ഒമാനി തിയറ്റർ ഫെസ്റ്റിവലിന് വർണാഭ തുടക്കം
text_fieldsഎട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവലിന് മദീനത്ത് അൽ ഇർഫാനിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ തിയറ്ററിൽ തുടക്കമായപ്പോൾ
മസ്കത്ത്: എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവലിന് മദീനത്ത് അൽ ഇർഫാനിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ തിയറ്ററിൽ തുടക്കമായി. ഫെസ്റ്റിവൽ പൈതൃക-ടൂറിസം മന്ത്രി സലിം ബിൻ മുഹമ്മദ് അൽ മഹ്റൂഖി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ ഒന്നു വരെ നീളുന്നതാണ് ഫെസ്റ്റിവൽ. എട്ട് ഒമാനി നാടക ട്രൂപ്പുകളാണ് 11 വ്യത്യസ്ത വിഭാഗങ്ങളിലായി മത്സരിക്കുന്നത്.
ഒമാനി തിയറ്ററിനെയും കലാകാരന്മാരെയും പിന്തുണക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാനി തിയറ്റർ അസോസിയേഷന്റെ സഹകരണത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മനസ്സുകളെ സ്വതന്ത്രമാക്കുന്നതിനും ആവിഷ്കാരം ഉത്തേജിപ്പിക്കുന്നതിനും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നാടകത്തിന് വളരെ അധികം പ്രധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാംസ്കാരിക, കായിക യുവജന സാംസ്കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറിയും ഫെസ്റ്റിവൽ പ്രസിഡന്റുമായ സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു.
അഹമ്മദ് അൽ സദ്ജലി രചനയും സംവിധാനവും നിർവഹിച്ച ലുബാൻ തിയറ്റർ ഗ്രൂപ്പിന്റെ 'അൽ ജദറിന്റെ’ അവതരണത്തോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. അബ്ദുല്ല അൽ ബത്താഷി രചിച്ച് ജാസിം അൽ ബത്താഷി സംവിധാനം ചെയ്ത മസ്കത്ത് തിയേറ്റർ ഗ്രൂപ്പിന്റെ 'അൽ സുമുർ' ചൊവ്വാഴ്ച അരങ്ങിലെത്തും. ബുധനാഴ്ച സുൽത്താനേറ്റ് ഓഫ് ഒമാൻ തിയറ്റർ ഗ്രൂപ്പിന്റെ 'അഷാബ് അൽ സബ്ത്’യും പ്രക്ഷേകരുടെ മുന്നിലെത്തും. ഒമാനിൽനിന്നള്ള അബ്ദുൽ ഗഫൂർ അൽ ബലൂഷി, ഡോ. ആമിന അൽ റബീ, ഹുസൈൻ അൽ മുസ്ലിം (കുവൈത്ത്), ഡോ. അബ്ദുൽ റേസ അൽ ദുലൈമി(ഇറാഖ്), ഡോ. ഹബീബ് ഗുലൂം (യു.എ.ഇ) എന്നിവരടങ്ങുന്നതാണ് വിധിനിർണയ സമിതി.
ഒമാനി നാടക പ്രസ്ഥാനത്തെ സമ്പന്നമാക്കുന്നതിന് സംഭാവന നൽകിയ നിരവധി വ്യക്തികളെ ഉദ്ഘാടന ചടങ്ങിൽ ആദരിച്ചു. ഡോ. അബ്ദുൽ കരീം ജവാദ്, സംവിധായകനും എഴുത്തുകാരനുമായ അഹമ്മദ് അൽ അസ്കി, സംവിധായകൻ അഹമ്മദ് അൽ ബലൂഷി, ഡോ. സഈദ് അൽ സിയാബി, തിയറ്റർ ഡയറക്ടർ ഖാലിദ് അൽ ഷൻഫാരി എന്നിവരെയാണ് ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

