മഹ്മൂദ് അൽ ജാബ്രിക്ക് അറബ് ഫോട്ടോഗ്രഫി അവാർഡ്
text_fieldsമസ്കത്ത്: അറബ് ഫോട്ടോഗ്രാഫേഴ്സ് യൂനിയൻ ‘സൂർ മിൻ ബിലാദി അൽ ജമീല’ (എന്റെ മനോഹരമായ നാടിന്റെ ചിത്രങ്ങൾ) എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ ഒമാനി ഫോട്ടോഗ്രാഫർ മഹ്മൂദ് ബിൻ മുഹമ്മദ് അൽ ജാബ്രിക്ക് ഒന്നാം സ്ഥാനം. അറബ് നഗരങ്ങളുടെ ഭംഗിയും ചരിത്ര-പൈതൃക പ്രാധാന്യവും ദൃശ്യവൽകരിച്ച് 36 ഫോട്ടോഗ്രാഫർമാർ മത്സരത്തിൽ പങ്കെടുത്തു.
ഒമാനിലെ ബിദിയ വിലായത്തിലെ മണൽക്കാടുകളുടെ ദൃശ്യം പകർത്തിയ ‘രിമാൽ അൽ ശർഖിയ’ (ശർഖിയ മണൽക്കാടുകൾ) എന്ന ചിത്രത്തിനാണ് മഹ്മൂദിന് ഒന്നാം സ്ഥാനം ലഭിച്ചത്. മരുഭൂമിയുടെ സ്വാഭാവിക സൗന്ദര്യവും ഒട്ടകങ്ങളും അവയുടെ നിഴലുകളും ചേർന്നുള്ള ഒമാന്റെ തനത് പ്രകൃതിഭംഗി മനോഹരമായി ദൃശ്യവൽക്കരിച്ചതാണ് ചിത്രത്തെ അവാർഡിന് അർഹമാക്കിയത്. പ്രകൃതിഭംഗിയും സാംസ്കാരിക തനിമയും ഒരുപോലെ കോർത്തിണക്കിയ ഈ ചിത്രം ഒമാന്റെ പൈതൃകവും വിനോദസഞ്ചാര സാധ്യതകളും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നതാണെന്ന് ജൂറി വിലയിരുത്തി.
വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള 36 ചിത്രങ്ങളാണ് അന്തിമ മത്സരത്തിൽ മാറ്റുരച്ചത്. വിദഗ്ദ്ധ ജൂറി തെരഞ്ഞെടുത്ത മൂന്ന് വിജയികളിൽ സിറിയയിൽ നിന്നുള്ള ഇമാദ് അൽ ദീൻ മഹ്മൂദ് അലാ അൽ ദീൻ രണ്ടാം സ്ഥാനവും യു.എ.ഇയിൽ നിന്നുള്ള ഇബ്രാഹിം അഹമ്മദ് ബാനി റാഷിദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
അറബ് രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യവും ചരിത്രപരമായ പ്രാധാന്യവും സ്വന്തം കാമറക്കണ്ണുകളിലൂടെ ദൃശ്യവൽക്കരിക്കാൻ ഫോട്ടോഗ്രാഫർമാർക്ക് ലഭിച്ച മികച്ചൊരു അവസരമായിരുന്നു ഈ പ്രദർശനമെന്ന് അവാർഡ് നിർണയത്തിന് ശേഷം സംഘാടകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

