പെരുമകളില്ലാതെ ഒരു പെരുന്നാൾകൂടി
text_fields
മസ്കത്ത്: ഇന്ന് ബലിപെരുന്നാൾ. പെരുമകളും ആരവങ്ങളുമില്ലാതെ ഒരു പെരുന്നാൾ കൂടി. ആഘോഷങ്ങളില്ലാതെ കടന്നുപോയ ഇൗ ആണ്ടിലെ ചെറിയ പെരുന്നാളിന് പിറകെ ബലിപെരുന്നാളും പെരുന്നാൾ പൊലിമ ഇല്ലാതെ കടന്നുപോവുന്നു. കോവിഡ് കോരിയെടുക്കുന്ന ആഘോഷപ്പട്ടികയിൽ ഇൗ ബലിപെരുന്നാളും േരഖപ്പെടുത്തിയതോടെ ഒാർമച്ചെപ്പിൽ നിറമില്ലാത്ത മറ്റൊരു പെരുന്നാൾ കൂടി ചേർത്തുവെക്കാം. ആഘോഷങ്ങളില്ലാതെ ചെറിയ പെരുന്നാൾ കടന്നുപോയപ്പോൾ ബലിപെരുന്നാളിെനങ്കിലും ആഘോഷെപ്പരുമഴ പെയ്യിക്കാമെന്ന് കരുതിയവർക്ക് തെറ്റി. കോവിഡ് എന്ന ആഗോള ദുരന്തം വരാനിരിക്കുന്ന എല്ലാ ആഘോഷങ്ങളെയും പിടിച്ചുകെട്ടുമെന്ന വേവലാതിയാണ് എല്ലാവർക്കും.
ബലിെപരുന്നാളിനോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഇൗദ് വിവിധ രാഷ്ട്ര നേതാക്കൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. വിവിധ ജി.സി.സി രാഷ്ട്ര തലവന്മാർക്കാണ് സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നത്. അതോടൊപ്പം ഒമാനിലെ ഉയർന്ന സുരക്ഷ വിഭാഗം തലവന്മാരും മന്ത്രിമാരും മറ്റു മുതിർന്ന നേതാക്കളും സുൽത്താന് പെരുന്നാൾ ആശംസകൾ നേർന്നു.
പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങരുതെന്നും കൂട്ടമായുള്ള പ്രാർഥനകൾ ഒഴിവാക്കണമെന്നും ഒൗഖാഫ് മതകാര്യ മന്ത്രാലയം വിശ്വാസികളോട് ആവശ്യപ്പെട്ടു. ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും രോഗം പടരുന്നത് തടയാൻ മറ്റുള്ളവരിൽ നിന്ന് ദൂരം പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ബലിപെരുന്നാൾ ആഘോഷിക്കണമെന്ന് ആഗ്രഹിക്കുന്നവർ വീട്ടിൽതന്നെ ആഘോഷിക്കണമെന്നും വീടിന് പുറത്ത് ആഘോഷിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കൂട്ടമായി പ്രാർഥന നടത്തുന്നുണ്ടെങ്കിൽ വീട്ടിലുള്ളവർക്ക് മാത്രമാണ് അതിൽ പെങ്കടുക്കാൻ അനുവാദമുള്ളത്. വീട്ടിന് പുറത്തുള്ളവർക്ക് വീട്ടിൽ പ്രവേശനം അനുവദിക്കരുത്. സ്വദേശികൾക്കിടയിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ എല്ലാ കുടുംബ ഒത്തുചേരലുകളും ഒഴിവാക്കണം. കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചില വ്യക്തികൾ നിയന്ത്രണങ്ങൾ ലംഘിച്ച് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിക്കാൻ യാത്രകൾ നടത്തിയിരുന്നു. ഇത് കാരണമായാണ് രോഗം ഇത്രയേറെ വ്യാപിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. വീട്ടിന് പുറത്ത് നടത്തുന്ന ഒരു പ്രാർഥനയും േപ്രാത്സാഹിപ്പിക്കരുതെന്നും അധികൃതർ പറഞ്ഞു. പെരുന്നാൾ അവധി ദിനങ്ങളിൽ പകൽ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് സുപ്രീം കമ്മിറ്റി ചെയർമാൻ കൂടിയായ ആഭ്യന്തര മന്ത്രിയും ആവശ്യപ്പെട്ടിരുന്നു.
ഇൗദ്ഗാഹും പള്ളികളിലെ കൂടിച്ചേരലുമില്ലാത്ത ബലിപെരുന്നാൾ നമസ്കാരം വീടിെൻറ ചുമരുകൾക്കുള്ളിൽ ഒതുങ്ങും. ആഘോഷങ്ങൾ വീടുകളിൽ ഒതുങ്ങുന്നതിനാൽ ജനങ്ങൾ പുറത്തിറങ്ങില്ല. വൈകീട്ട് ഏഴു മണി മുതൽ കർഫ്യൂവും ഉണ്ട്. നിരവധി സംഘടനകളും കൂട്ടായ്മകളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആഘോഷത്തിന് പദ്ധതിയിടുന്നുണ്ട്. സൂം, ഫേസ്ബുക്ക് ലൈവ് തുടങ്ങിയവയാണ് ഇത്തരം ആഘോഷങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നത്.