അല്‍ മുഖ്ശിന്‍ ഹോസ്പിറ്റൽ നാടിന് സമർപ്പിച്ചു
text_fieldsഅല്‍ മുഖ്ശിന്‍ ഹോസ്പിറ്റൽ ആരോഗ്യമന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി സന്ദർശിച്ചപ്പോൾ
മസ്കത്ത്: രാജ്യത്തെ ആരോഗ്യമേഖലക്ക് കരുത്ത് പകർന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ മുഖ്ശിനില് നിര്‍മാണം പൂര്‍ത്തിയാക്കിയ ആശുപത്രി ആരോഗ്യ മന്ത്രാലയം നാടിന് സമര്‍പ്പിച്ചു.
അല്‍ മുഖ്ശിന്‍, അല്‍ മര്സൂദിദ്, ബന്ദര്‍ അല്‍ ദബ്യാന് തുടങ്ങിയ പ്രദേശങ്ങളിലെ സ്വദേശികളും പ്രവാസികളുമായ 1,200ല്‍ പരം പ്രദേശവാസികള്‍ക്ക് ഉപകാരപ്പെടുന്നതാണ് ആശുപത്രി. പ്രൈമറി വിഭാഗവും വിദഗ്ധ ആരോഗ്യ വിഭാഗവും മുഖ്ശിന്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
1,883.93 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ രണ്ട് ദശലക്ഷം റിയാൽ ചെലവിലാണ് ആശുപത്രി നിര്‍മാണം പൂര്‍ത്തീകരിച്ചത്. 25 ബെഡുകളുള്ള ആശുപത്രിയില്‍ മൂന്ന് വാര്‍ഡുകളും ഒമ്പത് ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളുമാണുള്ളത്.
ഡെലിവറി സ്യൂട്ട്, റേഡിയോളജി വിഭാഗം, ലബോറട്ടറി, ഫാര്‍മസി, സ്പെഷലൈസ്ഡ് മെഡിക്കല്‍ ക്ലിനിക് തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും മുഖ്ശിന്‍ ആശുപത്രിയില്‍ നിര്‍മിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ആരോഗ്യ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ആശുപത്രികൾ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രത്യേക ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾ നൽകുക, ആരോഗ്യ സേവനങ്ങളുടെ വികേന്ദ്രീകരണം പ്രോത്സാഹിപ്പിക്കുക, ആരോഗ്യ സുരക്ഷ കൈവരിക്കുക എന്നീ ഒമാൻ വിഷൻ 2040ലെ ആരോഗ്യ മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് ആശുപത്രി സൗകര്യം ഒരുക്കിയിരിക്കുന്നത്.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ തുർക്കി അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു ഉദ്ഘാടനം.
ചടങ്ങിൽ ആരോഗ്യ മന്ത്രി ഡോ. ഹിലാൽ അലി അൽ സബ്തി, ആരോഗ്യമന്ത്രാലയത്തിലെ നിരവധി അണ്ടർ സെക്രട്ടറിമാർ, ഗവർണർമാർ, സ്റ്റേറ്റ് കൗൺസിൽ, ശൂറ കൗൺസിൽ അംഗങ്ങൾ, സിവിൽ, മിലിട്ടറി സർക്കാർ ഏജൻസികളുടെ തലവന്മാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

