ഗസ്സയിൽ ആശ്വാസ കരങ്ങൾ പകർന്ന് ഒമാനി ഡോക്ടർ തിരിച്ചെത്തി
text_fieldsഡോക്ടർ ഐമാൻ അൽ സാൽമി ഗസ്സയിലെ കുട്ടികളോടൊപ്പം
മസ്കത്ത്: ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിൽ പരിക്കേറ്റവർക്ക് ആശ്വാസത്തിന്റെ കരങ്ങൾ പകർന്ന് ഒമാനി ഡോക്ടർ തിരിച്ചെത്തി. മസ്കത്തിലെ ഖൗല ഹോസ്പിറ്റലിലെ ഡോക്ടർ ഐമാൻ അൽ സാൽമിയാണ് 15 ദിവസത്തെ ആതുരസേവനങ്ങൾക്കുശേഷം തിരിച്ചെത്തിയത്. ‘ദൈവത്തിനു നന്ദി, ഞാൻ സുരക്ഷിതമായി വീട്ടിലെത്തി. നിങ്ങളുടെ തുടർച്ചയായ പിന്തുണക്കും പ്രാർഥനക്കും എല്ലാവരോടും നന്ദി അറിയിക്കുകയാണ്’ തന്റെ സമൂഹ മാധ്യമ അക്കൗണ്ടായ എക്സിലൂടെ ഡോക്ടർ കുറിച്ചു.
ഏറെ സാഹസപ്പെട്ടായിരുന്നു ഇദ്ദേഹം റഫ അതിർത്തി വഴി ഗസ്സയിലെത്തിയത്. ഗസ്സയിലെ ദുരിത കാഴ്ചകൾ മനസ്സിനെ അസ്വസ്ഥപ്പെടുത്തിയിരുന്നെങ്കിലും പരിക്കേറ്റ കുട്ടികളടക്കമുള്ളവർക്ക് കൃത്യമായ പരിചരണം നൽകി സേവനരംഗത്ത് തന്നാലാകുന്ന സംഭാവനകൾ നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് അൽ സാൽമി.
പരിക്കേറ്റവരെ, പ്രത്യേകിച്ച് കുട്ടികളെ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, എന്നാൽ മുറിവേറ്റ കുട്ടികളുടെ കാഴ്ചകൾ കരളലിയിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്ഷാമവും വ്യോമാക്രമണം ഉയർത്തുന്ന നിരന്തരമായ ഭീഷണിയും ഉൾപ്പെടെ ഗസ്സയിലെ സാഹചര്യം വിവരണാതീതമാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു.
ആശുപത്രികൾതന്നെ അപകടകരമായ സാഹചര്യത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ദിവസത്തിൽ ഒന്നിലധികം തവണ ബോംബാക്രമണത്തിൽ കുലുങ്ങും. പലപ്പോഴും ആശുപത്രിക്ക് സമീപമായിരിക്കും ബോംബുകളും മറ്റും വീഴുന്നത്. ഗസ്സയിലേക്ക് എത്തിപ്പെടാൻ വളരെ പ്രയാസകരമാണ്.
മെഡിക്കൽ പ്രഫഷനലുകളെ ഏറ്റവും ആവശ്യമുള്ളിടത്ത് വിന്യസിക്കാൻ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളുമായി ഏകോപനം ഇതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സിയിലെ മറ്റ് സഹപ്രവർത്തകരോടൊപ്പമാണ് ഗസ്സയിലെ ദുരിത ഭൂമിയിൽ തന്നാലാകുന്ന സംഭാവനകൾ ഡോക്ടർ അർപ്പിച്ചത്.
അതേസമയം, ഡോ. സാൽമിയുടെ സന്നദ്ധസേവന പ്രവർത്തനത്തിന് ഇതിനകം നിരവധിപേരാണ് അഭിനന്ദനവുമായെത്തിയത്. ഡോ. സാൽമിയുടെ ധീരതയെ പ്രശംസിച്ച ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീലി, ഇത്തരം സേവനങ്ങൾ ഇസ്ലാമിക ലോകത്തുള്ള കൂടുതൽ മെഡിക്കൽ പ്രഫഷനലുകളെ അനുകമ്പയുടെയും സേവനത്തിന്റെയും സമാന സംരംഭങ്ങളിൽ ഏർപ്പെടാൻ പ്രചോദിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

