തൊഴിൽ വിപണിയിൽ ഒമാനി ഉന്നത ബിരുദധാരികൾ; എംപ്ലോയർ സർവേയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
text_fieldsഎംപ്ലോയർ സർവേക്ക് തുടക്കമായപ്പോൾ
മസ്കത്ത്: തൊഴിൽ വിപണിയിൽ ഉന്നത ബിരുദധാരികളായ ഒമാനികളുടെ സാന്നിധ്യം പഠിക്കുന്നതിനായി എംപ്ലോയർ സർവേയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2018 മുതൽ ബിരുദധാരികളെ ജോലിക്കെടുത്ത വിവിധ സ്ഥാപനങ്ങളിൽ നിന്ന് ജൂൺ 30 വരെ ഡേറ്റ ശേഖരിക്കും. ഉന്നത വിദ്യാഭ്യാസ ഫലങ്ങളുടെ അനുയോജ്യത ദേശീയ തൊഴിൽ വിപണിയുടെ ആവശ്യകതകളുമായി പഠിക്കുന്നതിനാണ് മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വകുപ്പ് നടപ്പാക്കിയ പദ്ധതി ലക്ഷ്യമിടുന്നത്.
സർവേ ജൂൺ അവസാനം വരെ തുടരും. ഒമാൻ വിഷൻ 2040ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിദ്യാഭ്യാസ നയങ്ങൾ രൂപവത്കരിക്കുന്നതിലും അവയെ തൊഴിൽ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതി സഹായിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രി ഡോ. റഹ്മ ബിൻത് ഇബ്രാഹിം അൽ മഹ്റൂഖി പറഞ്ഞു. ദേശീയ സമ്പദ്വ്യവസ്ഥയുടെ മത്സരശേഷി വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
ബിരുദധാരികളുടെ തൊഴിൽ നിലവാരത്തെയും അവരുടെ യോഗ്യതകൾ ജോലികളുമായി എത്രത്തോളം പൊരുത്തപ്പെടുന്നു എന്നതും സർവേയിലുടെ മനസ്സിലാക്കാനാവും, അക്കാദമിക് പ്രോഗ്രാമുകളുടെ വികസനത്തിന് വഴികാട്ടുന്നതിനും തൊഴിൽ വിപണിയിലേക്കുള്ള ബിരുദധാരികളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും സർവേ ഫലങ്ങൾ സഹായിക്കും.
ശാസ്ത്രീയ അടിത്തറകളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി വികസിപ്പിച്ചും, തൊഴിൽ വിപണി സൂചകങ്ങൾ അടിസ്ഥാനമാക്കി ബിരുദധാരികൾക്ക് ആവശ്യമായ ഭാവി കഴിവുകൾ നൽകിക്കൊണ്ടും പൊതു, സ്വകാര്യ മേഖലകൾക്കിടയിൽ സുസ്ഥിരമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
തൊഴിലധിഷ്ഠിത പരിശീലനത്തെയും യോഗ്യതാ പരിപാടികളെയും കുറിച്ചുള്ള ഡാറ്റ വിശകലനം ചെയ്യുന്നതിനൊപ്പം, അക്കാദമിക്, പ്രഫഷനൽ സ്പെഷ്യലൈസേഷനുകൾക്കായുള്ള ബിരുദധാരികളുടെ കഴിവുകളും സ്ഥാപനങ്ങളുടെ ആവശ്യങ്ങളും വിലയിരുത്തുന്നതിന് സി.ഇ.ഒമാരുടെയും മാനവ വിഭവശേഷിയുടെയും റിക്രൂട്ട്മെന്റ് മാനേജർമാരുടെയും അഭിപ്രായങ്ങളെ എംപ്ലോയർ സർവേ ആശ്രയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

