ഖസബിൽ നങ്കൂരമിട്ട് ഒമാന്റെ അഭിമാന പായ്ക്കപ്പൽ
text_fieldsഖസബ്: റോയൽ നേവിയുടെ പരിശീലന പായ്ക്കപ്പലായ ‘ശബാബ് ഒമാൻ രണ്ട്’ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്ത് എത്തിച്ചേർന്നു. അവധിദിനങ്ങളിൽ ഖസബ് തുറമുഖത്തെത്തിയ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും ഇത് അപൂർവ കാഴ്ചാവിരുന്നായി. ഗാംഭീര്യത്തോടെയുള്ള മൂന്ന് പായ്മരങ്ങളോടുകൂടിയ ഈ കപ്പൽ ഖസബിലെ കടൽത്തീരത്ത് നങ്കൂരമിട്ട് നിൽക്കുന്നത് മനോഹരമായ ദൃശ്യമായി.
ഒമാന്റെ സമുദ്ര പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകം കൂടിയായ പായ്ക്കപ്പൽ സന്ദർശിക്കാനും ഫോട്ടോ പകർത്താനും റോയൽ നേവി അവസരമൊരുക്കിയിരുന്നു. ഒമാന്റെ പ്രശസ്തി ലോകത്തിന്റെ നെറുകയിലെത്തിച്ച ‘ശബാബ് ഒമാൻ- രണ്ട്’ അടുത്തറിയാനായതിന്റെ കൗതുകത്തിലും അതിരറ്റ സന്തോഷത്തിലുമായിരുന്നു സന്ദർശകർ. ദേശീയ ദിനാഘോഷ അവധിദിവസങ്ങളിൽ കപ്പൽ സന്ദർശിച്ചവർക്ക് ഓർമക്കായി സുവനീറും നേവി അംഗങ്ങൾ കൈമാറി. ബുധനാഴ്ച ഖസബ് തുറമുഖത്തെത്തിയ പായ്ക്കപ്പൽ അടുത്തദിവസങ്ങളിൽ തുറമുഖത്തുനിന്ന് യാത്ര തിരിക്കുമെന്നാണ് വിവരം.
ശബാബ് ഒമാൻ- രണ്ട് പായ്ക്കപ്പലിന്റെ അകത്തുനിന്നുള്ള ദൃശ്യങ്ങൾ
ഒക്ടോബർ അവസാനത്തിലാണ് ശബാബ് ഒമാൻ- രണ്ട് ഏഴാമത് അന്താരാഷ്ട്രയാത്ര പൂർത്തിയാക്കിയത്. ‘ഗ്ലോറി ഓഫ് ദ സീസ് 2025’ എന്ന പേരിലായിരുന്നു ശബാബ് ഒമാൻ-രണ്ടിന്റെ അന്താരാഷ്ട്ര യാത്ര. ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ പായ്ക്കപ്പലിന് റോയൽ നേവി ഓഫ് ഒമാന്റ നേതൃത്വത്തിൽ ഗംഭീര സ്വീകരണവുമൊരുക്കിയിരുന്നു. യൂറോപ്പിലെ വിവിധ തുറമുഖങ്ങൾ സന്ദർശിച്ച ഈ യാത്ര രാജ്യങ്ങൾക്കിടയിൽ സമാധാനവും സൗഹൃദവും പ്രചരിപ്പിക്കുകയും ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകം ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യമിട്ടത്. യാത്രക്കിടെ ശബാബ് ഒമാൻ-രണ്ട് നിരവധി അന്താരാഷ്ട്ര സമുദ്ര പുരസ്കാരങ്ങൾ നേടിയിരുന്നു. ഈ വർഷം ഏപ്രിൽ 30ന് ആരംഭിച്ച യാത്രയിൽ കപ്പൽ ആറുമാസംകൊണ്ട് 18,000 നോട്ടിക്കൽ മൈലിലധികം ദൂരമാണ് സഞ്ചരിച്ചത്. ഇതിനിടെ 30 ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിച്ചു.
15 രാജ്യങ്ങളിലായി 24 തുറമുഖങ്ങളിൽ ശബാബ്-രണ്ട് നങ്കൂരമിട്ടു. ലോകമെമ്പാടുമുള്ള തുറമുഖങ്ങളിൽ സൗഹൃദസന്ദർശനം നടത്തുന്ന ഈ കപ്പൽ, അന്താരാഷ്ട്രവേദികളിൽ ഒമാന്റെ സംസ്കാരത്തെയും പാരമ്പര്യത്തെയും പ്രതിനിധീകരിക്കുന്ന ഒരു സാംസ്കാരിക അംബാസഡർ കൂടിയാണ്. പ്രധാനമായും ഒമാൻ നാവികസേനയിലെ യുവ കേഡറ്റുകൾക്ക് പായ്ക്കപ്പൽ പരിശീലനം നൽകാനാണ് ഈ കപ്പൽ ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

