ഒമാനിലെ ആദ്യ ത്രീഡി പ്രിന്റഡ് മസ്ജിദ് സലാലയിൽ
text_fieldsത്രീഡി പ്രിന്റഡ് മസ്ജിദിന്റെ രൂപേരേഖ
മസ്കത്ത്: ഒമാനിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മസ്ജിദ് സലാലയിൽ ഒരുങ്ങുന്നു. നൂതന ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് അൽ ഖൈർ മസ്ജിദ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള കരാറിൽ അധികൃതർ ഒപ്പുവെച്ചു. നഗര വികസന പദ്ധതിയുടെ ഭാഗമായി സലാലയിലെ അൽ ദഹാരിസ് പ്രദേശത്തിന്റെ തീരത്ത് പള്ളി ഉയരും.
ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർക്കി അൽ സഈദ് പങ്കെടുത്ത ചടങ്ങിൽ ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്‌സെൻ അൽ ഗസ്സാനിയും പദ്ധതിയുടെ ധനകാര്യ വിദഗ്ദ്ധനായ എൻജിനീയർ യാസർ ബിൻ സഈദ് അൽ ബരാമിയും ചേർന്ന് കരാർ ഒപ്പിട്ടു. ആദി ആർക്കിടെക്റ്റുകളുമായി സഹകരിച്ച് ത്രീഡി പ്രിന്റിങ് നിർമ്മാണത്തിലെ വിദഗ്ധരായ ഇന്നോടെക് ഒമാൻ ആണ് പദ്ധതി നടപ്പാക്കുന്നത്.
ദോഫാർ മുനിസിപ്പാലിറ്റി ചെയർമാൻ ഡോ. അഹമ്മദ് ബിൻ മുഹ്‌സെൻ അൽ ഗസ്സാനിയും പദ്ധതിയുടെ ധനകാര്യ വിദഗ്ദ്ധനായ എൻജിനീയർ യാസർ ബിൻ സഈദ് അൽ ബരാമിയും ചേർന്ന് കരാർ ഒപ്പിടുന്നു
ഇസ്‍ലാമിക സ്വത്വത്തിൽ വേരൂന്നിയതും ഏറ്റവും പുതിയ ആഗോള സുസ്ഥിരതാ പ്രവണതകളുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക നഗരവികസനത്തെക്കുറിച്ചുള്ള ദോഫറിന്റെ ദർശനമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നതെന്ന് ഡോ. അൽ ഗസ്സാനി പറഞ്ഞു. ത്രീഡി പ്രിന്റിംഗ് നിർമാണം മെറ്റീരിയൽ മാലിന്യം കുറക്കുയും, പ്രോജക്റ്റ് ഡെലിവറി ത്വരിതപ്പെടുത്തുകയും, പ്രകൃതിദത്ത വെളിച്ചം, പുനരുപയോഗിക്കാവുന്ന ഊർജ്ജം, കാലാവസ്ഥക്ക് അനുയോജ്യമായ പ്രാദേശിക വസ്തുക്കൾ എന്നിവയുൾപ്പെടെ പരിസ്ഥിതി സൗഹൃദ പരിഹാരങ്ങൾ സംയോജിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തണലുള്ള നടപ്പാതകൾ, നിരപ്പായ ഹരിത ഇടങ്ങൾ, ചലനം, കാറ്റ്, സൂര്യപ്രകാശം എന്നിവയിൽ നിന്നുള്ള ഊർജ്ജോത്പാദനം പോലുള്ള നൂതന സവിശേഷതകൾ എന്നിവ ഉൾപ്പെടുമെന്ന് പ്രോജക്ട് ഫിനാൻസിയർ എൻജിനീയർ അൽ ബറാമി വിശദീകരിച്ചു.
ഓവൽ ആകൃതിയിലുള്ള പ്രാർഥനാ ഹാൾ ഒരു മധ്യഭാഗത്തുള്ള സ്കൈലൈറ്റ് കൊണ്ട് പ്രകാശിപ്പിക്കും. അതേസമയം മിനാരത്തിന് ചന്ദ്രക്കലയാൽ കിരീടമണിഞ്ഞ ഒമാനി സെയിൽ, പരമ്പരാഗത ധൂപവർഗ്ഗം എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇസ്‍ലാമിക പ്രതീകാത്മകതയെ സമകാലിക രൂപകൽപനയുമായി സംയോജിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

