രൂപക്കെതിരെ ഒമാനി റിയാലിന്റെ വിനിമയം 235 തൊട്ടു
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ റെക്കോഡ് തകർച്ചയിൽ രൂപക്കെതിരായ വിനിമയ നിരക്കിൽ വൻ കുതിപ്പ് രേഖപ്പെടുത്തി ഒമാനി റിയാൽ. രൂപക്കെതിരെ ഒരു ഒമാനി റിയാലിന് ഏതാനും ദിവസങ്ങളായി 233 രൂപക്ക് മുകളിൽ ലഭിക്കുന്നുണ്ട്.
വ്യാഴാഴ്ച ഇത് 234 ലും വെള്ളിയാഴ്ച 235 വരെയും എത്തി. വെള്ളിയാഴ്ച രാവിലെ ഒരു ഒമാനി റിയാലിന് 235 രൂപ വരെ കൊടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ ഫോറക്സ് വിപണിയിൽ ഒരു അമേരിക്കൻ ഡോളറിനു 90.50 എന്ന നിരക്കിൽ വ്യാപാരം തുടങ്ങിയത് 90.55 വരെ പോയി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലിനെ തുടർന്ന് 90.41ൽ വ്യാപാരം അവസാനിക്കുകയായിരുന്നു.
ഇതോടെ ഇപ്പോൾ 234.50 മുതൽ 234.75 ഇന്ത്യൻ രൂപ എന്ന നിരക്കിലാണ് ഒരു ഒമാനി റിയാലിന്റെ വിനിമയ നിരക്ക്. അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.
സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ കറൻസികളിലും ഉയർച്ചയുണ്ടായി. ഇന്ത്യ-യു.എസ് വ്യാപാര കരാർ യാഥാർഥ്യമാവാത്തതാണ് രൂപക്ക് സമ്മർദം സൃഷ്ടിക്കുന്നത്.
വ്യാപാര കരാർ യാഥാർഥ്യമാകാത്തതിനാൽ വൻതോതിൽ ഓഹരി വിപണിയിൽ നിന്ന് ഉൾപ്പെടെ വിദേശമുലധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇത് കടുത്ത സമ്മർദമാണ് രൂപക്ക് സൃഷ്ടിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ ഒപ്പിടുന്ന മുറക്ക് രൂപയുടെ ഈ ചാഞ്ചട്ടത്തിന് സ്ഥിരത വരുമെന്ന് സാമ്പത്തിക വിദഗ്ധനായ അഡ്വ ആർ. മധുസൂദനൻ അഭിപ്രായപെട്ടു.
ഈ വർഷം രൂപ 4.7 ശതമാനം വില ഇടിവ് രേഖപ്പെടുത്തിയതായും അതുകൊണ്ട് തന്നെ ഇനി വലിയൊരു ഇടിവിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപറയപ്പെട്ടു.
രൂപയുടെ മൂല്യം ഇടിയുന്നത് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ഗുണകരമാണ്. നാട്ടിലേക്ക് അയക്കുന്ന പണത്തിന് കൂടുതൽ മൂല്യം കിട്ടും.
പക്ഷേ, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി വിദേശ നാണയത്തിൽ ലോൺ എടുത്ത പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഇതൊരു ബാധ്യതയായി മാറും. വായ്പ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ കൂടുതൽ തുക തിരിച്ചടക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

