ഒമാനി ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ;പുരസ്കാര നിറവിൽ ‘ആയിഷ’
text_fieldsമസ്കത്ത്: നാലാമത് ‘സിനിമാന’ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മലയാള ചിത്രം ആയിഷക്ക് അംഗീകാരം. മത്സരവിഭാഗത്തിൽ ഫെസ്റ്റിവലിൽ മാറ്റുരച്ച ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് എം. ജയചന്ദ്രനാണ് അവാർഡ്. അറബ്-ഇന്ത്യൻ സംഗീതങ്ങളെ അസാധാരണമാംവിധം സംയോജിപ്പിച്ച പശ്ചാത്തല സംഗീതമാണ് ആയിഷയുടേതെന്ന് ജൂറി അഭിപ്രായപ്പെട്ടു. ഇന്തോ-അറബിക് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് അറബ് ഫെസ്റ്റിവലിൽ ലഭിക്കുന്ന അംഗീകാരം എന്ന പ്രത്യേകതകൂടി ഈ അവാർഡിനുണ്ട്.
മുസന്ദത്ത് നടന്ന മേളയുടെ സമാപന ചടങ്ങിൽ ഗവർണർ സയ്യിദ് ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദി അവാർഡ് ദാനം നടത്തി. മഞ്ജുവാര്യരെ കേന്ദ്ര കഥാപാത്രമാക്കി നിലമ്പൂർ ആയിഷയുടെ സൗദി ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് ആമിർ പള്ളിക്കലാണ്. തിരക്കഥ ആഷിഫ് കക്കോടി. സക്കറിയ നിർമിച്ച ചിത്രത്തിന്റെ സഹ നിർമാണം എം.ടി. ശംസുദ്ദീൻ, ഹാരിസ് ദേശം, അനീഷ് പി.ബി, സക്കരിയ്യ വാവാട്, ബിനീഷ് ചന്ദ്രൻ എന്നിവരാണ്. ജനുവരി 20ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ‘സിനിമാന’യുടെ നാലാമത് പതിപ്പ് ഇത്തവണ മസ്കത്ത്, മുസന്ദം ഗവർണറേറ്റുകളിലായിരുന്നു നടന്നിരുന്നത്. ഒമാൻ, സിറിയ, തുനീഷ്യ, സൗദി അറേബ്യ, കുവൈത്ത്, ഇറാഖ്, ഇറാൻ, ബഹ്റൈൻ, സെർബിയ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള 120ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

