ഒമാനിലെ ആദ്യ മുത്തുച്ചിപ്പി ഫാം മസിറയിൽ തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ ആദ്യത്തെ മുത്തുച്ചിപ്പി കൃഷി പദ്ധതിക്ക് തെക്കൻ ശർഖിയ ഗവർണറേറ്റലെ മസീറ ദ്വീപിൽ തുടക്കമായി. രാജ്യത്തെ അക്വാകൾചർ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണിത്. അഞ്ച് ദശലക്ഷം റിയാൽ ചെലവിൽ ബ്ലൂ വാട്ടർ കമ്പനിയാണ് പദ്ധതി നടപ്പാക്കിയത്. ഭക്ഷ്യവിഭവങ്ങൾ വൈവിധ്യവത്കരിക്കുക, സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.
രണ്ട് ഹെക്ടർ വിസ്തൃതിയുള്ള ഈ ഫാമിൽ ആറ് നിരകളിലായി 3600 കൊട്ടകൾ ക്രമീകരിച്ചിരിക്കുന്നു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത മുത്തുച്ചിപ്പികൾ തുടക്കത്തിൽ രണ്ട് മാസത്തേക്ക് ചെറിയ കൊട്ടകളിൽ വെക്കുകയും പിന്നീട് വലിയ ഫ്ലോട്ടിങ് കൊട്ടകളിലേക്ക് മാറ്റുകയും ചെയ്യും. ന്യൂസിലൻഡിൽനിന്നുള്ള നൂതന ഫ്ലിപ്പ്ഫാം സിസ്റ്റം ഫാമിൽ ഉപയോഗിക്കും. ഇത് കൊട്ടകൾ സ്വമേധയാ കുലുക്കുന്നതിനും തിരിക്കുന്നതിനുമുള്ള ആവശ്യകത ഇല്ലാതാക്കുന്ന ഒരു സെമി-ഓട്ടോമേറ്റഡ് സാങ്കേതികവിദ്യയാണ്.
സുസ്ഥിര ഭക്ഷ്യ ഉൽപാദനത്തിൽ സുൽത്താനേറ്റിന്റെ ശ്രദ്ധയെ ഈ പദ്ധതി പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിലെ അക്വാകൾചർ വികസന വകുപ്പ് ഡയറക്ടർ ഡോ. ഇസ്സ ബിൻ മുഹമ്മദ് അൽ ഫാർസി പറഞ്ഞു. മത്സ്യത്തിന്റെയും സമുദ്രോൽപന്നങ്ങളുടെയും ഉയർന്ന ഉപഭോഗമുള്ള രാജ്യമാണ് ഒമാൻ. വളരുന്ന സാമ്പത്തിക, സാമൂഹിക വികസനവും ടൂറിസം ഉൾപ്പെടെയുള്ള പ്രധാന പദ്ധതികളുടെ ഉയർച്ചയും മൂലം സമുദ്രോൽപന്നങ്ങളുടെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുന്നു.
മത്സ്യ ഉൽപാദനത്തെ പിന്തുണക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സുസ്ഥിര പരിഹാരം അക്വാകൾചർ നൽകുന്നു.ഒമാന്റെ മത്സ്യബന്ധനമേഖലയുടെ കേന്ദ്ര സ്തംഭമായി മത്സ്യകൃഷി വികസിപ്പിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. പ്രീമിയം, പരിസ്ഥിതിസൗഹൃദ സമുദ്രവിഭവങ്ങൾക്കായുള്ള പ്രാദേശിക ആവശ്യം നിറവേറ്റുകയും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമായ ഒരു വ്യവസായം കെട്ടിപ്പടുക്കുകയുമാണ് ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

