ഒമാനി വനിത ദിനാഘോഷം ഇന്ന്; രാജ്യ പുരോഗതിയിൽ കരുത്തു പകരാൻ വനിതകൾ
text_fieldsമസ്കത്ത്: രാജ്യപുരോഗതിയിൽ ഒമാനി വനിതകളുടെ സംഭാവനകൾ ഓർമിച്ച് ഇന്ന് ഒമാനി വനിതദിനം ആഘോഷിക്കുന്നു. ‘അവളാണ് ഒമാൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ദിനാചരണത്തിൽ ഒമാനി വനിതകളുടെ ദേശീയ വികസന പങ്ക് പ്രതിഫലിപ്പിക്കുന്ന പരിപാടികൾ പലയിടങ്ങളിലായി സംഘടിപ്പിക്കും.
രാജ്യത്തിന്റെ എല്ലാ മേഖലകളിലും വനിതകൾ കൈവരിച്ച നേട്ടങ്ങളെ അംഗീകരിക്കുകയും ലിംഗസമത്വത്തിനും വനിത മുന്നേറ്റത്തിനും രാജ്യതലത്തിലുള്ള പിന്തുണയെ കൂടുതൽ ശക്തമാക്കുകയും ചെയ്യുകയാണ് ഒമാനി വനിതദിനാചരണം ലക്ഷ്യമിടുന്നത്.
ഒമാൻ രാജ്യത്തിന്റെ പുരോഗതിയിലും കുടുംബവികസനത്തിലും നിർണായക പങ്കുവഹിച്ച എല്ലാ ഒമാനി വനിതകൾക്കും ഒമാൻ മന്ത്രിസഭ ഹൃദയംഗമമായ ആശംസകൾ നേർന്നു. എല്ലാ വർഷവും ഒക്ടോബർ 17നാണ് ഒമാനി വനിതദിനം ആചരിക്കുന്നത്.
വനിതകൾ പുരുഷന്മാരോടൊപ്പം എല്ലാ മേഖലകളിലും ദേശീയ വികസനത്തിന്റെ ഭാഗമായി പ്രവർത്തിച്ചതായും അവരുടെ നേട്ടങ്ങൾ തൊഴിൽ, ഉൽപാദന, സേവന മേഖലകളിലുടനീളം പ്രകടമാണെന്നും രാജ്യത്തിന്റെ വളർച്ചയിലും പുരോഗതിയിലും നിർണായക സ്ഥാനം കണ്ടെത്തിയതായും മന്ത്രിസഭ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. സാമൂഹ്യമാധ്യമങ്ങൾ വഴി കുടുംബവികസനത്തിലും മൂല്യത്തിലധിഷ്ഠിതമായ വളർച്ചയിലും വനിതകൾക്ക് പ്രധാന പങ്കുണ്ട്. അമ്മമാരുടെ ഉത്തരവാദിത്വം ഈ അതിവേഗ സാങ്കേതിക കാലത്ത് കൂടുതൽ ശക്തമായിത്തീരുകയാണ്.
ഈ അഭിമാനദിനത്തിൽ എല്ലാ ഒമാനി വനിതകൾക്കും പ്രത്യേകിച്ച് അമ്മമാർക്കും, രാജ്യം നേരിടുന്ന പുരോഗതിയിലും സമൃദ്ധിയിലും അവരുടെ വിലമതിക്കാനാവാത്ത സംഭാവനകൾ തുടരാൻ വിജയാശംസകളും നന്ദിയും അർപ്പിക്കുകയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു. ‘അവളാണ് ഒമാൻ’ എന്ന പ്രമേയം ഒമാനിലെ വനിതകൾ രാജ്യത്തിന്റെ ഇന്നിനെയും നാളെയെയും പണിയുന്ന അവിഭാജ്യ പങ്കാളികളാണെന്ന് വ്യക്തമാക്കുന്നതായി സാമൂഹിക വികസന മന്ത്രി ഡോ. ലൈല അഹ്മദ് അൽ നജ്ജാർ ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ അകമഴിഞ്ഞ പിന്തുണയും അവരുടെ സ്വന്തം കഴിവുകളും ചേർന്നാണ് വനിതകൾ ദേശീയ പുരോഗതിയുടെ അടിത്തറയായി മാറിയത്. ഒമാനിലെ നിയമഘടനയും ഭരണഘടനാപരമായ ഉറപ്പുകളും വനിതകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിലും വികസിപ്പിക്കുന്നതിലും നിർണായക പങ്കുവഹിക്കുന്നതായി അവർ പറഞ്ഞു. മാതൃത്വ അവധി വർധിപ്പിച്ചത്, സാമൂഹിക സംരക്ഷണ പദ്ധതികളുടെ വിപുലീകരണം, വനിതകൾക്ക് സ്വതന്ത്രമായി പാസ്പോർട്ട് ലഭ്യമാക്കുന്ന ലളിതമായ നടപടിക്രമങ്ങൾ എന്നിവ വനിതകേന്ദ്രീകൃതമായി ഒമാൻ സർക്കാർ നടപ്പാക്കിയവയാണ്. ‘തസ്മു’ പരിപാടിയിലൂടെ സർക്കാർ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി മേഖലകളിൽനിന്നുള്ള 50 വനിത നേതാക്കൾക്ക് പരിശീലനം നൽകി.
