യു.എൻ സെക്രട്ടറി ജനറലുമായി ചർച്ച നടത്തി ഒമാൻ വിദേശ കാര്യ മന്ത്രി
text_fieldsയു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി
മസ്കത്ത്: ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസുമായി ടെലിഫോണിൽ സംസാരിച്ചു. മേഖലയിൽ തുടരുന്ന സംഘർഷത്തിന്റെ രൂക്ഷതയും പ്രത്യാഘാതങ്ങളും സംഘർഷം നിയന്ത്രിക്കാൻ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ശ്രമങ്ങളും സംഭാഷണത്തിൽ ചർച്ചയായി. ആശയവിനിമയം സുഗമമാക്കുന്നതിലും ചർച്ചാ ശ്രമങ്ങൾക്ക് എല്ലാ സാഹചര്യങ്ങളിലും പിന്തുണ നൽകുന്നതിലും ഒമാൻ വഹിക്കുന്ന പങ്കിനെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഒമാൻ സന്നദ്ധമാണെന്ന് വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവർത്തിച്ചു. ഈ രംഗത്ത് യു.എൻ സെക്രട്ടറി ജനറൽ വഹിക്കുന്ന നിർണായക പങ്കിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
അതേസമയം, മേഖലയിൽ തുടരുന്ന സംഘർഷവും അതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങളും സംബന്ധിച്ച് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി അറബ് രാജ്യങ്ങളിലെയും സൗഹൃദ രാജ്യങ്ങളിലെയും സഹമന്ത്രിമാരുമായി നയതന്ത്ര ആശയവിനിമയം തുടരുകയാണ്.
ഇറാനെതിരായ ഇസ്രായേൽ -അമേരിക്കൻ യുദ്ധം അവസാനിപ്പിക്കണമെന്ന ഒമാൻ സുൽത്താനേറ്റിന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. സംവാദത്തിലേക്കും ചർച്ചകളിലേക്കുള്ള മടക്കമാണ് സുരക്ഷയും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനുള്ള ഏക മാർഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലനിൽക്കുന്ന എല്ലാ വിഷയങ്ങളിലും വിവേകപൂർണമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി. അറബ് രാജ്യങ്ങളിലെയും സൗഹൃദ രാജ്യങ്ങളിലെയും നിരവധി മന്ത്രിമാരും സംഘർഷം രൂക്ഷമാകുന്നതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് ഇതേ നിലപാട് അറിയിച്ചു.
യുദ്ധം തുടരുന്നത് മേഖലാ-ആഗോള സമാധാനത്തിനും സുരക്ഷക്കും ഗുരുതര ഭീഷണിയാണെന്നും ഇതിന്റെ മാനവിക, രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണെന്നും അവർ പറഞ്ഞു.സൈനിക നടപടികൾ ഉടൻ നിർത്തണമെന്നും സംഘർഷത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അറബ് രാജ്യങ്ങളിലെ മന്ത്രിമാർ ആവശ്യപ്പെട്ടു. സൈനിക പരിഹാരങ്ങൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പുനൽകിയ അവർ, സംഘർഷത്തിന്റെ മൂലകാരണങ്ങൾ സൃഷ്ടിപരമായ സംവാദവും നയതന്ത്രവും വഴി പരിഹരിക്കേണ്ടതുണ്ടെന്ന് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

