വിനിമയ നിരക്ക് സർവകാല റെക്കോഡിൽ; റിയാലിന് 223. 70 രൂപ
text_fieldsമസ്കത്ത്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും ഉയർന്ന് സർവകാല റെക്കോഡിലെത്തി. 223. 70രൂപയാണ് ഒമാനിലെ വിവിധ ധനകാര്യ സ്ഥാപനങ്ങൾ കഴിഞ്ഞ ദിവസം നൽകിയത്. അന്താരാഷ്ട്ര വിനിമയ നിരക്ക് പേർട്ടലായ ‘എക്സ് ഇ എക്സ്ചേഞ്ച്’ ഒരു ഒമാനി റിയാലിന് 225 രൂപക്ക് മുകളിൽ കാണിക്കുന്നുണ്ട്. ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടായത്. ഒരു റിയാലിന് 222.60 രൂപയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. ഇതിനിടെ ഇന്ത്യൻ രൂപ തകർന്നടിഞ്ഞതോടെയാണ് വിനിമയ നിരക്ക് സർവകാല റെക്കോഡിലേക്ക് കുതിച്ചുയുർന്നത്. എന്നാൽ, ഇതിന്റെ ആനുകൂല്യം മുതലെടുക്കാൻ സാധാരണക്കാരായ മിക്ക പ്രവാസികൾക്കും കഴിഞ്ഞിട്ടില്ല. ശമ്പളം കിട്ടിയതിനെത്തുടർന്ന് പലരും മാസത്തിന്റെ തുടക്കത്തിൽതന്നെ നാട്ടിലേക്ക് പണമയച്ചിരുന്നു. പണം സ്വരൂപിച്ചുവെച്ച ചിലരാകട്ടെ നല്ല നിരക്കിനായി കാത്തിരിക്കുകയുമാണ്. അതുകൊണ്ടുതന്നെ പണമിടപാട് സ്ഥാപനങ്ങളിലൊന്നും പതിവിൽ കവിഞ്ഞ തിരക്കൊന്നും ഇന്നലെ അനുഭവപ്പെടുകയുണ്ടായില്ല. വരും ദിവസങ്ങളിലും ഇന്ത്യൻ രൂപ തിരിച്ചടി നേരിടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലുള്ളവർ പറയുന്നത്. ഇങ്ങനെ ആണെങ്കിൽ വിനിമയ നിരക്ക് അടുത്തദിവസങ്ങളിൽതന്നെ ഒരു റിയാലിന് 225 രൂപയിലെത്തിയേക്കും.
ട്രഷറി വരുമാനം ഉയരുന്നതും ക്രൂഡോയിൽ വിലയിലെ കുതിച്ചുചാട്ടവും ഇന്ത്യൻ കറൻസിയെ തളർത്തുന്നുണ്ട്. തുടർച്ചയായി 16 ആഴ്ചകളായി രൂപയുടെ മൂല്യം ഇടിഞ്ഞുതന്നെയാണ്. ഇത് ചരിത്രത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 86.68 ലേക്കാണ് ഇടിഞ്ഞത്. 2025 ജനുവരിയിൽ ഡോളർ സൂചിക 109.95 ൽ എത്തുകയും ചെയ്തു. ഇത് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയാണ്. ഫെഡറൽ റിസർവിൽനിന്ന് പലിശനിരക്കുകൾ വലിയ തോതിൽ കുറക്കില്ലെന്ന സൂചനകൾ ലഭിച്ചതും വിപണിയിൽ യു.എസ് ഡോളറിന്റെ ആവശ്യം വർധിപ്പിച്ചിട്ടുണ്ട്. ആഗോള നിക്ഷേപകർ യു.എസിനെ സുരക്ഷിത നിക്ഷേപമായി കണക്കാക്കുന്നതാണ് ഡോളർ ശക്തമാവാൻ മാറ്റൊരു കാരണം. ക്രൂഡ് ഓയിൽ വില, യു.എസ് പലിശ നയം, വിദേശ നിക്ഷേപകരുടെ നിലപാട് തുടങ്ങിയ ആഗോള ഘടകങ്ങൾ അനുസരിച്ചായിരിക്കും രൂപയുടെ മൂല്യത്തിന്റെ ഭാവി. അതേസമയം, രൂപയുടെ മൂല്യം ഉയര്‍ത്താനുള്ള ശ്രമം റിസര്‍വ് ബാങ്ക് തുടരുന്നുണ്ട്. എങ്കിലും രൂപ പൊടുന്നനെ മുന്നേറാനുള്ള സാധ്യതയില്ല എന്നാണ് വിലയിരുത്തല്‍. ആദ്യമായിട്ടാണ് രൂപ ഇത്രയും താഴേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

