യു.എൻ സെക്രട്ടറി ജനറലിന് ഒമാന്റെ പരമോന്നത ബഹുമതി
text_fieldsഅൽ ബറക കൊട്ടാരത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിനെ
സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിക്കുന്നു
മസ്കത്ത്: അന്താരാഷ്ട്ര തലത്തിൽ സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയതന്ത്ര-രാഷ്ട്രീയ ഇടപെടലുകൾക്ക് അംഗീകാരമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് ഒമാന്റെ പരമോന്നത ബഹുമതിയായ ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു. തിങ്കളാഴ്ച അൽ ബറക കൊട്ടാരത്തിൽ സുൽത്താൻ നൽകിയ സ്വീകരണത്തിനിടെയായിരുന്നു ബഹുമതി സമ്മാനിച്ചതെന്ന് ഒമാൻ വാർത്ത ഏജൻസി അറിയിച്ചു.
സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിനും ആഗോള സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമായി ഗുട്ടറസ് നടത്തിയ തുടർച്ചയായ ശ്രമങ്ങളും ഒമാനുമായി പുലർത്തുന്ന സഹകരണവും പരിഗണിച്ചാണ് ബഹുമതി നൽകിയത്.
ബഹുമതിക്ക് നന്ദി അറിയിച്ച ഗുട്ടറസ്, ഒമാന്റെ സന്തുലിതവും നിർമാണാത്മകവുമായ വിദേശനയത്തെയും പ്രാദേശികവും അന്താരാഷ്ട്രവുമായ വിഷയങ്ങളിൽ സംവാദവും മധ്യസ്ഥതയും നയതന്ത്രപരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ ദീർഘകാല പങ്കിനെയും പ്രശംസിച്ചു.
ആഗോള തലത്തിൽ സ്ഥിരതയും സമാധാനവും സഹകരണവും മുന്നോട്ടുകൊണ്ടുപോകുന്നതിനായി ഒമാനുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

