ഒമാനി ജിയളോജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ: എത്തിയത് 8,979 സന്ദർശകർ
text_fieldsറുസ്താഖ് അൽ ഹസം കാസിലിൽ നടന്ന ഒമാനി ജിയളോജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ
മസ്കത്ത്: തെക്കൻ ബാത്തിനയിലെ റുസ്താഖ് അൽ ഹസം കാസിലിൽ നടന്ന ഒമാനി ജിയളോജിക്കൽ ഹെറിറ്റേജ് എക്സിബിഷന്റെ നാലാമത് പതിപ്പിലെത്തിയത് 8,979 സന്ദർശകർ. 2024 ഡിസംബർ 30 മുതൽ ഈ വർഷം ജൂൺവരെയായിരുന്നു പ്രദർശനം.
‘സുസ്ഥിരതയും തൊഴിലവസരങ്ങളും’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. തെക്കൻ ബാത്തിന ഗവർണറുടെ ഓഫിസ്, പെട്രോളിയം ഡെവലപ്മെന്റ് ഒമാൻ, ജിയളോജിക്കൽ സൊസൈറ്റി ഓഫ് ഒമാൻ എന്നിവയുമായി സഹകരിച്ചായിരുന്നു പ്രദർശനം.
സുൽത്താനേറ്റിന്റെ മ്യൂസിയം ഓഫറുകൾ വികസിപ്പിക്കുന്നതിനും ഗവർണറേറ്റുകളിലുടനീളം പൈതൃക, ടൂറിസം കേന്ദ്രങ്ങളുടെ ആകർഷണം വർധിപ്പിക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇത്. 800 ദശലക്ഷം വർഷത്തിലേറെ പഴക്കം കണക്കാക്കുന്ന ഒരു ഫോസിൽ, ദോഫാറിൽനിന്ന് കണ്ടെത്തിയ പ്രാകൃത വംശനാശം സംഭവിച്ച ആനയുടെ ഫോസിലൈസ് ചെയ്ത പല്ലുകളുടെ ത്രീഡി മോഡലുകൾ, സീബിലെ അൽഖൗദിൽനിന്ന് കണ്ടെത്തിയ അസ്ഥിഅവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ള ദിനോസറിന്റെ മാതൃകയുൾപ്പെടെ അപൂർവ ഭൂമിശാസ്ത്രപരമായ കലാസൃഷ്ടികൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. മറ്റ് നിരവധി ഫോസിലുകളും ഭൂമിശാസ്ത്രപരമായ മാതൃകകളും പ്രദർശിപ്പിച്ചിരുന്നു.
ഒമാന്റെ ഭൂമിശാസ്ത്രവൈവിധ്യത്തെക്കുറിച്ചും അതിന്റെ പ്രകൃതിചരിത്രം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യമെന്ന് തെക്കൻ ബാത്തിനയിലെ പൈതൃക, ടൂറിസം ഡയറക്ടർ ഡോ. അൽ മുതസിം ബിൻ നാസർ അൽ ഹിലാലി പറഞ്ഞു.
അക്കാദമിക് വിദഗ്ധരും വിദ്യാർഥികളും പൈതൃകപ്രേമികളും ഉൾപ്പെടെ വിപുലമായ പ്രേക്ഷകരെ പ്രദർശനം ആകർഷിച്ചതായും ഗവർണറേറ്റിലെ ടൂറിസം പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിന് കാരണമായെന്നും ഹിലാലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

