ന്യൂയോർക്കിൽ നയതന്ത്ര ചർച്ചകളുമായി ഒമാൻ വിദേശകാര്യമന്ത്രി
text_fieldsന്യൂയോർക്കിൽ വിവിധ വിദേശകാര്യ മന്ത്രിമാരുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തിയപ്പോൾ
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81-ആമത് സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി വിവിധ ലോകരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും അന്താരാഷ്ട്ര സംഘടനാ പ്രതിനിധികളുമായും സുപ്രധാന കൂടിക്കാഴ്ചകൾ നടത്തി. മേഖലയിലെ സമാധാനശ്രമങ്ങളും ഉഭയകക്ഷി സഹകരണവും ശക്തമാക്കുന്നതിനാണ് ചർച്ചകളിൽ മുൻഗണന നൽകിയത്.
ഈജിപ്ഷ്യൻ വിദേശകാര്യമന്ത്രി ഡോ. ബദർ അബ്ദുൽ അതീയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. ചെങ്കടൽ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ചും ഹുർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ഗൗരവമായ ചർച്ചകൾ നടത്തി.
ജർമ്മൻ വിദേശകാര്യമന്ത്രി ഡോ. ജോഹാൻ വെയ്ഡ്ഫലുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഒമാനും ജർമ്മനിയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലീകരിക്കുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനും ധാരണയായി. യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ വൈസ് ചെയർമാൻ ഡോ. അബ്ദുല്ല അൽ അലിമി ബവാസിറുമായി യു.എൻ ആസ്ഥാനത്ത് വെച്ച് സയ്യിദ് ബദർ ചർച്ച നടത്തി. ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ജോയിന്റ് കമ്മിറ്റിയുടെ പ്രവർത്തനം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.
അന്താരാഷ്ട്ര ചർച്ചകൾക്ക് പുറമെ, ജോർഡൻ, സ്പെയിൻ, ബ്രസീൽ എന്നീ രാജ്യങ്ങൾ സംയുക്തമായി സംഘടിപ്പിച്ച യു.എൻ.ആർ.ഡബ്ല്യു.എ മന്ത്രിതല സമ്മേളനത്തിലും സയ്യിദ് ബദർ പങ്കെടുത്തു. ഫലസ്തീൻ ജനതക്കുള്ള മാനുഷിക സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കേണ്ടതിന്റെ ആവശ്യകത ഒമാൻ യോഗത്തിൽ ഊന്നിപ്പറഞ്ഞു. മേഖലയിൽ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ സംഭാഷണങ്ങളിലൂടെയും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ടുമുള്ള നയതന്ത്ര സമീപനമാണ് ഒമാൻ തുടരുന്നതെന്ന് സമ്മേളനത്തിൽ സയ്യിദ് ബദർ അൽ ബുസൈദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