വ്യവസായശേഷി വികസനത്തിനായി ‘തംകീൻ’ പദ്ധതിയിലൂടെ 202 വനിത സംരംഭകരെ പരിശീലനം, ധനസഹായം, ബിസിനസ് വികസന അവസരങ്ങൾ എന്നിവയിലൂടെ പിന്തുണ നൽകിയതും ‘വികി ഒമാനി വിമൺ’ പദ്ധതിയുടെ ഭാഗമായി 100 പ്രമുഖ ഒമാനി വനിതകളുടെ ജീവചരിത്രങ്ങൾ ആഗോള വേദികളിൽ രേഖപ്പെടുത്തിയതും വനിത മുന്നേറ്റത്തിന്റെ ഭാഗമായാണ്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പ്രവർത്തിക്കുന്ന 68 വനിത സംഘടനകളിൽ ഏകദേശം 13,570 അംഗങ്ങൾ വിവിധ കൗശല വികസനവും സാമൂഹിക പരിപാടികളും വഴി സജീവമായി പങ്കാളികളാണ്.
ഈ സംഘടനകൾക്ക് സാമൂഹ്യ വികസന മന്ത്രാലയം സാങ്കേതികവും ഭരണപരവുമായ പിന്തുണ നൽകുകയും പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നു. യു.എൻ സമിതികളിലും അന്തർദേശീയ സംഘടനകളിലും പ്രധാന സ്ഥാനങ്ങൾ അലങ്കരിക്കുന്നതിനൊപ്പം യുനെസ്കോ, അറബ് വിമൺ ഓർഗനൈസേഷൻ എന്നിവിടങ്ങളിലും നേതൃസ്ഥാനങ്ങളിൽ ഒമാനി വനിതകൾ പ്രവർത്തിക്കുന്നുണ്ട്. വനിതകളുടെ കുടുംബ, തൊഴിൽ, സാമൂഹിക മേഖലകളിലുടനീളമുള്ള നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതോടൊപ്പം ഭാവി തലമുറകളെ പ്രചോദിപ്പിക്കുന്ന വേദി കൂടിയാണ് ഒമാനി വനിതദിനാഘോഷം.
നാഷണൽ മ്യൂസിയത്തിൽ ഇന്ന് വനിതകൾക്ക് സൗജന്യ പ്രവേശനം
മസ്കത്ത്: ഒമാനി വനിത ദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 17ന് നാഷനൽ മ്യൂസിയത്തിൽ എല്ലാ സ്ത്രീകൾക്കും സൗജന്യപ്രവേശനം അനുവദിക്കമെന്ന് അധികൃതർ. സ്വദേശികൾക്കും വിദേശികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഒമാനി സ്ത്രീകളുടെ നേട്ടങ്ങളെയും സുൽത്താനേറ്റിന്റെ പുരോഗതിയിൽ അവർ വഹിച്ച നിർണായക പങ്കിനെയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ വർഷവും ഒക്ടോബർ 17ന് ആചരിക്കുന്ന ഒമാനി വനിതദിനം, സാംസ്കാരിക, സാമൂഹിക, പ്രഫഷനൽ മേഖലകളിൽ ദേശീയ വികസനത്തിന് സ്ത്രീകൾ നൽകിയ ശാശ്വത സംഭാവനകളെ എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

