പാരമ്പര്യ വള്ളംകളി മത്സരം ഒമാന്റെ ‘ബലാറബി’ന് കിരീടം
text_fieldsബഹ്റൈനിൽ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിൽ നിന്ന്
മസ്കത്ത്: ബഹ്റൈനിലെ പരമ്പരാഗത വള്ളംകളി മത്സരത്തിൽ തരംഗം സൃഷ്ടിച്ച് ഒമാനി വള്ളങ്ങൾ. ബഹ്റൈനിൽ നടന്ന പരമ്പരാഗത വള്ളംകളി മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയാണ് ഒമാനി ടീം മികവ് പുലർത്തിയത്.
പൈതൃക പരമ്പരാഗത കായികസമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന 3000 മീറ്റർ മത്സരത്തിൽ ക്യാപ്റ്റൻ ഹുസൈദ് അൽ ബഹ്രി നയിച്ച ഒമാനി വള്ളമായ 'ബലാറബ്' ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹമൂദ് അൽ ബഹ്രിയുടെ നേതൃത്വത്തിലുള്ള 'അഹദ് ഒമാൻ' മൂന്നാം സ്ഥാനവും നേടി. അബ്ദുല്ല അൽ ഹാദി ക്യാപ്റ്റനായ ബഹ്റൈൻ വള്ളം 'ഇസാർ 1' രണ്ടാം സ്ഥാനത്തെത്തി. മുമ്പ് നടന്ന ശൈഖ് ഖാലിദ് ബിൻ ഹമദ് കപ്പ് റൗണ്ടിൽ ബഹ്റൈൻ ടീം 'സുമും' ഒന്നാം സ്ഥാനം നേടിയിരുന്നു.
അതിൽ ഒമാനി ടീം 'ദഹബ്' രണ്ടാമതും 'ഇസാർ 1' മൂന്നാമതും എത്തി. ഹിദ്ദിലെ ഖലീഫ ബിൻ സൽമാൻ പാർക്കിൽ നിന്ന് യാത്രതിരിച്ച വള്ളങ്ങൾ മനാമയിലെ ബഹ്റൈൻ നാഷനൽ മ്യൂസിയത്തിന് എതിർവശത്തുള്ള കടൽത്തീരത്താണ് മത്സരം പൂർത്തിയാക്കിയത്.
ബഹ്റൈന്റെ ആഴത്തിൽ വേരൂന്നിയ സമുദ്ര പൈതൃകം ആഘോഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായ നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ എട്ടാം പതിപ്പിലെ മൂന്നാമത്തെ മത്സരമായിരുന്നു ഇത്.
ഏറ്റവും വലിയ പതിപ്പായി കണക്കാക്കപ്പെടുന്ന ഈ വർഷത്തെ സീസൺ ജൂലൈ 27നാണ് ആരംഭിച്ചത്. വിവിധ പ്രായവിഭാഗങ്ങളിലായി 300ൽ അധികം മത്സരാർഥികൾ പങ്കെടുത്തത് റെക്കോഡാണ്.
ഈ വിജയം മേഖലയിലെ പരമ്പരാഗത കായിക വിനോദങ്ങളുടെ വർധിച്ചുവരുന്ന ജനപ്രീതി കൂടി തെളിയിക്കുന്നതാണ്.
നേരത്തേ ഓപൺ നീന്തൽ, വെള്ളത്തിനടിയിലെ ശ്വാസം അടക്കിപ്പിടിക്കൽ, അൽ നഹാം കടൽപാട്ട്, മുത്തുവാരൽ തുടങ്ങിയ മത്സരങ്ങളും സീസണിന്റെ ഭാഗമായി നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

