ഒമാനിലെ ആദ്യ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം ദോഫാറിൽ
text_fieldsഒട്ടക ചീസ് ഉൽപാദന കേന്ദ്രം തുടങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവെച്ചപ്പോൾ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ റഖ്യൂത്തിൽ ഒമാൻ തങ്ങളുടെ ആദ്യത്തെ ഒട്ടക ചീസ് ഉൽപാദന കേന്ദ്രം തുറക്കാൻ ഒരുങ്ങുന്നു. ഒട്ടകപ്പാൽ മേഖല വികസിപ്പിക്കുന്നതിനും ഗ്രാമീണ ഉപജീവനമാർഗ്ഗത്തെ പിന്തുണക്കുന്നതിനുമുള്ള വിശാലമായ സംരംഭത്തിന്റെ ഭാഗമായാണിത്. അൽ ജിസർ ഫൗണ്ടേഷന്റെ ധനസഹായത്തോടെ ഭക്ഷ്യ-കാർഷിക സംഘടനയുമായി (എഫ്.എ. ഒ) കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഒരു കരാറിൽ ഒപ്പുവെച്ചു.
അടുത്ത വർഷത്തിന്റെ ആദ്യ പാദത്തിൽ പ്ലാന്റ് പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ഇത് പ്രതിദിനം 500 ലിറ്റർ മുതൽ രണ്ട് ടൺ വരെ ഒട്ടകപ്പാൽ സംസ്കരിക്കും. ആദ്യ വർഷാവസാനത്തോടെ ഉത്പാദനം അഞ്ച് ടണ്ണായും പിന്നീടുള്ള ഘട്ടങ്ങളിൽ 15 ടണ്ണിൽ കൂടുതലായും ഉയരുമെന്നാണ് കരുതുന്നത്. വിവിധ രുചികളിലുള്ള ഫ്രഷ്, സെമി-ഹാർഡ് ചീസുകൾ ഉൽപ്പാദിപ്പിക്കും, ഭാവിയിൽ ഹാർഡ് ചീസ്, കണ്ടൻസ്ഡ് മിൽക്ക്, മിൽക്ക് മിഠായി, ഐസ്ക്രീം എന്നിവ ഉത്പാദിപ്പിക്കാനുള്ള പദ്ധതികളും ഉണ്ടാകും. ഒരു കിലോഗ്രാം ഒട്ടക ചീസ് ഉത്പാദിപ്പിക്കാൻ എട്ട് മുതൽ പന്ത്രണ്ട് ലിറ്റർ വരെ പാൽ ആവശ്യമാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
റഖ്യൂത്തലെ ഒമാനി വനിതാ അസോസിയേഷനിൽനിന്നുള്ള 20 ഗ്രാമീണ സ്ത്രീകളെ ഈ പദ്ധതിയിൽ നേരിട്ട് ഉൾപ്പെടുത്തും. ഈ പദ്ധതി ഒമാനിലെ ഭക്ഷ്യമേഖലയിലെ മനുഷ്യ മൂലധനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഒരു തന്ത്രപരമായ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് എഫ്.എ.ഒയുടെ ആക്ടിങ് പ്രതിനിധി ഡോ. തേർ യാസീൻ പറഞ്ഞു. ദോഫാറിലെ ഒരു പ്രാദേശിക കമ്പനിയാണ് ഈ സൗകര്യം നിർമ്മിക്കുന്നതെന്നും ഗുണനിലവാരത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

