ഒമാന്റെ വിദേശ നയം: സംഭാഷണത്തിലും പരസ്പര ബഹുമാനത്തിലും അധിഷ്ഠിതം -സയ്യിദ് ബദർ
text_fieldsഐക്യരാഷ്ട്രസഭയുടെ 79-ാമത് സമ്മേളനത്തോടനുബന്ധിച്ച്
നടന്ന ഫ്യൂച്ചർ ഉച്ചകോടിയിൽ ഒമാൻ വിദേശകാര്യ മന്ത്രി
സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സംസാരിക്കുന്നു
മസ്കത്ത്: ഐക്യരാഷ്ട്രസഭയുടെ 79ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഫ്യൂച്ചർ ഉച്ചകോടിയിൽ ഒമാൻ പങ്കെടുത്തു. ഒമാൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് നയിച്ചത്. ഫ്യൂച്ചർ ഉച്ചകോടി ആവശ്യപ്പെടുന്ന പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗമായി ബഹുമുഖ പ്രവർത്തനത്തിനും അന്താരാഷ്ട്ര സഹകരണത്തിനും ഒമാന്റെ ശക്തമായ പ്രതിബദ്ധത ഉദ്ഘാടന പ്രസംഗത്തിൽ സയ്യിദ് ബദർ ആവർത്തിച്ചു.
സംഭാഷണം, യാഥാർഥ്യം, പരസ്പര ബഹുമാനം എന്നിവയാണ് ഒമാൻ വിദേശ നയത്തിൽ സ്വീകരിച്ചിരിക്കുന്ന അടിസ്ഥാന തത്ത്വങ്ങളെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ന് ലോകം അഭിമുഖീകരിക്കുന്ന സങ്കീർണവും പരസ്പരബന്ധിതവുമായ ആഗോള പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിന് ആവശ്യമായ അടിത്തറയായാണ് ഈ മൂല്യങ്ങളെ കാണുന്നത്.
ഇത് പ്രോത്സാഹിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭയെപ്പോലുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന പ്ലാറ്റ്ഫോമുകൾ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ, ഗസ്സയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം സ്ഥിതിഗതികൾ എത്രത്തോളം ദുർബലമായിരിക്കുന്നു എന്നതിന്റെ വ്യക്തമായ ഓർമപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമം വർധിക്കുന്നതും സാധാരണക്കാരുടെ ദുരിതങ്ങളും സമാധാന ശ്രമങ്ങളുടെ തകർച്ചയും ബഹുമുഖത്വത്തിന്റെയും നിയമവാഴ്ചയുടെയും തത്ത്വങ്ങളെ വെല്ലുവിളിക്കുന്നു. ഇന്നത്തെ ബഹുധ്രുവലോകത്തിന് അനുയോജ്യമായ, കൂടുതൽ തുറന്ന മനസ്സുള്ളതും പ്രായോഗികവുമായ ഒരു മാനസികാവസ്ഥ നാം വികസിപ്പിക്കണം.
നമ്മൾ ശത്രുക്കളായി മുദ്രകുത്തിയവരോട് സംസാരിക്കാനും കേൾക്കാനും തയാറല്ലെങ്കിൽ മിഡിലീസ്റ്റിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല. സയണിസ്റ്റ് പദ്ധതിയുടെ തുടക്കം മുതൽ, മേഖലയിലെ എല്ലാ ജനങ്ങളും സുരക്ഷിതരല്ല. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനങ്ങൾ അഭൂതപൂർവമായ തോതിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും അന്തസ്സും അവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന ന്യായവും ശാശ്വതവുമായ പ്രമേയം നടപ്പാക്കേണ്ടത് കൂട്ടുത്തരവാദിത്ത്വമാണ്. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിൽ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

