ഒമാനിലെ ആദ്യത്തെ ചെമ്പ് പുനരുപയോഗ പ്ലാന്റ് സുഹാറിൽ തുറന്നു
text_fieldsഒമാനിലെ ആദ്യത്തെ ചെമ്പ് പുനരുപയോഗ പ്ലാന്റ് സുഹാറിൽ തുറന്നപ്പോൾ
മസ്കത്ത്: ചെമ്പ് ഖനന മാലിന്യങ്ങൾ ശുദ്ധവും സുസ്ഥിരവുമായ ചെമ്പാക്കി മാറ്റുന്ന ആദ്യത്തെ ഫാക്ടറി സുഹാറിൽ തുറന്നു. പാരിസ്ഥിതിക വെല്ലുവിളികളെ സാമ്പത്തിക അവസരങ്ങളാക്കി മാറ്റുന്നതിലൂടെ ഒമാന്റെ വ്യാവസായിക തന്ത്രത്തിലെ ഒരു നിർണായക മാറ്റത്തെ അടയാളപ്പെടുത്തുന്നതാണി പദ്ധതി.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ഉന്നത സർക്കാർ ഉദ്യോഗസ്ഥരും സ്വകാര്യ മേഖലയിലെ എക്സിക്യൂട്ടിവുകളും പങ്കെടുത്തു. ഗ്രീൻ ടെക്നോളജി മൈനിങ് ആൻഡ് സർവിസസ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
പുനരുപയോഗ ഊർജ്ജവും നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ച് ചെമ്പ് ഖനന മാലിന്യങ്ങൾ പുനരുപയോഗം ചെയ്യുന്ന ഒമാനേയും മേഖലയിലേയും ആദ്യത്തെ സംരഭമാണിത്. 41 ദശലക്ഷം റിയാലിലധികം നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുന്നത്.
വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേരിട്ടുള്ള പിന്തുണയോടെ ബി.പി.ജി ഗ്രൂപ്പും ഒമാൻ മൈനിങ് കമ്പനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഫലമാണ് ഇത് യാഥാർഥ്യമായത്. 60 ടൺ ഗ്രീൻ കോപ്പർ കാഥോഡിന്റെ പ്രാരംഭ വാർഷിക ശേഷിയോടെ ഈ ജൂണിൽ ഇതിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.
അടുത്തവർഷം ഡിസംബറോടെ, ശേഷി പ്രതിവർഷം 12,000 ടണ്ണായി ഉയരുമെന്നാണ് കണക്ക് കൂട്ടുന്നത്. പദ്ധതി ഏറ്റവും ഉയർന്ന സാങ്കേതിക, പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മന്ത്രാലയം പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് വ്യവസായ ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് ബിൻ സലിം അൽ ഖസ്സാബി പറഞ്ഞു. 2018 മുതൽ ആരംഭിച്ച ദീർഘകാല സഹകരണത്തെയാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും പുനരുപയോഗ ഊർജ്ജത്തിനും സുസ്ഥിര ഖനനത്തിനുമുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത ഇത് പ്രകടമാക്കുന്നുവെന്നും ബി.പി.ജി ഗ്രൂപ്പിന്റെ സി.ഇ.ഒ ഏണസ്റ്റ് ഗ്രീസ്മാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.