യം സ്വാഗതം ചെയ്യുന്നതായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് അംബാസഡർ ഡോ. സുഫ്യാൻ അൽ ഖുദ പറഞ്ഞു.
മേഖലയിലെ തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനും അതുവഴി ലോകത്ത് സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും രാജ്യത്തിന്റെ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഒമാൻ നടത്തിയ നയതന്ത്ര ശ്രമങ്ങളെ ഇറാഖ് വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മേഖലയിൽ സമാധാനവും സ്ഥിരതയും വർധിപ്പിക്കേണ്ടതിന്റെയും, കാഴ്ചപ്പാടുകൾ കൂടുതൽ അടുപ്പിക്കേണ്ടതിന്റെയും വിവിധ കക്ഷികൾക്കിടയിൽ വിശ്വാസത്തിന്റെ പാലങ്ങൾ പണിയേണ്ടതിന്റെയും ആവശ്യകത മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചെങ്കടലിലെ സമുദ്ര ഗതാഗതത്തിൽ ഈ നടപടി ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. വരാനിരിക്കുന്ന കാലഘട്ടം ശാന്തമാകുമെന്നും ഗസ്സ മുനമ്പിലെ ഇസ്രായേൽ അധിനിവേശ യുദ്ധം അവസാനിക്കുന്നതിലേക്ക് നയിക്കുമെന്നും പ്രതീക്ഷിക്കുന്നു. മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണയും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

