മേഖലയിലെ സുസ്ഥിരതയിൽ ഒമാന്റെ പങ്ക് നിർണായകം- ഇറാൻ
text_fieldsഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇറാന്റെ വിദേശ- രാഷ്ട്രീയകാര്യ ഉപമന്ത്രി ഡോ. മജീദ് തഖ്ത് റവാഞ്ചി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: മേഖലയിലെ സ്ഥിരതയും വിവിധ കക്ഷികൾ തമ്മിലുള്ള സംവാദവും പ്രോത്സാഹിപ്പിക്കുന്നതിൽ ഒമാൻ സ്വീകരിച്ച സന്തുലിതവും നിർമാണാത്മകവുമായ സമീപനം പ്രശംസനീയമാണെന്ന് ഇറാന്റെ വിദേശ-രാഷ്ട്രീയ കാര്യ ഉപമന്ത്രി ഡോ. മജീദ് തഖ്ത് റവാഞ്ചി പറഞ്ഞു. മസ്കത്തിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ആണവചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇറാൻ പ്രതിബദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും എന്നാൽ അമേരിക്ക മുൻകൂറായി നിശ്ചയിച്ച വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചർച്ചയിൽ പരസ്പരബഹുമാനവും എല്ലാ കക്ഷികളെയും സമമായി കാണുകയും വേണമെന്നും അതാണ് യഥാർഥ സംവാദമെന്നും ഡോ. റവാഞ്ചി പറഞ്ഞു. മുൻ ആണവചർച്ചകളിൽ ഒമാൻ സ്വീകരിച്ച സത്യസന്ധവും സന്തുലിതവുമായ മധ്യസ്ഥ നിലപാട് അദ്ദേഹം എടുത്തുപറഞ്ഞു. ഇറാനും ഒമാനും തമ്മിലെ വാർഷിക രാഷ്ട്രീയ ആലോചനയോഗത്തിന്റെ ഭാഗമായി മസ്കത്തിൽ എത്തിയതായിരുന്നു അദ്ദേഹം.
‘സൂക്ഷ്മമായ പ്രാദേശികവിഷയങ്ങളിൽ ഒമാൻ വിശ്വസ്ത പങ്കാളിയും മധ്യസ്ഥനുമാണ്. സംഘർഷങ്ങളും എതിർപ്പുകളും കുറക്കുന്നതിനും സംവാദം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാൻ എപ്പോഴും ഗുണപരമായ പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ തുടർപങ്കാളിത്തത്തെ ഞങ്ങൾ ഏറെ വിലമതിക്കുന്നുവെന്നും ഇറാനിയൻ എംബസിയിൽ നടന്ന വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രാദേശിക സുരക്ഷയും സ്ഥിരതയും എല്ലാ അയൽരാജ്യങ്ങളുടെയും സംയുക്ത ഉത്തരവാദിത്തം ആണെന്ന് റവാഞ്ചി അഭിപ്രായപ്പെട്ടു.
ഇറാൻ-ഇസ്രായേൽ സംഘർഷസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ സ്വാധീനവും ദേശീയതാൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ‘ഞങ്ങൾ സമാധാനത്തിൽ വിശ്വസിക്കുന്നു, എന്നാൽ സുരക്ഷ ഉറപ്പാക്കാനുള്ള മുന്നൊരുക്കത്തിൽ ഇറാൻ പിന്നോട്ടില്ല. ഇറാൻ ചര്ച്ചകളിൽ ഏർപ്പെട്ടിരിക്കെ ഇസ്രായേൽ നടത്തിയ ആക്രമണം വ്യക്തമായ ‘വഞ്ചന’ ആയിരുന്നു’. ആണവപ്രശ്നം ഒമാനുമായുള്ള ചർച്ചകളിൽ ഉൾപ്പെട്ടിരുന്നുവെന്നും ഇറാൻ എപ്പോഴും നിർമാണാത്മകമായ സംഭാഷണത്തിന് പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ തമ്മിൽ കൂടുതൽ ഐക്യവും സഹകരണവും ആവശ്യമാണ്. അഭിപ്രായവ്യത്യാസങ്ങൾ വൈരത്തിന്റെ അടയാളമല്ല. വികസനവും സ്ഥിരതയും ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ കൈകോർക്കണം. നമ്മുടെ ഭാവിയും വിധിയും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്റെ വിദേശ-രാഷ്ട്രീയകാര്യ ഉപമന്ത്രി ഡോ. മജീദ്
തഖ്ത് റവാഞ്ചി
ഒമാൻ-ഇറാൻ ബന്ധങ്ങളെക്കുറിച്ച് സംസാരിക്കവെ, ഇരുരാജ്യങ്ങളും രാഷ്ട്രീയ-സാമ്പത്തിക സഹകരണത്തിന്റെ വിപുലമായ ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് റവാഞ്ചി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും നേതാക്കളുടെ ഉറച്ച മനസ്സാണ് ഈ പുരോഗതിക്ക് പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലുള്ള കരാറുകളുടെ പുരോഗതി വിലയിരുത്തുന്നതിനും പുതിയ സഹകരണ സാധ്യതകൾ അന്വേഷിക്കുന്നതിനും ഇരുരാജ്യങ്ങളും ചർച്ചകൾ തുടരാൻ സമ്മതിച്ചിട്ടുണ്ടെന്ന് റവാഞ്ചി അറിയിച്ചു.
നേരത്തെ, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി റവാഞ്ചി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക-വാണിജ്യബന്ധം ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ സംബന്ധിച്ച് ചർച്ചയായി. സാമ്പത്തിക രംഗത്ത്, ഇറാൻ-ഒമാൻ വ്യാപാരവും നിക്ഷേപവും കഴിഞ്ഞ വർഷങ്ങളിൽ ഗണ്യമായി വർധിച്ചതായി റവാഞ്ചി ചൂണ്ടിക്കാട്ടി. ഊർജം, സമുദ്രഗതാഗതം, വ്യവസായ നിക്ഷേപം, ടൂറിസം എന്നീ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തെഹ്റാനിൽ ഒമാൻ പ്രതിനിധിയെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചതായ വാർത്തകൾ റവാഞ്ചി തള്ളി. ‘ഇറാൻ വിദേശകാര്യ മന്ത്രാലയം ഒമാൻ പ്രതിനിധിയെ വിളിപ്പിച്ചിട്ടില്ല, മറിച്ച് ക്ഷണിച്ചതാണ്. ഈ ക്ഷണം ഒമാനിൽ നടന്ന കുപ്പിവെള്ള വിഷബാധ സംഭവം സംബന്ധിച്ച വിശദീകരണങ്ങൾ നൽകുന്നതിനായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

