ഒമാനി സംഗീതോത്സവം ഡിസംബറിൽ
text_fieldsമസ്കത്ത്: 12ാമത് ഒമാനി സംഗീതോത്സവം ഡിസംബറിൽ അരങ്ങേറും. ഏഴുവർഷത്തെ ഇടവേളക്കുശേഷമാണ് സംഗീതോത്സവം തിരിച്ചെത്തുന്നത്. സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് പരിപാടി ഒരുക്കുന്നത്. രാജ്യത്താകമാനമുള്ള പ്രതിഭാധനരായ ഗായകരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദിയെന്ന നിലയിലാണ് ഫെസ്റ്റിവൽ ഒരുങ്ങുന്നത്. വിവിധ സർക്കാർ വകുപ്പുകളുമായും സ്വകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് സാംസ്കാരിക-കലാ മേഖലക്ക് വലിയ സംഭാവന നൽകുന്ന മേള ഒരുക്കുന്നത്.
1994 ഡിസംബറിലാണ് ആദ്യമായി ഒമാനി സംഗീതോത്സവത്തിന്റെ ആദ്യ എഡിഷൻ അരങ്ങേറിയത്. പ്രശസ്ത ഒമാനി ഗായകൻ അഹ്മദ് അല ഹാർത്തിയാണ് പ്രഥമ മേളയിൽ ഗോൾഡൻ ബുൾബുൾ അവാർഡ് കരസ്ഥമാക്കിയത്. മൂന്നു ദിവസങ്ങളിലായി നടന്ന സംഗീതോത്സവം അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദിന്റെ നിർദേശത്തെ തുടർന്നാണ് ആരംഭിച്ചത്. ഒമാനിലെ സമ്പന്നമായ സംഗീത പാരമ്പര്യം ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഫെസ്റ്റിവലിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഒമാനി ഗാനങ്ങൾ, കവിതകൾ, സംഗീതം എന്നിവ സമന്വയിപ്പിക്കുന്ന പരിപാടിയാണിത്. തത്സമയം വേദിയിലും ടെലിവിഷനിലും കാണാവുന്ന രീതിയിലാണ് മേള ഒരുക്കാറുള്ളത്. ഇതുവഴി ആയിരക്കണക്കിന് പ്രേക്ഷകരിലേക്ക് ഒരേസമയം പരിപാടി എത്തുകയും ചെയ്യുന്നു. മത്സര വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കാറുണ്ട്. ആരോഗ്യകരമായ മത്സരത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒമാനി സംഗീതജ്ഞർ, ഗായകർ, ഭാവി താരങ്ങൾ എന്നിവരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

