Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിൽ ജി.സി.സി...

ദോഫാറിൽ ജി.സി.സി ചരിത്ര-പുരാവസ്തു ശാസ്ത്ര ഫോറം 24 മുതൽ

text_fields
bookmark_border
ദോഫാറിൽ ജി.സി.സി ചരിത്ര-പുരാവസ്തു ശാസ്ത്ര ഫോറം 24 മുതൽ
cancel

മസ്കത്ത്: ജി.സി.സി രാജ്യങ്ങളിലെ ഹിസ്റ്ററി ആൻഡ് ആർക്കിയോളജി സൊസൈറ്റിയുടെ 25-ാമത് സയന്റിഫിക് ഫോറത്തിന് ഒമാനിലെ ദോഫാർ ആതിഥേയത്വം വഹിക്കും. ആഗസ്റ്റ് 24 മുതൽ 26 വരെയാണ് ത്രിദിന ഫോറം നടക്കുകയെന്ന് പൈതൃക-ടൂറിസം മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര സെഷനുകളിൽ 30 ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ ചരിത്ര കാലഘട്ടങ്ങളിലെ ഗൾഫ് രാജ്യങ്ങളുടെ ചരിത്രം, പുരാവസ്തുശാസ്ത്രം, പൈതൃകം, സംസ്കാരം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങളാണ് ഇതിൽ ഉൾക്കൊള്ളുന്നത്. പുരാവസ്തു സർവേകൾ, ഫീൽഡ് സ്റ്റഡികൾ, പ്രധാന ചരിത്ര സംഭവങ്ങൾ, മേഖലയുടെ സാംസ്കാരിക, ബൗദ്ധിക, സാമ്പത്തിക, സാമൂഹിക വികസന അളവുകൾ എന്നിവ ഈ ഗവേഷണങ്ങളിൽ അവലോകനം ചെയ്യും.

ഫോറത്തോടനുബന്ധിച്ച് ഒമാനിൽ നിന്ന് കണ്ടെത്തിയ അപൂർവ പുരാവസ്തുക്കളുടെയും ശിൽപങ്ങളുടെയും വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. പൈതൃക-ടൂറിസം മന്ത്രാലയം, ജി.സി.സി ഹിസ്റ്ററി ആൻഡ് ആർക്കിയോളജി സൊസൈറ്റി, ഒമാനി ഹിസ്റ്റോറിക്കൽ സൊസൈറ്റി എന്നിവയുടെ ശാസ്ത്രീയ പ്രസിദ്ധീകരണങ്ങളും ഇതിൽ അണിനിരത്തും. കൂടാതെ, ഒമാന്റെ ചരിത്രവഴികൾ വിവരിക്കുന്ന ടൈംലൈൻ ക്രോണിക്കിൾ, കലാപ്രദർശനം, സുൽത്താനേറ്റിന്റെ പൈതൃകവും ആകർഷണങ്ങളും വ്യക്തമാക്കുന്ന ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ എന്നിവയും ഫോറത്തിന്റെ ഭാഗമാകും.

ജി.സി.സി സൊസൈറ്റിയുടെ ശാസ്ത്ര ഫോറങ്ങളുടെ സിൽവർ ജൂബിലി ആഘോഷം കൂടിയാണ് ഇത്തവണ ദോഫാറിൽ അരങ്ങേറുന്നത്. പ്രമുഖ ചരിത്ര-സാംസ്കാരിക കേന്ദ്രമെന്ന നിലയിലും പ്രാദേശിക ജനവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ മുഖ്യ ഇടമെന്ന നിലയിലുമുള്ള ദോഫാറിന്റെ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്നതിനായാണ് ദോഫാറിൽ ഇത്തവണ ഫോറം സംഘടിപ്പിക്കുന്നത്. ചരിത്രം, പുരാവസ്തുശാസ്ത്രം, പൈതൃകം എന്നിവയിൽ സംയുക്ത ഗൾഫ് സഹകരണവും സാംസ്കാരിക അടുപ്പവും ശക്തമാക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സമ്മേളനത്തിന്റെ മൂന്നാം ദിവസം പ്രതിനിധികൾക്കായി ദോഫാറിലെ പ്രമുഖ പുരാവസ്തു, ചരിത്ര, വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനത്തോടെ പരിപാടികൾ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCdhofaroman heritageDhofar news
News Summary - Oman's Dhofar to Host 25th Scientific Forum of GCC History and Archaeology Society
Next Story